കൊല്ലം:കൊല്ലം ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയി . തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മോചന ദ്രവ്യം ആവശ്യപ്പെട്ട് വീട്ടുകാർക്ക് ഫോൺ കോൾ. കുട്ടിയുടെ അമ്മയുടെ ഫോണിലേക്കാണ് വിളി വന്നത്. കുട്ടി തങ്ങളുടെ പക്കലുണ്ടെന്നും തിരികെ തരണമെങ്കിൽ 10 ലക്ഷം രൂപ നൽകണമെന്നുമാണ് വിളിച്ചവർ ആവശ്യപ്പെട്ടത്. കുട്ടിയുടെ ബന്ധുവാണ് ഫോണെടുത്തത്. ഒരു സ്ത്രീയാണ് സംസാരിച്ചതെന്ന് ഇയാൾ പറഞ്ഞു. ഫോണ്‍ കോളിന്‍റെ ആധികാരികത പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു.
ഇന്ന് വൈകീട്ട് ഓയൂർ കുറ്റാടിമുക്കിൽ വെച്ചാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഓയൂർ സ്വദേശി റെജിയുടെ മകൾ അഭികേൽ സാറയെയാണ് തട്ടിക്കൊണ്ടുപോയത്. സഹോദരനൊപ്പം ട്യൂഷന്‍ പോകുന്നതിനിടെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നു. സഹോദരനെ തട്ടിമാറ്റിയാണ് കുട്ടിയെ കാറിലേക്ക് വലിച്ചിട്ടത്. കുട്ടികളുടെ വീടിന് സമീപത്ത് വെച്ച് തന്നെയായിരുന്നു സംഭവം. ഉടൻ തന്നെ സഹോദരൻ വീട്ടിലേക്ക് ഓടി മാതാപിതാക്കളോട് പറഞ്ഞു.
ഇതോടെ വീട്ടുകാർ പോലീസിനെ ഫോണിൽ വിളിച്ചു വിവരം അറിയിക്കുകയായിരുന്നു.. അതേസമയം പെൺകുട്ടിക്കായി പോലീസ് തിരച്ചിൽ ശക്തമാക്കി. ഡി ഐ ജി ആര്‍ നിശാന്തിനിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളുടെ അതിർത്തികൾ അടച്ച് പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട് . റൂറല്‍ ഏരിയയിലെ വഴികളിലുള്‍പ്പെടെ പരിശോധന ശക്തമാക്കിയിട്ടുണ്ട്.
സൈബർ സെല്ലിനെ അടക്കം ഉൾപ്പെടുത്തിയാണ് പരിശോധന പുരോഗമിക്കുന്നത്. തട്ടിക്കൊണ്ടുപോയ കാറിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ സി സി ടി വി ദൃശ്യങ്ങളിൽ കാറിന്റെ നമ്പർ വ്യക്തമല്ല. കെഎൽ 01 എന്നാണ് കാറിന്റെ നമ്പർ കാണിക്കുന്നത്. ഇത് വ്യാജ നമ്പർപ്ലേറ്റാണെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഏതെങ്കിലും വിവരം കിട്ടുന്നവർ 9946923282, 9495578999 എന്ന നമ്പറിൽ അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.
6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മോചന ദ്രവ്യം ആവശ്യപ്പെട്ട് ഫോൺകോൾ വന്നതായാണ് വിവരം. കുട്ടിയുടെ അമ്മയുടെ ഫോണിലേക്കാണ് ഫോണ്‍ കോള്‍ എത്തിയത്. ഒരു സ്ത്രീയാണ് വിളിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഫോണ്‍ കോളിന്‍റെ ആധികാരികത പൊലീസ് പരിശോധിച്ചിട്ടുണ്ട്. മൂത്ത മകൻ ജോനാഥനൊപ്പം ട്യൂഷന് പോകുമ്പോഴായിരുന്നു സംഭവം. പരാതിയുടെ അടിസ്ഥാനത്തിൽ പൂയപ്പള്ളി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. എല്ലാ പൊലീസ് സ്റ്റേഷനിലും വിവരം നൽകിയെന്ന് റൂറൽ എസ്പി അറിയിച്ചു. സിസിടിവി കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്.
കുട്ടിയ്ക്കായി സംസ്ഥാന വ്യാപകമായി തെരച്ചിൽ ആരംഭിച്ചു കഴിഞ്ഞു.കേരള തമിഴ് നാട് അതിർത്തി പ്രദേശമായ കളിയിക്കാവിളയിലും പരിശോധന ശക്തമാക്കി. കൊല്ലം സിറ്റിയിലും റൂറലിലും എല്ലാ ഇടങ്ങളിലും പരിശോധന നടക്കുകയാണ്. സിറ്റി പൊലീസ് കമ്മീഷണറും റൂറൽ എസ്പിയും ചേർന്നാണ് അന്വേഷണം ഏകോപിപ്പിക്കുന്നത്. ആര്യൻകാവ് ചെക്ക്പോസ്റ്റിലും, കോട്ടയം ജില്ലാ അതിർത്തിയായ ളായിക്കാട് എം സി റോഡിലും, വർക്കല ഇടവ മേഖലകളിലും കൊല്ലം തിരുവനന്തപുരം അതിർത്തിയിലും ഇടുക്കിയിലെ അതിർത്തി ചെക്ക് പോസ്റ്റിലും കുമളി ചെക്ക് പോസ്റ്റിലും പരിശോധന നടക്കുകയാണ്.