റായ്പൂര്‍: ആദിവാസികളുടെ അവകാശത്തിനായി പോരാടുമ്പോള്‍ ആരാണ് സോണി സോറിയെ ഭയപ്പെടുന്നത്? ക്രൂരമായ പീഡനങ്ങള്‍ ഏറ്റുവാങ്ങി ജീവിക്കേണ്ടി വന്ന സോണി സോറിക്ക് നേരെ വീണ്ടും ആക്രമണം. അജ്ഞാതരായ മൂന്നംഗ സംഘമാണ് ആസിഡ് പോലെയുള്ള രാസവസ്തു ഉപയോഗിച്ച് സോണിയെ ആക്രമിച്ചത്.
മാവോയിസ്റ്റ് സ്വാധീന മേഖലയായ ദന്തേവാഡ ജില്ലയിലെ ജവാംഗ് ഗ്രാമത്തിലാണ് സംഭവം. ആംആദ്മി പ്രവര്‍ത്തക കൂടിയാണ് സോണി സൂരി. മോട്ടോര്‍ സൈക്കിളില്‍ വരുമ്പോള്‍ ഇന്നലെ രാത്രി 10.30ന് ആക്രമണമുണ്ടായത്. മൂന്നംഗ സംഘം സോണിയെ തടഞ്ഞു നിര്‍ത്തി രാസവസ്തു മുഖത്തേക്ക് ഒഴിക്കുകയായിരുന്നു. ആക്രമണത്തിനുശേഷം സംഘം ഓടി രക്ഷപ്പെടുകയും ചെയ്തു. സോണിക്കൊപ്പമുണ്ടായിരുന്ന രണ്ടുപേരാണ് അവരെ ആശുപത്രിയിലെത്തിച്ചത്.
ആദ്യം ഗീതം ആശുപത്രിയിലേക്ക് കൊണ്ടുപോയ സോണിയെ പിന്നീട് ജഗ്ദല്‍പൂര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പരുക്ക് ഗുരുതരമല്ല. സോണിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഗീതം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തെ തുടര്‍ന്ന് സോണിക്ക് ആശുപത്രിയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പ്രമുഖ വ്യവസായ ഗ്രൂപ്പായ എസ്സാര്‍ ഗ്രൂപ്പില്‍ നിന്നും നക്‌സലുകള്‍ക്കായി പണം വാങ്ങി നല്‍കി എന്ന് ആരോപിക്കപ്പെട്ടുകൊണ്ട് 2011ഒക്ടോബറിലാണ് സോണി സോറി അറസ്റ്റ് ചെയ്യപ്പെടുന്നത്. എസ്സാര്‍ ഗ്രൂപ്പും സോണിയും മാവോയിസ്റ്റുകളും ഈ കുറ്റം നിഷേധിച്ചിരുന്നു. രണ്ട് വര്‍ഷത്തിലധികം റായ്പൂര്‍ ജയിലിലായിരുന്ന സോണി പിന്നീട് സുപ്രീംകോടതി ഇടപെട്ടാണ് ജാമ്യം അനുവദിച്ചത്. ആദിവാസികളെ പീഡിപ്പിക്കുന്നവരെയും അവരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നവരെയും ിയമത്തിന്റെ മുന്പില്‍ കൊണ്ടുവരാനായി സോണി സോറി വിട്ടുവീഴ്ചയില്ലാതെ പോരാടി എന്നതുമാത്രമാണ് ഭരണകൂട ഭീകരത അവര്‍ക്കുമേല്‍ തേര്‍വാഴ്ച നടത്തുവാന്‍ കാരണമായത്.
കെട്ടിച്ചമച്ച കുറ്റത്തിന് ദന്തേവാഡയിലെ പൊലീസ് കസ്റ്റഡിയില്‍ കഴിയുമ്പോഴാണ് സോണിക്ക് അതിക്രൂരമായ പീഡനങ്ങളും മാനഭംഗവും നേരിടേണ്ടിവന്നത്. ഡല്‍ഹിയില്‍ ബസ്സില്‍ വച്ച് അതിക്രൂരമായി പീഡിപ്പിക്കപെട്ട പെണ്‍കുട്ടി അഭിമുഖീകരിക്കേണ്ടിവന്ന അതെ പൈശാചിക കൃത്യങ്ങളാണ് ഇവിടെ സോണി സോറിക്കും നേരിടേണ്ടിവന്നത്. ഡല്‍ഹി കൂട്ട ബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ ഇരുമ്പു ദണ്ഡാണ് കടത്തിയതെങ്കില്‍ സോണി സോറിയുടെ ജനനേന്ദ്രിയത്തില്‍ നിയമ പാലകര്‍ കരിങ്കല്‍ ചീളും പാറക്കഷണങ്ങളും കയറ്റി പീഡിപ്പിച്ചിരുന്നു. ഇവരുടെ ശരീര ദ്വാരങ്ങളില്‍ കല്ല് കയറ്റാന്‍ ഉത്തരവിട്ട എസ് പി ആംഗിത് ഗാര്‍ഗ് പിന്നീട് രാഷ്ട്രപതിയില്‍ നിന്നും ധീരതയ്ക്കുള്ള അവാര്‍ഡിന് അര്‍ഹനായതും ഏറെ വിവാദമായിരുന്നു.