ഡല്‍ഹി: അമേഠിയിലെ ബിജെപി വനിതാപ്രവര്‍ത്തകര്‍ക്ക് ഇത്തവണ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ ദീപാവലി സമ്മാനമായി 10,000 സാരികള്‍. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സ്മൃതി ഇറാനിയെ അമേഠിയില്‍ പരാജയപ്പെടുത്തിയിരുന്നു. എങ്കിലും തനിക്ക് വോട്ടു ചെയ്ത വനിതകള്‍ക്കായി അന്നും ദീപാവലിക്ക് സാരികളെത്തിച്ച് സ്മൃതി ഇറാനി നന്ദിയും സന്തോഷവും പ്രകടിപ്പിച്ചിരുന്നു.
ദീപാവലി ആഘോഷത്തിന് പാര്‍ട്ടിയുടെ വനിതാപ്രവര്‍ത്തകര്‍ക്ക് സമ്മാനം നല്‍കി അവരെ സന്തോഷിക്കുന്നതിനൊപ്പം പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരാനും കൂടിയാണിതെന്ന് മന്ത്രിയോടടുത്ത വൃത്തങ്ങള്‍ അറിയിച്ചു. 2014 തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നെങ്കിലും വോട്ടുനില മെച്ചപ്പെടുത്താന്‍ സ്മൃതി ഇറാനിയിലൂടെ ബിജെപിക്ക് കഴിഞ്ഞിരുന്നു. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും പാര്‍ട്ടിയ്ക്ക് തന്നിലുള്ള വിശ്വാസം കൂടുതലുറപ്പിക്കാന്‍ സ്മൃതിയ്ക്ക് സാധിച്ചു.
എന്നാല്‍ സാരി സമ്മാനിക്കുന്നത് സ്മൃതിയെ വിജയത്തിലെത്തിക്കുമെന്നുള്ള കണക്കുകൂട്ടല്‍ വെറുതെയാണെന്ന് കോണ്‍ഗ്രസ് സെക്രട്ടറി ദേവേന്ദ്ര പ്രതാപ് സിങ് പറഞ്ഞു. ബിജെപിയ്ക്ക് അമേഠിയില്‍ വെന്നിക്കൊടി പാറിക്കാമെന്നത് വെറും വ്യാമോഹമാണെന്ന് കോണ്‍ഗ്രസ് നേതൃത്വം ആവര്‍ത്തിക്കുന്നു.