അല്‍പാല്‍പ്പം വിഷം തന്ന് ഞങ്ങളെ കൊല്ലും!! തുറന്ന് പറഞ്ഞ് സിസ്റ്റര്‍ അനുപമ; മൊഴി നല്‍കിയ ഫാദര്‍ മരിച്ചതിന് പിന്നില്‍ ഫ്രാങ്കോയുടെ ആളുകള്‍

കോട്ടയം: കന്യാസ്ത്രീ പീഡനക്കേസിലെ പ്രധാന സാക്ഷിയായിരുന്ന ഫാദര്‍ കുര്യാക്കോസിന്റെ ദുരൂഹ മരണം ഏവരെയും ആശങ്കയിലാക്കിയിരിക്കുകയാണ്. കേസിലെ പ്രതിയായ ഫ്രാങ്കോക്കെതിരെ മൊഴി നല്‍കിയതിനാല്‍ പല വിധത്തിലുള്ള പ്രതികാര നടപടികള്‍ ഫാദറിന് നേരിടേണ്ടി വന്നു. രൂപതയുടെ കീഴിലെ ഏറ്റവും കാര്യ ശേഷിയുള്ള സീനിയറായ വ്യക്തിയായിരുന്നു ഫാദര്‍ കുര്യാക്കോസ്. അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥിയായിരുന്ന ആളുടെ കീഴിലേക്കാണ് ഫാദറിനെ സ്ഥലം മാറ്റിയത്. എല്ലാ ഉത്തരവാദിത്തങ്ങളില്‍ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു.

പ്രമുഖനായ ഫാദര്‍ കുര്യാക്കോസ് തന്നെ ഇത്തരം ക്രൂരമായ നടപടികള്‍ നേരിടേണ്ടി വന്നു എന്നത് മൊഴി നല്‍കിയ കന്യാസ്ത്രീകളെ ഭയപ്പെടുത്തുന്നുണ്ട്. തങ്ങളെ ഭക്ഷണത്തില്‍ സ്ലോ പോയിസണ്‍ ചേര്‍ത്ത് അവര്‍ ഞങ്ങളെ അല്‍പാല്‍പ്പമായി ഇല്ലാതാക്കുമെന്ന് ഭയക്കുന്നതായി സിസ്റ്റര്‍ അനുപമ. ഫാ. കുര്യാക്കോസ് കാട്ടുത്തറയുടെ മരണം ഞങ്ങള്‍ക്കുള്ള സൂചനയാണോ എന്ന് സംശയമുണ്ട്. അച്ചന്‍ എങ്ങനെ മരിച്ചതാണെങ്കിലും അതിന് പിന്നില്‍ അവര്‍ തന്നെയാണ്. ബിഷപ്പ് ഫ്രാങ്കോയ്ക്ക് ജാമ്യം കിട്ടിയശേഷം അയാളുടെ ആളുകള്‍ പലതവണ അച്ചനെ നേരിട്ട് ചെന്നുകണ്ട് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ഇരയായ കന്യാസ്ത്രിയുടെ സുഹൃത്തായ സിസ്റ്റര്‍ അനുപമപറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുര്യാക്കോസ് അച്ചന്റെ മരണത്തിലേക്ക് നയിച്ചത് എന്ത് കാരണമായാലും അതിന് പിന്നില്‍ അവരാണ്. അച്ചന്റേത് ഒരു സ്വാഭാവിക മരണമാണെങ്കില്‍പോലും അതിന് പിന്നില്‍ ഫ്രാങ്കോയുടെ ആളുകളാണ്. തനിക്കെതിരെ നില്‍ക്കുന്നവരെ ഏതെങ്കിലും വിധത്തില്‍ ഒതുക്കാന്‍ ഫ്രാങ്കോ ശ്രമിക്കും. മൊഴി കൊടുത്തതിനും മാദ്ധ്യമങ്ങളോട് സംസാരിച്ചതിന് ശേഷവും അച്ചന് നിരന്തരം ഭീഷണിയുണ്ടായിരുന്നു. ആ സമയത്ത് അച്ചന്‍ ബോക്പൂര്‍ എന്ന സ്ഥലത്തായിരുന്നു. എന്നാല്‍ ജലന്ധറിലുള്ള എന്റെ ബന്ധുവായ വൈദികനൊപ്പം ഫാ. കുര്യാക്കോസ് പലപ്പോഴും വന്ന് നില്‍ക്കാറുണ്ടായിരുന്നു. അക്കാര്യം ബന്ധുവായ അച്ചന്‍ എന്നോട് മിക്കപ്പോഴും ഫോണ്‍ ചെയ്യുമ്പോള്‍ പറഞ്ഞിട്ടുണ്ട്. ഒറ്റയ്ക്ക് നില്‍ക്കാന്‍ പേടി കാരണമാണ് അദ്ദേഹം അവിടെ വന്ന് നിന്നിരുന്നത്. ബിഷപ്പിന് ജാമ്യം കിട്ടിയശേഷം പലതവണ അയാളുടെ ആളുകള്‍ വന്ന് ഫാ. കുര്യാക്കോസിനെ കണ്ടിട്ടുണ്ട്. ഞങ്ങള്‍ക്കൊപ്പം (കന്യാസ്ത്രീകള്‍) നില്‍ക്കരുതെന്നും ബിഷപ്പിനെതിരായ മൊഴിയില്‍ നിന്ന് പിന്മാറണമെന്നും അവര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാം അച്ചനെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. അച്ചന്റെ മരണ വാര്‍ത്ത ഞങ്ങള്‍ക്കൊരു ഷോക്കാണ്. ഞങ്ങളെ അദ്ദേഹം ഒരുപാട് സഹായിച്ചിരുന്നു. ഫ്രാങ്കോക്കെതിരായ കേസില്‍ അദ്ദേഹം പ്രധാന സാക്ഷിയായിരുന്നെന്ന് ഓര്‍ക്കണം. പരാതിക്കാരിയായ സിസ്റ്റര്‍ക്ക് ഇപ്പോഴും കുര്യാക്കോസ് അച്ചന്റെ മരണ വാര്‍ത്ത ഉള്‍ക്കൊള്ളാനായിട്ടില്ല.

പൊലീസ് സുരക്ഷയടക്കമുള്ളതിനാല്‍ പുറത്ത് നിന്ന് ഞങ്ങള്‍ക്ക് ഭീഷണിയില്ല. എന്നാല്‍ ഭീഷണി അകത്ത് നിന്നാണ്. ഞങ്ങള്‍ ആറ് പേരെ കൂടാതെ ബിഷപ്പിനെ അനുകൂലിക്കുന്ന രണ്ട് പേരുമാണ് കുറവിലങ്ങാട് മഠത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ രണ്ട് പേരെ കൂടി ഇവിടേക്ക് അയച്ചു. ഒക്ടോബര്‍ ആറിന് ജലന്ധറില്‍ പുതിയ ബിഷപ്പ് അധികാരമേറ്റെടുക്കുന്നതിന് മുമ്പായി ധൃതിപിടിച്ച് ഇവരെ വിമാനത്തിലാണ് ഇവിടേക്ക് വിട്ടത്.

മാനസികമായി വളരെയധികം ബുദ്ധിമുട്ടിലാണ് ഞങ്ങള്‍ കഴിയുന്നത്. ഒന്നിനും സ്വാതന്ത്ര്യമില്ല.ഞങ്ങളെ ഒരു ജോലിയും ചെയ്യാന്‍ അനുവദിക്കുന്നില്ല. ഞങ്ങളെ കുറിച്ച് അപവാദം പറഞ്ഞ് പരത്തുന്നുണ്ട്. ഞങ്ങളെ ആരും വിളിക്കാറില്ല. ഞങ്ങള്‍ മദറിനോട് മാത്രമാണ് ആകെ മിണ്ടുന്നത്. അതും ആശുപത്രിയിലോ മറ്റോ പോകാന്‍ പണം ആവശ്യമുണ്ടെങ്കില്‍ ചോദിക്കാന്‍ വേണ്ടി മാത്രം. നാല് മാസത്തോളം ഞങ്ങള്‍ മൂന്ന് പേര്‍ക്ക് പോക്കറ്റ് മണി നല്‍കാറില്ലായിരുന്നു. സെപ്തംബര്‍ മാസം മുതല്‍ അത് കിട്ടുന്നുണ്ട്.

ഭക്ഷണത്തില്‍ എന്തെങ്കിലും ചേര്‍ത്ത് തരുമോ എന്ന് ഭയമുണ്ട്. സ്ലോ പോയിസണ്‍ പോലുള്ളവ ഉപയോഗിച്ച് ഞങ്ങളെ ഇല്ലാതാക്കുമോ എന്നാണ് പേടി. മഠത്തില്‍ ഫ്രാങ്കോയെ അനുകൂലിക്കുന്നവരെ മാറ്റണം. ഇക്കാര്യം ആവശ്യപ്പെട്ട് ഞങ്ങളെ അനുകൂലിക്കുന്നവര്‍ ഇപ്പോഴത്തെ അഡ്മിനിസ്ട്രേറ്റര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. ബന്ധുക്കള്‍ ഞങ്ങള്‍ക്ക് ധൈര്യം നല്‍കുന്നുണ്ടെങ്കിലും അവരും ഭീതിയിലാണ്. എന്തും സംഭവിക്കും. എന്തായാലും നേരിട്ടല്ലേ പറ്റൂ. എല്ലാം കരുണാമയനായ കര്‍ത്താവ് കാണുന്നുണ്ടെന്നതാണ് ആകെയുള്ള ആശ്വാസം.

Top