ഒരു നഗ്ന ചിത്രം കാരണം ഭര്‍ത്താവ് ഉപേക്ഷിച്ചു, മക്കളെ കാണാനാകാതെ ഒരമ്മ: സത്യം തെളിയിക്കാന്‍ രണ്ടര വര്‍ഷം

സ്വന്തം ഭാര്യയുടെ നഗ്ന ചിത്രം ഭര്‍ത്താവിന് ലഭിക്കുന്നു. വിവാഹബന്ധം തന്നെ വേര്‍ പിരിയേണ്ടി വരുന്നു. സ്വന്തം മക്കളെപ്പോലും കാണാന്‍ കഴിയാതെ ജീവിക്കേണ്ടി വരുന്നു. എല്ലാം ഒരു മോര്‍ഫിംങ് ഫോട്ടോ കാരണം. തൊടുപുഴ സ്വദേശിനി ശോഭ സജുവിനാണ് ഞെട്ടിക്കുന്ന ദുരനുഭവം ഉണ്ടായത്.

ശോഭയുടെതന്ന് തോന്നിപ്പിക്കുന്ന ഒരു നഗ്ന ഫോട്ടോ ഭര്‍ത്താവും സഹപ്രവര്‍ത്തകരും അടങ്ങുന്ന വാട്‌സാപ്പ് ഗ്രൂപ്പില്‍ എത്തുന്നതോടെയാണ് അവരുടെ ജീവിതത്തിന്റെ ദിശ തന്നെ മാറുന്നത്. വാട്‌സാപ്പ് ഗ്രൂപ്പില്‍ വന്ന ഒരു നഗ്‌നദൃശ്യം തന്റെ ഭാര്യയുടേത് ആണെന്ന് ഭര്‍ത്താവ് വിശ്വസിച്ചു. ഒരു അന്വേഷണത്തിനും കാക്കാതെ വിവാഹമോചന ഹര്‍ജി നല്‍കിയ ഭര്‍ത്താവ് ഒരു ദിവസം രാത്രിയില്‍ രാത്രി ശോഭയെ വീട്ടില്‍ നിന്ന് പുറത്താക്കി.ദമ്പതികളുടെ മൂന്നു കുട്ടികളും ഭര്‍ത്താവിന്റെ ഒപ്പമാണ്. അവരെയൊന്ന് കാണാന്‍ പോലും അന്ന് തൊട്ട് ഇന്നുവരെ കഴിഞ്ഞിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ ശോഭ വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. തന്റെ സത്യം വിളിച്ചു പറയാന്‍ മടിയില്ലാതെ അവര്‍ ചാനല്‍ ക്യാമറകളുടെ മുന്നിലെത്തി. തുടര്‍ന്ന് നിയമ പോരാട്ടം. ഭര്‍ത്താവിന്റെ വിശ്വാസം തെറ്റാണെന്ന് തെളിയിക്കാനായി ശ്രമം. ഒടുവില്‍ ഫോറന്‍സിക് പരിശോധനയിലൂടെ അത് തെറ്റാണെന്ന് വീട്ടമ്മ തെളിയിച്ചു. രണ്ടരവര്‍ഷത്തിലധികമാണ് നിയമപോരാട്ടം നീണ്ടു നിന്നത്.

സ്വന്തം നഗ്‌നദൃശ്യങ്ങള്‍ ശോഭ തന്നെ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് ഭര്‍ത്താവ് ഉപേക്ഷിച്ചു പോവുകയായിരുന്നു. സംഭവത്തിന് ശേഷം മുഖം പോലും മറയ്ക്കാതെയായിരുന്നു ശോഭ മാധ്യമങ്ങളെ അഭിമുഖീകരിച്ചത്. ആ ധൈര്യമാണ് ഇപ്പോള്‍ ഫലം കണ്ടിരിക്കുന്നത്. വാട്‌സാപ്പ് വഴി പ്രചരിച്ച നഗ്‌നദൃശ്യങ്ങള്‍ ശോഭയുടേത് അല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സി-ഡാക് സ്ഥിരീകരിച്ചു. സൈബര്‍ ഫോറന്‍സിക് കേസുകളില്‍ ഏത് അന്വേഷണ ഏജന്‍സിക്കും അന്തിമ വാക്കാണ് സി-ഡാക്കിന്റെത്. ഇതിനു മുമ്പ് സംസ്ഥാന പോലീസിന്റെ ഫോറന്‍സിക് ലാബില്‍ രണ്ടുവട്ടം പരിശോധന നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല.
എന്നാല്‍ പോരാട്ടം ഇവിടെ തീരുന്നില്ലെന്ന് ശോഭ പറയുന്നു. എവിടെ നിന്നോ വന്ന ഒരു നഗ്‌നദൃശ്യം ശോഭയുടേത് എന്ന അടിക്കുറിപ്പോടെ പുറത്തുവിട്ടത് ആരാണ്? ആ ഉറവിടം കണ്ടെത്താതെ തന്റെ ദുരിതം തീരില്ലെന്ന് ശോഭ വിശ്വസിക്കുന്നു. ശോഭയുടെ പോരാട്ടം സമാനമായ സന്ദര്‍ഭങ്ങളില്‍ തളര്‍ന്നു പോകുന്ന സ്ത്രീകള്‍ക്ക് പ്രതീക്ഷയുടെ ഒരു പുത്തന്‍ മാതൃകയാണ്.

Top