തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ കെഎം മാണിയെ രക്ഷിക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പതിനെട്ടടവും പയറ്റിയെന്ന് വിജിലന്‍സ് എസ്പി സുകേശന്‍. ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സുകേശന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ബോധപൂര്‍വ്വം തെളിവുകള്‍ മറച്ചുവെക്കുകയായിരുന്നു. ശാസ്ത്രീയ പരിശോധനകള്‍ നടത്താനായില്ലെന്നും സുകേശന്‍ പറയുന്നു. ബാര്‍ കോഴക്കേസില്‍ പിന്നീടുണ്ടായ വെളിപ്പെടുത്തലുകളെക്കുറിച്ചും അന്വേഷണം വേണമെന്നു ഹര്‍ജിയില്‍ പറയുന്നുണ്ട്.
ബാര്‍ കോഴക്കേസ് ആദ്യം പരിഗണിച്ചപ്പോള്‍ സുകേശനായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍. പിന്നീട് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ സമ്മര്‍ദത്തെത്തുടര്‍ന്നു കേസ് അന്വേഷണത്തില്‍ സുകേശന് കീഴടങ്ങേണ്ടിവന്നു. സുകേശനെക്കൊണ്ടു വ്യാജസത്യവാങ്മൂലവും സര്‍ക്കാര്‍ നല്‍കിയിരുന്നു. കെ എം മാണിയെ രക്ഷിക്കാന്‍ പതിനെട്ടടവും പയറ്റുകയായിരുന്നു സര്‍ക്കാര്‍ ചെയ്തത്. അങ്ങനെയാണ് കെ എം മാണിക്കെതിരായ കേസില്‍ സര്‍ക്കാര്‍ നിലപാട് സംരക്ഷിച്ചത്.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മാറി പുതിയ സര്‍ക്കാര്‍ വന്നതോടെയാണ് ബാര്‍ കോഴക്കേസില്‍ സത്യം തുറന്നുപറയാന്‍ സുകേശന് അവസരം ലഭിച്ചത്. തുടര്‍ന്നു സുകേശന്‍ തുടരന്വേഷണം വേണമെന്നാവശ്യപ്പെട്ടു തിരുവനന്തപുരം വിജിലന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു.