ശിവശങ്കറിനെ ചതിയിൽപെടുത്തി ?സരിത്തും സന്ദീപും മദ്യത്തിൽ ലഹരി കലർത്തി വരുതിയിലാക്കി!കൺസൽറ്റൻസി സ്ഥാപനങ്ങളിലേക്കും അന്വേഷണത്തിന് നീക്കം !

കൊച്ചി: സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ സ്വർണക്കടത്തു സംഘം ചതിയിൽപ്പെടുത്തിയാതായി സൂചന . എൻഐഎയുടെ മാരത്തൺ ചോദ്യം ചെയ്യലിനിടയിൽ ശിവശങ്കർ ഇങ്ങനെ പറഞ്ഞു എന്നാണു റിപ്പോർട്ടുകൾ.ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ സ്വപ്ന, സന്ദീപ്, സരിത് എന്നിവരെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.

അതേസമയം എം ശിവശങ്കറിന്‍റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി എന്‍ഐഎ വിട്ടയച്ചു. വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എന്‍ഐഎ നിര്‍ദേശിച്ചിട്ടില്ല. രണ്ട് പകല്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ശിവശങ്കര്‍ തിരുവനന്തപുരത്തേക്ക് മടങ്ങി. രണ്ടാം ദിവസം പത്തര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് എം ശിവശങ്കറിനെ എന്‍ഐഎ വിട്ടയച്ചത്. രാവിലെ പത്ത് മണിക്ക് ഹാജരായ ശിവശങ്കര്‍ എന്‍ഐഎ ആസ്ഥാനത്ത് നിന്നും ഇറങ്ങിയത് രാത്രി 8.30ന്. പിന്നീട് സ്വന്തം കാറില്‍ അദ്ദേഹം തിരുവനന്തപുരത്തേക്ക് മടങ്ങി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശിവശങ്കറിന്റെ മൊഴികളുടെ അടിസ്ഥാനത്തിൽ ചില കൺസൽറ്റൻസി സ്ഥാപനങ്ങളിലേക്കും അന്വേഷണത്തിന്റെ മുന നീങ്ങിയേക്കും. സ്വപ്നയുടെ കുടുംബവുമായി ശിവശങ്കറിനുള്ള ബന്ധം മുതലെടുക്കാൻ കേസിലെ മുഖ്യപ്രതിയായ റമീസ് അടക്കമുള്ളവർ തന്ത്രം മെനഞ്ഞു. സ്വപ്നയുടെ വീട്ടിൽ പ്രതികൾ ഒരുക്കിയ പാർട്ടിക്കിടയിൽ ശിവശങ്കറിനു മദ്യത്തിൽ ലഹരി കലർത്തി നൽകിയതായും സൂചന.

ഇത്തരം പാർട്ടികൾ ശിവശങ്കറുമായി അടുക്കാൻ സരിത്തും സന്ദീപും ഉപയോഗപ്പെടുത്തി. പാർട്ടികൾക്കിടയിൽ ശിവശങ്കറിനെ പുകഴ്ത്തിപ്പറഞ്ഞു വശത്താക്കി. ഇത്തരം പാർട്ടികൾക്കിടയിൽ സംഭവിച്ച പലകാര്യങ്ങളും ശിവശങ്കറിനു കൃത്യമായി ഓർമിക്കാൻ കഴിയുന്നില്ല. അന്വേഷണ സംഘത്തിന്റെ സംശയത്തെ സാധൂകരിക്കുന്ന മൊഴികൾ സ്വപ്നയുടെ അയൽവാസികളും അന്വേഷണ സംഘത്തിനു നൽകിയിട്ടുണ്ട്.

കുടുംബവീട്ടിൽ നിന്നു മാറി ഫ്ലാറ്റിൽ താമസിക്കാൻ ഇടയായ സാഹചര്യം വിശ്വസനീയമായ രീതിയിൽ അന്വേഷണ സംഘത്തോടു വിവരിക്കാൻ ശിവശങ്കറിനു കഴിഞ്ഞിട്ടുണ്ട്. ശിവശങ്കറിന്റെ ജീവിത സാഹചര്യങ്ങളും താൽപര്യങ്ങളും പ്രതികൾ മുതലെടുത്തതായി ചില സഹപ്രവർത്തകരും അടുത്ത സുഹൃത്തുക്കളും മൊഴി നൽകി.

ശിവശങ്കറിനു പ്രതികളുമായുള്ള ബന്ധം സംബന്ധിച്ച് ഇത്തരമൊരു തുറന്നു പറച്ചിൽ അന്വേഷണ സംഘം പ്രതീക്ഷിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ ഒരു തവണ കസ്റ്റഡിയിൽ ചോദ്യംചെയ്യൽ പൂർത്തിയാക്കി റിമാൻഡ് ചെയ്ത സ്വപ്ന, സന്ദീപ്, സരിത്ത് എന്നിവരെ അന്വേഷണ സംഘം വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ്. പ്രതികൾക്കെതിരെ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമപ്രകാരം (യുഎപിഎ) കേസുള്ളതിനാൽ വീണ്ടും ചോദ്യം ചെയ്യാൻ നിയമതടസ്സമില്ല.

ആദ്യദിനം ഒമ്പത് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിന് ശേഷം കൊച്ചിയില്‍ തുടരാനും ചൊവ്വാ‍ഴ്ച വീണ്ടും ഹാജരാകാനും ആവശ്യപ്പെടുകയായിരുന്നു. എന്‍ഐഎയുടെ ദക്ഷിണമേധാവി കെ ബി വന്ദനയുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. രണ്ട് ദിവസങ്ങളിലായി പത്തൊമ്പതര മണിക്കൂറാണ് ചോദ്യം ചെയ്യലിന് വിധേയമായത്.

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് ശിവശങ്കറിലേക്ക് എത്തുന്ന തെളിവുകളൊന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിലും ലഭിച്ചിട്ടില്ലെന്നാണ് വിവരം. പ്രതികളായ സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവരെ അറിയാമെന്നും എന്നാല്‍ സ്വര്‍ണ്ണക്കടത്തില്‍ പങ്കില്ലെന്നുമുളള മൊ‍ഴിയില്‍ അദ്ദേഹം ഉറച്ചുനിന്നു. ഇതോടെ കേസില്‍ എന്‍ഐഎ വകുപ്പുകള്‍ ചുമത്താനുളള മൊ‍ഴികളോ തെളിവുകളോ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടില്ല.

വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാനുളള നിര്‍ദേശങ്ങളോ ഉപാധികളോ നല്‍കാതെയാണ് വിട്ടയച്ചരിക്കുന്നത്. എങ്കിലും സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം ലഭിക്കുന്ന മുറയ്ക്ക് വേണ്ടി വന്നാല്‍ ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്തേക്കും. ശിവശങ്കറിനെ മണിക്കൂറുകള്‍ ചോദ്യം ചെയ്തതില്‍ അസ്വഭാവികതയില്ലെന്നും എന്‍ഐഎ നടപടികളില്‍ നിയമപരമായി തെറ്റില്ലെന്നും അദ്ദേഹത്തിന്‍റെ അഭിഭാഷകനും വ്യക്തമാക്കി.

Top