കൊച്ചി:സരിതാനായര്‍ എഴുതിയ 21 പേജുള്ള കത്ത് ഏതാനും മണിക്കൂറുകള്‍ക്കകം പുറത്തു വരുമെന്ന് സൂചനകള്‍.ചില രാഷ്ട്രീയ നേതാക്കളെ ലക്ഷ്യമിട്ടാണ് കേരളത്തിലെ ചില പോലീസ് ഓഫീസര്‍മാരുടെയും ചില രാഷ്ട്രീയ നേതാക്കളുടെയും കൈവശമുള്ള കത്ത് പുറത്തു വരുന്നത് .കഴിഞ്ഞ ദിവസം സോളാര്‍ കമ്മീഷനിലെത്തി മൊഴി നല്‍കിയ മുന്‍ ജയില്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബിന്റെ കൈവശം സരിതയുടെ കത്തിന്റെ കോപ്പിയുണ്ടെന്നാണ് സൂചന. വേണ്ടി വന്നാല്‍ അദ്ദേഹം അത് കമ്മീഷന് കൈമാറും.
സരിതാനായരുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗണിക്കാന്‍ കമ്മീഷന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കുവാന്‍ സാധ്യതയുണ്ട്. ആയുധങ്ങള്‍ സൂക്ഷിച്ച വാഹനത്തില്‍ ചിലര്‍ സരിതയെ കാണാന്‍ ജയിലിലെത്തിയെന്ന മുന്‍ഡിജിപിയുടെ വെളിപ്പെടുത്തല്‍ കണക്കി ലെടുത്തായിരിക്കും നടപടി. സരിതയ്ക്ക് വധഭീഷണിയുണ്ടെന്ന കാര്യം കമ്മീഷന് മനസിലായി.
സരിത .എസ് നായരുടെ കത്തില്‍ മന്ത്രിമാരടക്കം 14 പ്രമുഖരുണ്ടെന്ന് മുന്‍ ജയില്‍ മേധാവി അലക്‌സാണ്ടര്‍. പി ജേക്കബ് സോളാര്‍ കമ്മീഷനെ അറിയിച്ചിരുന്നു. മന്ത്രിമാരുടെയും ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെയും പേര് കത്തില്‍ പരാമര്‍ശിച്ചിരുന്നു. കത്തില്‍ മുഖ്യമന്ത്രിയുടെ പേരില്ല. മറ്റ് മന്ത്രിമാരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ കഴിയില്ല. താന്‍ കത്ത് കാണുകയോ വായിക്കുകയോ ചെയ്തിട്ടില്ലെന്നാണ് പറഞ്ഞിരുന്നത് .
അട്ടക്കുളങ്ങര ജയിലില്‍ കഴിയവെ ആള്‍മാറാട്ടം നടത്തി ഒരാള്‍ സരിതയെ സന്ദര്‍ശിച്ചതായും അദ്ദേഹം പറഞ്ഞു. സുരക്ഷാ കാരണങ്ങള്‍ കൊണ്ടാണ് സരിതയെ പത്തനംതിട്ട ജയിലില്‍ നിന്ന് അട്ടക്കുളങ്ങര ജയിലിലേക്ക് മാറ്റിയത്. സരിതയുടെ അമ്മ, അഭിഭാഷകന്‍, ബന്ധു എന്നീ മൂന്നു പേരെ മാത്രമാണ് കാണാന്‍ അനുവദിച്ചിരുന്നത്. എന്നാല്‍, സരിത ജയില്‍ നിയമങ്ങള്‍ ലംഘിച്ചെന്നും അദ്ദേഹം മൊഴി നല്‍കിയായിരുന്നു.
ജയില്‍ ഡിജിപിയായിരിക്കെ ഡോ.അലക്‌സാണ്ടര്‍ ജേക്കബിനോട് സര്‍ക്കാര്‍ കാണിച്ച അസഹിഷ്ണുതയാണ് അദ്ദേഹത്തെ കൊണ്ട് ഇക്കാര്യങ്ങള്‍ തുറന്നു പറയിച്ചത്. ടി.പി ചന്ദ്രശേഖരന്‍ കേസിലെ പ്രതികള്‍ ഫെയ്‌സ്ബുക്കില്‍ തങ്ങളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികള്‍ക്ക് അനുകൂലമായി സംസാരിച്ചെന്ന പേരിലാണ് അലക്‌സാണ്ടര്‍ ജേക്കബിനെ ജയില്‍ ഡിജിപി സ്ഥാനത്ത് നിന്നും മാറ്റിയത്.ജേക്കബ് തോമസിന്റെ കേസിലെന്ന പോലെ കേരള പോലീസ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനിലേക്കാണ് അലക്‌സാണ്ടര്‍ ജേക്കബിനെയും മാറ്റിയത്. പ്രഗല്ഭനും സത്യസന്ധനുമായ ഉദ്യോഗസ്ഥനായിരുന്നു അലക്‌സാണ്ടര്‍ ജേക്കബ്.
സരിതാനായരുടെ കത്തില്‍ പ്രധാനപ്പെട്ട പല നേതാക്കളുടെയും പേരുകളുണ്ട്. മുഖ്യമന്ത്രിയുടെ പേരില്ലെങ്കിലും അദ്ദേഹത്തിന് ഏറെ വേണ്ടപ്പെട്ട ഒരാളുടെ പേരുണ്ട്. കത്ത് പുറത്തു വന്നാല്‍ കേരള രാഷ്ട്രീയം ഇളകിമറിയും.കത്തില്‍ പേരുള്ളവര്‍ക്കെല്ലാം ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സരിതയുമായി ബന്ധമുണ്ടെന്നാണ് കേള്‍ക്കുന്നത്. അതിനാല്‍ കേരള രാഷ്ട്രീയത്തില്‍ പലരുടെയും ഉറക്കം കെടുത്തുന്ന ഒന്നായിരിക്കും സരിതയുടെ കത്ത്.