നിലേശ്വരം: മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിക്കുന്നത് എതിര്‍ത്ത അമ്മയെ മകന്‍ തലക്കടിച്ച് കൊല്ലാന്‍ ശ്രമിച്ചു. കണിച്ചിറയിലെ പരേതനായ രാജന്റെ ഭാര്യ രുഗ്മിണിയെ (57)യാണ് മകന്‍ സുജിത്ത് തലക്കടിച്ച് പരിക്കേല്‍പ്പിച്ചത്. തുടര്‍ച്ചയായി ഫോണ്‍ ചെയ്തത് ചോദിച്ചപ്പോഴാണ് തലക്കടിച്ച് വീഴ്ത്തിയത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രുഗ്മിണി അതീവ ഗുരുതരാവസ്ഥയിലാണ്. സുജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
രുഗ്മിണിയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ സുജിത്ത് രുഗ്മണിയെ ആക്രമിക്കുന്നതാണ് കണ്ടത്. തടയാന്‍ ശ്രമിച്ച അയല്‍വാസികളെ ഇയാള്‍ വീട്ടിനകത്തേക്ക് കയറാന്‍ അനുവദിച്ചില്ല. തുടര്‍ന്ന് നാട്ടുകാര്‍ നീലേശ്വരം പൊലീസില്‍ വിവരം അറിയിച്ചു. ഇന്‍സ്പെക്ടര്‍ കെ പ്രേംസദനും എസ് ഐ ടി വിശാഖും സംഘവും സ്ഥലത്തെത്തി ബലപ്രയോഗത്തിലൂടെ സുജിത്തിനെ കീഴടക്കിയാണ് രുഗ്മിണിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.