സ്വപ്നയുടെ ജോലി ഹോട്ടൽ ബുക്കിങ്…സ്വപ്‌നയും സരിത്തും മൂന്നു ദിവസം കൂടി കസ്റ്റംസിന്റെ കസ്റ്റഡിയില്‍; ശിവശങ്കറെ ഒരു ദിവസത്തേക്ക് റിമാന്റ് ചെയ്തു

തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സരിതിനെയും മൂന്ന് ദിവസത്തേക്ക് കൂടി കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടു. ചോദ്യം ചെയ്യലിന് ശേഷം ഇരുവരെയും ഈമാസം മൂന്നിന് ഉച്ചക്ക് 1.30 ന് മുമ്പായി തിരികെ ഹാജരാക്കണമെന്ന നിര്‍ദേശത്തോടെയാണ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി കസ്റ്റഡിയില്‍ വിട്ടത്്. ആവശ്യമെങ്കില്‍ വൈദ്യ സഹായം ഉറപ്പ് വരുത്തണമെന്നും ശാരീരിക മാനസിക പീഡനമേല്‍പിക്കരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം ചീഫ് സെക്രട്ടറിയുടെ ശമ്പളത്തെക്കാൾ കൂടുതൽ ചെലവിൽ പിഡബ്ല്യുസി വഴി സ്വപ്ന സുരേഷിനെ നിയമിച്ചത് എന്തൊക്കെ ആവശ്യങ്ങൾക്കെന്ന ചോദ്യത്തിന് കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് സർക്കാരിനു നൽകിയ മറുപടിയിങ്ങനെയാണ്.സ്വപ്നക്ക് കോവളത്തു ജനുവരിയിൽ നടന്ന സ്പേസ് കോൺക്ലേവിന്റെ സംഘാടനമായിരുന്നു പ്രധാന ചുമതല.ചടങ്ങു നടത്താനുള്ള ഹോട്ടൽ കണ്ടെത്തുക, മുറികളുടെ ബുക്കിങ്, ക്യാബ് സർവീസ് ഏകോപിപ്പിക്കൽ, എയർ ടിക്കറ്റ് ബുക്കിങ്, അതിഥികൾക്കു സമ്മാനപ്പൊതികൾ, ഷാൾ, ബാഡ്ജ് എന്നിവ വാങ്ങുക, അതിഥികളെ ക്ഷണിക്കുക. മറ്റു ദിവസങ്ങളിൽ ദൈനംദിന ജോലികളിൽ സ്പേസ് പാർക്കിന്റെ സ്പെഷൽ ഓഫിസറെ സഹായിച്ചതായും കെഎസ്ഐടിഐഎൽ പറയുന്നു.സ്പേസ് പാർക്കിൽ സ്വപ്ന സുരേഷിനു വേണ്ടി കെഎസ്ഐടിഐഎൽ പി‍ഡബ്ല്യുസിക്ക് നൽകിയിരുന്നത് ജിഎസ്ടി ഉൾപ്പടെ 3.18 ലക്ഷമാണ്.

സ്പേസ് പാർക്കിൽ സ്വപ്നയുടെ സേവനത്തിനും മാർക്കറ്റ് റിപ്പോർട്ട് തയാറാക്കിയതിനും നൽകിയത് 26.29 ലക്ഷം രൂപയും.സർക്കാർ നൽകുന്ന 3.18 ലക്ഷത്തിൽ 48,000 രൂപ ജിഎസ്ടിയാണ്. ബാക്കി 2.7 ലക്ഷത്തിൽ 1.44 ലക്ഷമാണ് ഇടനില ഏജൻസിയായ വിഷൻ ടെക്നോളജിക്കു പിഡബ്ല്യുസി നൽകിയിരുന്നത്. അതിൽ 1.1 ലക്ഷം രൂപ സ്വപ്നയുടെ ശമ്പളമാണ്. ബാക്കി 34,000 രൂപ വിഷൻ ടെക്നോളജിയുടെ കമ്മിഷൻ.സെപ്റ്റംബറിലെ കണക്കനുസരിച്ച് കെ–ഫോൺ പദ്ധതിയിൽ 2 വർഷത്തേക്കു പിഡബ്ല്യുസി നിയമിച്ച 6 കൺസൽറ്റന്റുമാർക്കായി സർക്കാർ ചെലവാക്കിയത് 3.32 കോടി രൂപ. പ്രോജക്ട് മാനേജർക്കു മാത്രം മാസം 3.34 ലക്ഷമാണ് നൽകിയിരുന്നത്. മറ്റു 2 പേർക്ക് 3.02 ലക്ഷവും 3 പേർക്ക് 2.7 ലക്ഷവുമാണ് പ്രതിഫലം.

അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അറസ്റ്റു ചെയ്ത ശിവശങ്കറെ കോടതി ഒരു ദിവസത്തേക്ക് എറണാകുളം സബ് ജയിലിലേക്ക് റിമാന്റ് ചെയ്തു.ശിവശങ്കറെ ഏഴു ദിവസം കൂടി കസ്റ്റഡിയില്‍ വിടണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ടുള്ള കസ്റ്റംസിന്റെ അപേക്ഷ നാളെ പരിഗണിക്കാനായി കോടതി മാറ്റി. സ്വര്‍ണക്കടത്ത് കേസില്‍ നേരത്തെ കസ്റ്റംസ് സ്വപ്‌നയെയും സരിത്തിനെയും അറസ്റ്റു ചെയ്തിരുന്നു. ഇതിനു പിന്നാലെ വിദേശ കറന്‍സി കടത്തിലും ഇരുവരെയും പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.ഇതില്‍ ചോദ്യം ചെയ്യുന്നതിനായി കഴിഞ്ഞ 25 ന് കോടതി അഞ്ചു ദിവസത്തേക്ക് ഇരുവരെയും കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വിട്ടു നല്‍കിയിരുന്നു.

Top