കൊച്ചി: മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരെ ഉന്നയിച്ച ആരോപണങ്ങളുടെ രേഖകള്‍ ഹാജരാക്കാന്‍ ബിജു രാധാകൃഷ്ണനോട് സോളര്‍ കമ്മിഷന്‍ ആവശ്യപ്പെട്ടു. രേഖകള്‍ ഈ മാസം 10ന് ഹാജരാക്കണം. സോളര്‍ കമ്മിഷന്‍ ഇക്കാര്യത്തില്‍ കര്‍ശന നിര്‍ദേശം ബിജുവിനു നല്‍കി. 15 ദിവസം വേണമെന്ന ബിജുവിന്റെ ആവശ്യം കമ്മിഷന്‍ അംഗീകരിച്ചില്ല. ഒളിച്ചുകളി പറ്റില്ലെന്നും കമ്മിഷന്‍ ബിജുവിനോടു പറഞ്ഞു. രേഖകള്‍ ഹാജരാക്കുന്നതിനു മുന്‍പ് നിയമോപദേശം വേണമെന്ന് ബിജു ആവശ്യപ്പെട്ടിരുന്നു.
അതേസമയം, രേഖകള്‍ പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്നും കമ്മിഷന്‍ അറിയിച്ചു. സോളര്‍ കമ്മിഷന്‍ മണ്ടനല്ല. അധികാരങ്ങള്‍ ഉപയോഗിക്കാന്‍ അറിയാം. അങ്ങനെ ചെയ്താല്‍ കേരളം വിറയ്ക്കും. കൂടാതെ, മുഖ്യമന്ത്രിയുടെ അഭിഭാഷകന് സോളര്‍ കമ്മിഷന്റെ ശാസന. അഭിഭാഷകന്‍ ബിജുവിനെ ഭയപ്പെടുത്താന്‍ ശ്രമിച്ചെന്നും കമ്മിഷന്‍ പറഞ്ഞു.
സോളാര്‍ വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരെയുള്ള ബിജു രാധാകൃഷ്ണന്റെ ആരോപണം കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ചിരിക്കെ ഇനി ശ്രദ്ധാകേന്ദ്രം സരിത എസ്. നായര്‍ തന്നെയാണ് . സര്‍ക്കാരിനെ രക്ഷിക്കാനും ശിക്ഷിക്കാനും സരിതക്കാവും . ആരോപണവിധേയനായ മുഖ്യമന്ത്രിയേയും മറ്റു മന്ത്രിമാരെയും നേതാക്കളെയും രക്ഷിക്കാന്‍ സരിത ശക്തമായ നിലപാടുമായി രംഗത്തെത്തുമെന്നാണ് സൂചന. സോളാറില്‍ നിന്ന് സര്‍ക്കാരിനെ രക്ഷിക്കാനും മുഖ്യമന്ത്രിക്കെതിരെയുള്ള ആരോപണങ്ങള്‍ തള്ളാനും ബിജുവിനെ അക്കാര്യത്തില്‍ വെല്ലുവിളിക്കാനും സരിതയ്ക്കുമേല്‍ ചില ഭാഗങ്ങളില്‍ നിന്ന് സമ്മര്‍ദ്ദം തുടങ്ങിയതായും കേള്‍ക്കുന്നു. ഇക്കാര്യത്തില്‍ സരിത ശക്തമായ നിലപാട് സ്വീകരിച്ചാല്‍ വിവാദം തനിയെ കെട്ടടങ്ങുമെന്ന കണക്കുകൂട്ടലിലാണ് അത്തരമൊരു നീക്കം സരിതയുടെമേല്‍ ചില ഭാഗങ്ങളില്‍ നിന്നുണ്ടാകുന്നത്. ബിജു രാധാകൃഷ്ണന്റെ മൊഴിയിലുള്ള കാര്യങ്ങള്‍ ഇന്നലെതന്നെ സരിത നിഷേധിച്ചിരുന്നു. മുഖ്യമന്ത്രിയുമായുള്ള ദൃശ്യങ്ങളുണ്ടെങ്കില്‍ ബിജു പുറത്തുവിടട്ടെ എന്ന് വെല്ലുവിളിക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പിതൃതുല്യനായാണ് കാണുന്നതെന്നും പറഞ്ഞിരുന്നു. ഏഴാം തീയതി സോളാര്‍ കമ്മിഷനുമുന്നില്‍ സരിത ഹാജരാകുന്നുണ്ട്. തന്റെ ജീവിതത്തില്‍ സംഭവിച്ചതെല്ലാം തുറന്നുപറയുമെന്നും സരിത പറഞ്ഞിട്ടുണ്ട്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രിമാരായ ഷിബു ബേബി ജോണ്‍, എ.പി. അനില്‍കുമാര്‍ എന്നിവരുള്‍പ്പെടെ ആറു പ്രമുഖര്‍ സരിതയുമായി ശാരീരിക ബന്ധം പുലര്‍ത്തിയെന്നാണ് സോളാര്‍ കേസിലെ മുഖ്യപ്രതി ഇന്നലെ ബിജു രാധാകൃഷ്ണന്‍ ജസ്റ്റിസ് ശിവരാജന്‍ കമ്മിഷനു മുമ്പാകെ മൊഴി നല്‍കിയത്. ദൃശ്യങ്ങള്‍ തന്റെ പക്കലുണ്ടെന്നും ഇതടങ്ങിയ സി.ഡി കമ്മിഷനില്‍ സമര്‍പ്പിക്കാമെന്നും പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുമായി കോടികളുടെ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്നും ബിജു മൊഴി നല്‍കിയിരുന്നു. അഞ്ചരക്കോടി രൂപ മൂന്നുതവണയായി മുഖ്യമന്ത്രിക്ക് നല്‍കിയെന്നാണ് ആരോപണം. മുഖ്യമന്ത്രിക്കെതിരെയുള്ള ലൈംഗികാരോപണം കേരളത്തെ ഞെട്ടിച്ചു. അതിനുപിന്നാലെയാണ് ദൃശ്യങ്ങളുണ്ടെങ്കില്‍ ബിജു രാധാകൃഷ്ണന്‍ അത് പുറത്തുവിടട്ടെ എന്നുപറഞ്ഞ് സരിത വെല്ലുവിളിച്ചത്.
സരിത ഇങ്ങനെ പറഞ്ഞെങ്കിലും സരിതയുടെ ഭാഗത്തുനിന്ന് സര്‍ക്കാരിനെതിരെയുള്ള എന്തെങ്കിലും പരാമര്‍ശങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് ചില കേന്ദ്രങ്ങളില്‍ നിന്ന് നീക്കം തുടങ്ങിയത്. ആരോപണങ്ങളെല്ലാം നിഷേധിപ്പിച്ച് സരിതയുടെ വാക്കുകളിലൂടെ സര്‍ക്കാരിനെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാനുള്ള ശ്രമമാണ് ചില കേന്ദ്രങ്ങളില്‍ നിന്നുണ്ടാകുന്നത്. അതുകൊണ്ടുതന്നെ സരിതയുടെ വാക്കുകള്‍ക്കായി കാക്കുകയാണ് എല്ലാവരും.
അതേസമയം, ഇത്തരമൊരു സി.ഡി ഉണ്ടോയെന്ന് പലരും സംശയം പ്രകടിപ്പിക്കുന്നുമുണ്ട്. നേരത്തെയും ഇതുപോലെ മറ്റുചിലര്‍ക്കെതിരെ സി.ഡി ഉണ്ടെന്ന് ബിജു പറഞ്ഞിരുന്നു. അത് പിന്നീട് ചീറ്റിപ്പോയി. അതുപോലെ തന്നെയാകും ഇതെന്നാണ് ഭരണകക്ഷിയിലെ ചില നേതാക്കള്‍ പറയുന്നത്. മുഖ്യമന്ത്രിക്കെതിരെയുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഒരു പ്രതിയുടെ ജല്‍പനങ്ങളായി മാത്രം കണ്ടാല്‍ മതിയെന്നാണ് നേതാക്കള്‍ പറയുന്നത്. ബിജു രാധാകൃഷ്ണന്റെ അടിസ്ഥാനരഹിതമായ പ്രസ്താവനയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞിട്ടുണ്ട്. അതേസമയം, ബിജു രാധാകൃഷ്ണന്‍ മൊഴി കൊടുത്തിരിക്കുന്നത് സോളാര്‍ കമ്മിഷന്റെ മുന്നിലായതിനാല്‍ അത് രേഖകളായി മാറും. അത് പീന്നീട് തള്ളിയാലും അതിനുള്ള കാര്യകാരണങ്ങള്‍ കമ്മിഷന് പറയേണ്ടിവരും.