തിരുവനന്തപുരം: സോളാര്‍കേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇരുട്ടടിയായി സി ബി ഐ അന്വേഷണത്തിന് നീക്കം. മുന്‍ കേന്ദ്രമന്ത്രി എ കെ ആന്റണിയുള്‍പ്പെടെയുള്ളവര്‍ക്കെതിരെ സോളാര്‍ കമ്മീഷനില്‍ സരിത എസ് നായര്‍ പരാതി ഉന്നയിച്ചിരിക്കുന്ന സാഹചര്യത്തിലാണ് കേസ് സി ബി ഐ യ്ക്ക് കൈമാറുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ചിന്തിക്കുന്നത്.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖനേതാക്കള്‍, ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരായ സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം സിബിഐക്കു വിടാന്‍ സര്‍ക്കാര്‍ നീക്കം. ഡി.ജി.പി: രാജേഷ് ദിവാന്റെ നേതൃത്വത്തിലുള്ള നിയുക്തസംഘത്തിന്റെ അന്വേഷണപരിധിക്കും അപ്പുറമുള്ള കാര്യങ്ങള്‍ കേസിലെ പ്രതി സരിതാ എസ്. നായര്‍ വെളിപ്പെടുത്തിയ സാഹചര്യത്തിലാണു സിബിഐയുടെ സഹായം തേടാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.
മുഖ്യമന്ത്രിക്കും അന്വേഷണസംഘത്തിനും സരിത നേരത്തേ നല്‍കിയ പരാതികള്‍ ക്രൈംബ്രാഞ്ചിന്റെ പരിഗണനയിലാണ്. പ്രതിരോധ ഇടപാടില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് മുന്‍കേന്ദ്രമന്ത്രിയുടെ മകന്‍ ശാരീരികമായി ചൂഷണം ചെയ്‌തെന്ന് ഈ പരാതിയില്‍ സരിത ആരോപിച്ചിരുന്നു. കോണ്‍ഗ്രസിന്റെ മുന്മുഖ്യമന്ത്രിയും മുന്‍കേന്ദ്രമന്ത്രിമാരും ഉള്‍പ്പെടെ പ്രതിക്കൂട്ടിലായതോടെ സോളാര്‍ കേസ് ദേശീയശ്രദ്ധയാകര്‍ഷിച്ചു. സമുന്നതനേതാവിന്റെ മകനും വിവാദത്തില്‍ അകപ്പെട്ടതോടെ കേസ് കോണ്‍ഗ്രസിനെതിരായ രാഷ്ട്രീയായുധമാക്കാന്‍ കിട്ടുന്ന ഏതവസരവും എന്‍.ഡി.എ. സര്‍ക്കാര്‍ ഉപയോഗിക്കുമെന്നുറപ്പ്. അതുകൊണ്ടുതന്നെ സോളാര്‍ കേസ് സിബിഐ. ഏറ്റെടുക്കാന്‍ സാധ്യത ഏറെയാണ്. എകെ ആന്റണിയുടെ മകനെതിരെയാണ് ആരോപണങ്ങള്‍.
ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണത്തിനു മുതിര്‍ന്നതോടെയാണു പുതിയ പരാതിയുമായി സരിത മുഖ്യമന്ത്രിയെ സമീപിച്ചത്. തന്റെ പരാതിയില്‍ കൃത്യമായ അന്വേഷണം നടത്താന്‍ പ്രത്യേകസംഘത്തിലെ ഒരു ഡിവൈ.എസ്പി. തയാറായില്ലെന്നാരോപിച്ച് സോളാര്‍ കേസിലെ വാദി മല്ലേലില്‍ ശ്രീധരന്‍നായരും മുഖ്യമന്ത്രിക്കു പരാതി നല്‍കിയിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി, കെ.സി. വേണുഗോപാല്‍, പളിനിമാണിക്യം, മുന്‍കേന്ദ്രമന്ത്രിയുടെ മകന്‍ തുടങ്ങിയവര്‍ക്കെതിരേ സരിത ആരോപിച്ച െലെംഗികാരോപണപരാതിയില്‍ കേസെടുക്കാന്‍ ജസ്റ്റിസ് ജി. ശിവരാജന്‍ കമ്മിഷന്‍ ശിപാര്‍ശ ചെയ്തിരുന്നു. പരാതിക്ക് ആസ്പദമായ സംഭവങ്ങള്‍ കേരളത്തിനു പുറത്തും നടന്നിട്ടുള്ളതിനാല്‍ ദേശീയ പ്രാധാന്യമുണ്ട്. പ്രതിസ്ഥാനത്തു പ്രതിപക്ഷനേതാക്കളായതിനാല്‍ ഭരണതലത്തിലുള്ള ഇടപെടല്‍ സംബന്ധിച്ച് ഉയര്‍ന്നേക്കാവുന്ന ആരോപണം ഒഴിവാക്കാനും അന്വേഷണം സിബിഐക്കു വിടുന്നതാണ് ഉചിതമെന്നു സര്‍ക്കാര്‍ കരുതുന്നു.ഇക്കാര്യം സി.പി.എം. സെക്രട്ടേറിയറ്റും ചര്‍ച്ചചെയ്യുമെന്നാണു പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
പ്രത്യേകസംഘത്തെ പഴിചാരി അന്വേഷണം വഴിതിരിച്ചുവിടാന്‍ പ്രതിപക്ഷനീക്കമുള്ളതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നീക്കമെന്നാണ് മംഗളത്തില്‍ ചീഫ് റിപ്പോര്‍ട്ടര്‍ എസ് നാരായണന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സോളാര്‍ കേസില്‍ ബലാത്സംഗം, െകെക്കൂലി ഉള്‍പ്പെടെയുള്ള ഗൗരവതരമായ വെളിപ്പെടുത്തലുകളെക്കുറിച്ചു ജുഡീഷ്യല്‍ കമ്മിഷന്‍ അന്വേഷണം നിര്‍ദേശിച്ചിരുന്നു. കമ്മിഷന്റെ പരിഗണനാവിഷയങ്ങള്‍ വിവാദമായ സാഹചര്യത്തില്‍ സുപ്രീം കോടതി മുന്‍ ജഡ്ജി അരിജിത്ത് പസായത്തിന്റെ നിയമോപദേശം തേടാനാണു സര്‍ക്കാരിന്റെ തീരുമാനം. അതു ലഭിച്ചാലുടന്‍ സിബിഐക്ക് അന്വേഷണം കൈമാറാനാണു നീക്കം. സിബിഐയ്ക്ക് വിടാന്‍ വേണ്ടിയാണ് നിയമോപദേശം തേടലെന്നാണ് സൂചന.
മുഖ്യമന്ത്രി പിണറായി വിജയനു സരിത നല്‍കിയ പുതിയ പരാതി സംബന്ധിച്ച നിയമോപദേശം കൂടുതല്‍ വ്യക്തതയാവശ്യപ്പെട്ട് ഡി.ജി.പി: ലോക്‌നാഥ് ബെഹ്‌റ മടക്കിയയച്ചു. സരിതയുടെ കത്തിലെ ഓരോ പരാതിയിലും കേസെടുക്കണമെന്നാണു പൊലീസ് ആസ്ഥാനത്തെ നിയമോപദേശകയുടെ ശിപാര്‍ശ. സരിതയുടെ പരാതില്‍ പുതിയ വെളിപ്പെടുത്തലുകളുണ്ടെങ്കില്‍ വേറേ കേസെടുക്കണമെന്നും നിയമോപദേശത്തില്‍ പറയുന്നു. എങ്ങും തൊടാത്ത നിയമോപദേശമായതിനാലാണു ഡി.ജി.പി. കൂടുതല്‍ വ്യക്തത തേടിയതെന്നാണു സൂചന. മുന്‍ യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്തു താന്‍ നല്‍കിയ പരാതികള്‍ അട്ടിമറിക്കപ്പെട്ടെന്നും അന്നത്തെ പ്രത്യേകസംഘത്തിന്റെ അന്വേഷണത്തില്‍ വീഴ്ചയുണ്ടെന്നും ആരോപിച്ചു കഴിഞ്ഞ വ്യാഴാഴ്ചയാണു സരിത മുഖ്യമന്ത്രിക്കു പരാതി നല്‍കിയത്.
മുഖ്യമന്ത്രി അന്നുതന്നെ പരാതി സംസ്ഥാന പൊലീസ് മേധാവിക്കു െകെമാറി. ഈ പരാതിയില്‍ എടുക്കേണ്ട നടപടി സംബന്ധിച്ചാണു പൊലീസ് മേധാവി നിയമോപദേശം തേടിയത്. സരിതയുടെ പരാതിയില്‍ കേസെടുക്കണമെന്നാണു ഡി.ജി.പിയുടെ നിലപാട്. കേസില്‍ മുന്‍സര്‍ക്കാരിന്റെ കാലത്ത് നടന്ന അന്വേഷണത്തില്‍ വീഴ്ച വന്നിട്ടുണ്ടെന്നുകാട്ടി സരിത മുഖ്യമന്ത്രി പിണറായി വിജയനു പരാതി നല്‍കിയിരുന്നു. പരാതി അന്നുതന്നെ മുഖ്യമന്ത്രി സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറി. നടപടി ശുപാര്‍ശ ചെയ്യുന്നതിനാണ് ബെഹ്‌റ പരാതി പൊലീസിന്റെ നിയോപദേശകയ്ക്ക് കൈമാറിയത്. എന്നാല്‍, അന്വേഷണം വേണമെന്നോ വേണ്ടയോ എന്ന് നിയമോപദേശത്തില്‍ വ്യക്തമായി പറഞ്ഞിട്ടില്ലെന്നാണ് സൂചന.
പൊലീസ് മേധാവി ആവശ്യപ്പെട്ട വിഷയങ്ങളില്‍ കൃത്യമായ മറുപടിയില്ല. പ്രമുഖ രാഷ്ട്രീയനേതാക്കള്‍ക്കും സോളാര്‍ അന്വേഷണസംഘത്തില്‍പ്പെട്ട ഉന്നതര്‍ക്കുമെതിരേയാണ് സരിതയുടെ പരാതി. അതുകൊണ്ടുതന്നെ തികഞ്ഞ ജാഗ്രതയോടെ തുടര്‍നടപടി സ്വീകരിക്കാനാണ് പൊലീസ് തീരുമാനം. സരിതയുടെ പരാതികളിലെ ആരോപണങ്ങള്‍ക്ക് സമാനസ്വഭാവമുള്ളതിനാല്‍ വീണ്ടും കേസെടുക്കുമ്പോള്‍ നിയമപരമായി തിരിച്ചടിയുണ്ടാകുമോ എന്ന സംശയം പൊലീസിനുണ്ട്. ഇക്കാര്യത്തിലും പൊലീസ് മേധാവി നിയമോപദേശം തേടിയിരുന്നു. സരിതയുടെ മൊഴി രേഖപ്പെടുത്തി മറ്റൊരു കേസ് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്യുന്നതിലെ സാധ്യതയാണ് പൊലീസ് തേടിയത്.