തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സെക്രട്ടറി ആയിരുന്ന ശിവശങ്കറിന് കുരുക്ക് മുറുകും.എം. ശിവശങ്കര്‍ താമസിക്കുന്നത് സെക്രട്ടേറിയറ്റിനു തൊട്ടരുകിലെ വിവാദ ഫ്‌ളാറ്റ് സമുച്ചയത്തില്‍. ഈ ഫ്‌ളാറ്റില്‍ ഇന്നു രാവിലെ എന്‍ഐഎ സംഘം പരിശോധന നടത്തി. ഇവിടുത്തെ രണ്ടു ജീവനക്കാരെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടുമുണ്ട്. എന്നാല്‍, ഈ ഫ്‌ളാറ്റ് സമുച്ചയത്തില്‍ ശിവശങ്കര്‍ എങ്ങനെ താമസക്കാരനായി എന്നതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങളും പുറത്തുവരികയാണ്.
പ്രളയാനന്തരകേരളത്തിന്റെ പുനര്‍നിര്‍മാണത്തിനെന്ന പേരില്‍ സര്‍ക്കാര്‍ രൂപീകരിച്ച റീബില്‍ഡ് കേരള ഇന്‍ഷ്യയേറ്റീവിന്റെ ഓഫിസ് കെട്ടിടം പ്രവര്‍ത്തിക്കുന്നത് സീസര്‍ ഹെദര്‍ എന്ന ഫ്‌ളാറ്റിന്റെ ഒന്നാം നിലയിലാണ്. ഈ ഫ്‌ളാറ്റ് സമുച്ചയം സിപിഎം നേതാവ് നാരായണന്‍ നായരുടെ മകളും ലോ അക്കാഡമി ഉടമസ്ഥയുമായി ലക്ഷ്മി നായരുടേതാണ്. ലോ അക്കാഡമിയുടെ പേരില്‍ ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിച്ച് സ്ഥലം കൈയേറി ആയിരുന്നു കെട്ടിടത്തിന്റെ നിര്‍മാണം.റീബില്‍ഡ് കേരളയുടെ കണ്‍സള്‍ന്റായി കെപിഎംജി എന്ന വിവാദ കമ്പനിയെ നിയോഗിച്ചത് ശിവശങ്കറിന്റെ നേതൃത്വത്തിലായിരുന്നു. പിന്നീട് കമ്പനിയെ സംബന്ധിച്ചു വന്‍വിവാദമുയര്‍ന്ന് സാഹചര്യത്തില്‍ അവരെ മാറ്റി. തുടര്‍ന്ന് സെക്രട്ടേറ്റിനു സമീപത്തെ വിവാദ ഫ്‌ളാറ്റ് സമുച്ചയത്തില്‍ ഓഫിസ് എടുക്കാനും അതിന്റെ നവീകരണത്തിന് 88.50 ലക്ഷം രൂപ ചെലവഴിക്കാനും മുഖ്യമന്ത്രിയുടെ ഓഫിസ് ഉത്തരവിട്ടത് എന്ന് ജന്മഭൂമി റിപ്പോർട്ട് ചെയ്യുന്നു .
വിജിലന്‍സ് അന്വേഷണം നേരിടുന്ന ഈ കെട്ടിടത്തില്‍ ഓഫിസ് എടുക്കരുതെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചെങ്കിലും മുഖ്യമന്ത്രിയും ശിവശങ്കറും കൂട്ടാക്കിയില്ല. തുടര്‍ന്ന് ഇതിനുള്ള പ്രത്യുപകാരമായി ആണ് ലക്ഷ്മി നായര്‍ ശിവശങ്കറിന് താമസിക്കാന്‍ വിവാദ കെട്ടിടത്തില്‍ ഫ്‌ളാറ്റ് അനുവദിച്ചതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന സൂചന.
ഈ കെട്ടിടം റീബിള്‍ കേരളയുടെ ഓഫിസ് ആക്കുന്നതിനെതിരേ വന്‍വിവാദമുണ്ടായിരുന്നു. വിഷയത്തില്‍ സര്‍ക്കാരിനെയും സി.പി.എമ്മിനെയും സി.പി.ഐയെയും വിമര്‍ശിച്ച് വിമര്‍ശിച്ച് വി എസ് അച്യുതാനന്ദന്റെ മുന്‍ പെഴ്‌സണല്‍ സ്റ്റാഫ് അംഗം കെ.എം. ഷാജഹാന്‍ രംഗത്തെത്തിയിരുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് വേണ്ടി രൂപീകരിക്കപ്പെട്ട ഒരു ചാരിറ്റബില്‍ സൊസൈറ്റിയായ ലോ അക്കാദമിക്ക് വിദ്യാഭ്യസ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനായി നല്‍കിയ സ്ഥലത്ത് നിയമ വിരുദ്ധമായി നിര്‍മ്മിച്ച പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള ഒരു ഫ്‌ളാറ്റില്‍ സര്‍ക്കാര്‍ ഓഫീസ് സൗകര്യം ഒരുക്കുന്നതായി ഷാജഹാന്‍ ആരോപിച്ചു. പതിനായിരക്കണക്കിന് പ്രളയബാധിതരുടെ ദുരിതാശ്വാസത്തിനായി പിരിച്ചെടുത്ത കോടികള്‍ വക മാറ്റി നല്‍കുന്നുവെന്നും ഷാജഹാന്‍ ആരോപിക്കുന്നു. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് കടുത്ത വിമര്‍ശനമുന്നയിച്ചത്.
ഈ വിവാദ ഫ്ലാറ്റ് സമുച്ചയത്തില്‍ ആരും ഫ്ലാറ്റുകള്‍ വാങ്ങാത്തതിനെ തുടര്‍ന്ന്, നിര്‍മ്മാതാക്കള്‍ക്ക് സമുച്ചയം വന്‍ നഷ്ടമായി തുടരുകയായിരുന്നു. ആ ഫ്ലാറ്റിലെ ഒരു നില മുഴുവന്‍, പ്രളയ ദുരിതപുനരധിവാസത്തിനായി രൂപീകരിക്കപ്പെട്ട ‘ റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ്’ ന്റെ ഓഫീസിനായി 5 വര്‍ഷത്തെ പാട്ടത്തിന് ലക്ഷങ്ങള്‍ വാടകയും നല്‍കി എടുക്കാന്‍, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്ന മെയ് 8 ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നു! മാത്രമല്ല, ഇവിടം മോടിപിടിപ്പിക്കാന്‍ പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് 88.50 ലക്ഷം രൂപ ചിലവഴിക്കാനും ഉത്തരവായിരിക്കുന്നുവെന്നും’ ഷാജഹാന്‍ ഒരു വര്‍ഷം മുന്‍പ് കുറിച്ചിരുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം
ലോ അക്കാദമി നാരായണൻ നായർ – ലക്ഷ്മി നായർ കുടുംബം തിരുവനന്തപുരം നഗരമധ്യത്തിൽ കെട്ടിപ്പൊക്കിയ ബഹുനില വിവാദ ഫ്ലാറ്റ് സമുച്ചയത്തിൽ, പ്രളയ ദുരിതബാധിതരുടെ പുനരധിവാസത്തിനായി പിരിച്ചെടുത്ത ലക്ഷങ്ങൾ ഉപയോഗിച്ച് മോടി പിടിപ്പിക്കുന്നതിനും, നഷ്ടത്തിൽ കലാശിച്ച ഫ്ലാറ്റ് സമുച്ചയത്തിലേക്ക് ലക്ഷങ്ങൾ വാടകയായി നൽകി പ്രളയ പുനരധിവാസ പദ്ധതിയുടെ ഓഫീസ് തുടങ്ങുന്നതിനും എതിരെ ഞാൻ ഇന്നലെ ഇട്ട ഒരു പോസ്റ്ററ്റിന്, അഭൂതപൂർവ്വമായ പ്രതികരണമാണ് ലഭിച്ചത്.
ആ പോസ്റ്റിൽ ഞാൻ ഉന്നയിച്ച വിഷയങ്ങൾ ഒന്നിനും തൃപ്തികരമായ മറുപടി ലഭിക്കാത്ത സാഹചര്യത്തിൽ, ഉന്നയിച്ച ചോദ്യങ്ങൾ ചുരുക്കി ഒന്നു കൂടി ചോദിക്കട്ടെ.
1. പ്രളയ പുനരധിവാസവുമായി ബന്ധപ്പെട്ട ഓഫീസ് തുടങ്ങാൻ സെക്രട്ടറിയേറ്റിൽ തന്നെ ഒന്നിലധികം സ്ഥലങ്ങൾ കണ്ടെത്തിയിട്ടും അവിടെ ഒന്നും ഓഫീസ് തുടങ്ങാതെ, എന്ത് കൊണ്ട് വിവാദ പ്ലാറ്റിൽ ലക്ഷങ്ങൾ വാടക നൽകി ഓഫീസ് ആരംഭിക്കാൻ തീരുമാനിച്ചു? ഇത് നഷ്ടത്തിലായ വിവാദ ഫ്ലാറ്റ് ഉടമകളായ ലോ അക്കാദമി നാരായണൻ നായർ – ലക്ഷ്മി നായർ കുടുംബത്തെ സഹായിക്കാൻ വേണ്ടി സർക്കാർ എടുത്ത നടപടിയല്ലേ?
2. സെക്രട്ടറിയേറ്റിൽ ലഭ്യമായ സ്ഥലത്ത് അത്യാവശ്യം ഫർണിച്ചർ മാത്രം വാങ്ങുകയും, 2 – 3 ലാപ്ടോപ്പ് കമ്പ്യൂട്ടറുകളും ഇന്റർനെറ്റും ഏതാനും സിം കാർഡുകളും വാങ്ങുകയും ചെയ്താൽ ഓഫീസ് ആരംഭിക്കുവാൻ കഴിയുമായിരുന്നു എന്നിരിക്കെ, ലക്ഷങ്ങൾ വാടക നൽകി വിവാദ ഫ്ലാറ്റ് സമുച്ചയത്തിൽ ഓഫീസ് തുടങ്ങുന്നതും,പ്രളയ ദുരിതബാധിതർക്ക് വേണ്ടി സമാഹരിച്ച 88.5 ലക്ഷം രൂപ ഉപയോഗിച്ച് ഓഫീസ് മോടി പിടിപ്പിക്കുന്നതും പ്രളയ ദുരിതബാധിതരോട് ചെയ്യുന്ന കടുത്ത അനീതിയല്ലേ?
3. ലോ അക്കാദമി നാരായണൻ നായരുടെ സഹോദരി പുത്രനും മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവുമായ എൻ കെ ജയകുമാർ ഭരണ സമിതി അംഗമായ ലോ അക്കാദമിയുടെ നിയന്ത്രണത്തിലുള്ള വിവാദ ഫ്ലാറ്റിലേക്ക്, സെക്രട്ടറിയേറ്റിൽ സ്ഥലം ലഭ്യമാണെന്നിരിക്കെ ലക്ഷങ്ങൾ മുടക്കി പ്രളയ പുനരധിവാസവുമായി ബന്ധപ്പെട്ട ഓഫീസ് ആരംഭിക്കുന്നതും, മോടിപിടിപ്പിക്കാനായി ലക്ഷങ്ങൾ മുടക്കുന്നും അഴിമതിയും സ്വജനപക്ഷപാതവുമല്ലേ?
4. ലോ അക്കാദമി നാരായൺ നായർ – ലക്ഷ്മി നായർ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള വിവാദ ഫ്ലാറ്റിൽ പ്രളയ പുനരധിവാസവുമായി ബന്ധപ്പെട്ട ഓഫീസ്, ലക്ഷങ്ങൾ വാടക നൽകി ആരംഭിക്കാനും അവിടെ ലക്ഷങ്ങൾ ചിലവഴിച്ച് മോടിപിടിപ്പിക്കാനും തീരുമാനിച്ച് സർക്കാർ ഉത്തരവിറക്കിയത്, തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിലിരുന്ന മെയ് 8 നാണ്.ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനമല്ലേ?<br><br>ഇത്രയും ചോദ്യങ്ങൾക്ക് തൃപ്തികരമായ മറുപടി നൽകാത്തിടത്തോളം കാലം പിണറായി സർക്കാരിന്റെ മേല്പറഞ്ഞ തീരുമാനത്തെ സംശയത്തോടെ മാത്രമേ ജനങ്ങൾക്ക് കാണാനാവൂ.