ഉറ്റവരില്ലാതെ കഴിയുന്ന അമ്മയ്ക്കും പെണ്‍മക്കള്‍ക്കും നേരെ ആസിഡ് ആക്രമണം; ഒരു കുട്ടിയുടെ കാഴ്ച നഷ്ടപ്പെടുമെന്ന് സംശയം

കൊച്ചി: എറണാകുളം പാമ്പാക്കുടയില്‍ വീട്ടമ്മയ്ക്കും മക്കള്‍ക്കും നേരെ കണ്ണില്‍ച്ചോരയില്ലാത്ത ക്രൂരത. വീടിന് തീവച്ച് ശേഷം ഇവര്‍ക്ക് നേരെ ആസിഡ് ആക്രമണവും ഉണ്ടായി. നെയ്ത്തുശാലപ്പടിയില്‍ റോഡരികിലെ അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീട്ടില്‍ കഴിയുന്ന സ്മിതയ്ക്കും നാല് മക്കള്‍ക്കും നേരെയാണ് ആക്രമണം ഉണ്ടായത്. യുവതിയും മക്കളും കോട്ടയം ഇ.എസ്.ഐ ആശുപത്രിയില്‍ ചികിത്സയിലാണ്.

സ്മിതയ്ക്കുനേരെ ബുധനാഴ്ച്ച ഉച്ചയോടെയാണ് ആദ്യം ആക്രമണം ഉണ്ടാകുന്നത്. ഉച്ചയ്ക്ക് ഇവര്‍ താമസിക്കുന്ന വാടക വീട്ടിന് ആരോ തീയിട്ടു. ഈ സമയം സ്മിതയും കുട്ടികളും സ്ഥലത്ത് ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. വീട്ടുപകരണങ്ങള്‍ കത്തിനശിച്ചു. സംഭവ ദിവസം രാത്രി സ്മിതയും കുട്ടികളും ഇതേ വീട്ടിലാണ് കിടന്നുറങ്ങിയത്. വെളുപ്പിന് മൂന്നിമണിയോടെ ജനല്‍വഴി സ്മിതയുടെയും കുട്ടികളുടെയും മുഖത്ത് അജ്ഞാതന്‍ ആസിഡ് ഒഴിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉടന്‍തന്നെ രാമമംഗലം പോലീസ് സ്റ്റേഷനില്‍ നിന്ന് പോലീസുകാരും രാമമംഗലം വാര്‍ഡ് മെമ്പറും സംഭവസ്ഥലത്തെത്തി. സ്മിതയെയും കുട്ടികളെയും പിറവം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കി. തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദേശ പ്രകാരം ആംബുലന്‍സില്‍ ഇ.എസ്.ഐ ആശുപത്രയിലെത്തിച്ചു. മെഡിക്കല്‍ കോളേജില്‍നിന്ന് വിദഗ്ധ ഡോക്ടറെത്തിയാണ് കുട്ടികള്‍ക്ക് ചികിത്സ നല്‍കിയത്. മൂന്നാമത്തെ മകളായ സ്മിനയ്ക്കാണ് കൂടുതല്‍ പൊള്ളലേറ്റത്. കാഴ്ച ശക്തിയുടെ കാര്യത്തില്‍ ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.

ഒന്‍പതിലും ഏഴിലും ആറിലും നഴ്‌സറിയിലും പഠിക്കുകയാണ് സ്മിതയുടെ മക്കള്‍. പ്രതിയ്ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പ്രതിയെക്കുറിച്ചുള്ള സൂചന ലഭിച്ചിട്ടുണ്ടെന്നും രാമമംഗലം എസ്.ഐ എബി പറഞ്ഞു. കുടുംബനാഥന്റെ മരണത്തെത്തുടര്‍ന്ന് നിരാലംബരായ കുടുംബത്തിന് പിറവം സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിലെ എന്‍.സി.സി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വീട് നിര്‍മാണം പുരോഗമിക്കുന്നതിനിടെയാണ് ക്രൂരമായ ആക്രമണമുണ്ടായത്.

Top