കൊച്ചി:ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരെ കൂടുതൽ പേർ വെളിപ്പെടുത്തലവുമായി മുന്നോട്ട് വരാൻ സാധ്യതയെന്ന് സിസ്റ്റർ ലൂസി കളപ്പുരക്കൽ. കേസിൽ പുതിയ വെളിപ്പെടുത്തൽ ഉണ്ടായത് ഇതിന്റെ തെളിവാണെന്നും ലൂസി പറഞ്ഞു. ബിഷപ്പിനെതിരായ പരാതിയിൽ കോടതിയിൽ നിന്ന് നീതി വൈകരുതെന്ന് അവർ അഭിപ്രായപ്പെട്ടു. ഫ്രാങ്കോയ്ക്കെതിരെ മൊഴി നൽകിയവർ സമ്മർദ്ദത്തിലാണെന്നും അവർ ആരോപിച്ചു.
അതിനിടെ, ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരെ വീണ്ടും ലൈംഗിക ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് കുറവിലങ്ങാട്ടെ കന്യാസ്ത്രീകളും ആവശ്യപ്പെട്ടിട്ടുണ്ട്. കാനോൻ നിയമപ്രകാരം നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
നിരവധി പരാതികൾ വന്നിട്ടും സഭ ബിഷപ്പ് ഫ്രാങ്കോയെ സസ്‌പെൻഡ് ചെയ്യുകയോ മാറ്റി നിർത്തുകയോ ചെയ്തിട്ടില്ലെന്ന് സിസ്റ്റർ അനുപമ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കൂടുതൽ പേരെ ബിഷപ്പ് ലൈംഗികമായി ചൂഷണം ചെയ്തതിന്റെ തെളിവാണ് വീണ്ടും ഒരു കന്യാസ്ത്രീ ബിഷപ്പിനെതിരെ മൊഴി നൽകിയത്. ബിഷപ്പ് ഫ്രാങ്കോ സ്വാധീനിച്ചതുകൊണ്ടാകാം കന്യാസ്ത്രീ പരാതിയുമായി മുന്നോട്ട് പോകാതിരുന്നതെന്നും അവർ പറഞ്ഞു.
വിഷയത്തിൽ സഭ പരാതിക്കാരിയായ കന്യാസ്ത്രീക്കൊപ്പം നിൽക്കണം. സഭ മൗനം പാലിക്കുന്നത് കന്യാസ്ത്രീയ്ക്ക് നീതി നിഷേധിക്കുന്നതിന് തുല്യമാണ്. ബിഷപ്പിനെതിരെ ആദ്യ പരാതി നൽകി രണ്ട് വർഷം കഴിഞ്ഞിട്ടും ഇതുവരെ സഭ അധികാരികൾ മറുപടി നൽകിയിട്ടില്ല. സഭ അധികാരികൾ ബിഷപ്പിനെ സംരക്ഷിക്കുന്നുവെന്നും കന്യാസ്ത്രീകൾ ആരോപിച്ചു.
ബിഷപ്പിനെതിരെ സി ബി സി ഐക്ക് പരാതി നൽകിയിട്ടും മറുപടി ലഭിച്ചില്ല. വിചാരണ നീട്ടികൊണ്ടു പോകാൻ ആണ് ബിഷപ് വിടുതൽ ഹർജി നൽകിയിരിക്കുന്നത് എന്നും സിസ്റ്റർ അനുപമ ആരോപിച്ചു. സഭ തലത്തിലും ബിഷപ് ഫ്രാങ്കോയ്ക്കെതിരെ അന്വേഷണം വേണമെന്നും സിസ്റ്റർ അനുപമ ആവശ്യപ്പെട്ടു.
അതേസമയം ബിഷപ്പിൻറെ വിടുതൽ ഹർജിയിൽ കോടതിയിൽ രഹസ്യ വാദം തുടങ്ങി. കേസിലെ മൊഴിപ്പകർപ്പ് മാധ്യമങ്ങളിലൂടെ പുറത്തുവന്നത് പ്രതിഭാഗം കോടതിയിൽ ഉന്നയിച്ചു. ഒരു പ്രത്യേക ഭാഗം മാത്രമാണ് പുറത്തുവന്നത് എന്ന പ്രതിഭാഗം പറഞ്ഞു. ഫ്രാങ്കോയ്ക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ ബി രാമൻപിള്ളയാണ് കേസ് വാദിക്കുന്നത്.