നടപ്പാതയിലൂടെ സൈക്കിള്‍ ചവിട്ടി നീങ്ങുന്ന സോണിയ ഗാന്ധി, അമ്പരന്ന് ജനങ്ങള്‍ ; തിരക്കുകളൊഴിഞ്ഞ വിശ്രമജീവിതത്തില്‍ മുന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ ചെയ്യുന്നത്

പനാജി: കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞ സോണിയാ ഗാന്ധി ഗോവയില്‍ വിശ്രമ ജീവിതം നയിക്കുന്നു. അവധിക്കാലം ചെലവിടാന്‍ ഈ മാസം 26ന് ഗോവയിലെ ലീലാ ഹോട്ടലിലെത്തിയ സോണിയ ജനുവരി ആദ്യ വാരത്തില്‍ ഡല്‍ഹിയില്‍ തിരിച്ചെത്തും. ദക്ഷിണ ഗോവയിലെ കടലോര റിസോര്‍ട്ടിനു സമീപമുള്ള നടപ്പാതയിലൂടെ സൈക്കിളില്‍ നീങ്ങുന്ന സ്ത്രീയെ കണ്ടവര്‍ക്ക് ആ മുഖം പെട്ടെന്നൊരു അമ്പരപ്പുണ്ടാക്കി. സോണിയാ ഗാന്ധിയാണതെന്ന് മനസ്സിലാക്കാന്‍ പലര്‍ക്കും നിമിഷങ്ങള്‍ വേണ്ടിവന്നു.

പുതിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ വിലയിരുത്തലുകളും മീറ്റിങ്ങുകളുമായി തിരക്കിട്ട ചുമതലകളില്‍ വ്യാപൃതനായിരിക്കുമ്പോള്‍ സോണിയ ഗാന്ധി തിരക്കേറിയ ഔദ്യോഗിക ജീവിതത്തില്‍നിന്ന് പിന്‍വാങ്ങി ഗോവയില്‍ ഒഴിവുദിനങ്ങള്‍ ആസ്വദിക്കുകയാണ്. ദക്ഷിണ ഗോവയിലെ ലീല ഹോട്ടലില്‍ ചൊവ്വാഴ്ചയാണ് സോണിയാ ഗാന്ധി എത്തിയത്. ഇനി ജനുവരി ആദ്യ ആഴ്ചവരെ അവര്‍ ഗോവയിലുണ്ടാകും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനം ഏറ്റവും കൂടുതല്‍ കാലം വഹിച്ചിട്ടുള്ള സോണിയാ ഗാന്ധി, ആ തിരക്കുകളില്‍നിന്നകന്ന് വളരെ ശാന്തവും സ്വസ്ഥവുമായ ദിനങ്ങള്‍ ആസ്വദിക്കകയാണ് ഇവിടെ. പുലര്‍ച്ചകളില്‍ ചെറിയ സൈക്കള്‍ സവാരി. ഇടയ്ക്ക് റിസോര്‍ട്ടിലെ മറ്റ് അതിഥികള്‍ സോണിയയോടൊപ്പം സെല്‍ഫിയെടുക്കാനെത്തുന്നു. എല്ലാവരോടും ഒരുപോലെ സൗഹൃദം പങ്കിട്ട് സോണിയ. ഇഷ്ടപ്പെട്ട ദക്ഷിണേന്ത്യന്‍ വിഭവമായ മസാല ദോശ ഓര്‍ഡര്‍ ചെയ്ത് ഭക്ഷണമേശയില്‍ ക്ഷമയോടെയുള്ള കാത്തിരിപ്പ്..

അടുത്ത ഏതാനും സുഹൃത്തുക്കള്‍ക്കൊപ്പമാണ് സോണിയ ഗാന്ധി ഗോവയില്‍ ഒഴിവുദിവസങ്ങള്‍ ചെലവഴിക്കാനെത്തിയത്. വാര്‍ത്തകള്‍ അറിയുകയോ ടിവി കാണുകയോ ചെയ്യാതെ, യോഗ ചെയ്തും പുസ്തകങ്ങള്‍ വായിച്ചുമാണ് സോണിയ സമയം ചിലവഴിക്കുന്നതെന്ന് അവരോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.

ഇത് ആദ്യമായല്ല സോണിയ ഗാന്ധി ഗോവയില്‍ ലീല റിസോര്‍ട്ടിലെത്തുന്നത്. ഏതാനും മാസങ്ങള്‍ക്കു മുമ്പ് ഡല്‍ഹി അന്തരീക്ഷ മലിനീകരണം കൊണ്ട് ബുദ്ധിമുട്ടിയപ്പോള്‍ ആസ്തമ രോഗിയായ സോണിയ ഗാന്ധി ഇവിടെ ദിവസങ്ങളോളം ചിലവഴിച്ചിരുന്നു. ഡല്‍ഹിയില്‍ നിന്ന് മാറിനില്‍ക്കണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു ഇത്.

ഈ മാസം ആദ്യമാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാഹുല്‍ ഗാന്ധി ഏറ്റെടുത്തത്. ഇതോടെ സോണിയ വിശ്രമ ജീവിതത്തിലേയ്ക്ക് നീങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Top