വാഷിംഗ്ടൺ:ഞായറാഴ്ച പുലർച്ചെ സൗത്ത് കാരലൈന തീരത്ത് വെടിവച്ചിട്ട ചൈനീസ് നിരീക്ഷണ ബലൂൺ പീപ്പിൾസ് ലിബറേഷൻ ആർമി ചാരപ്രവർത്തനത്തിനായി ഉപയോഗിച്ചിരുന്നതാണെന്ന് യു.എസ് ഇന്റലിജൻസ് വൃത്തങ്ങൾ.തന്ത്രപരമായ പ്രദേശങ്ങളിലെ സൈനിക വിവരങ്ങൾ അടക്കമുള്ള രഹസ്യാന്വേഷണമാണ് ബലൂണുകളുടെ ല വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
ലാറ്റിനമേരിക്കയ്ക്ക് മുകളിലും ഒരു ചാര ബലൂൺ കണ്ടെത്തിയിരുന്നു.ചൈനയുടെ തെക്കൻ മേഖലയിൽ നാവിക ബേസ് സ്ഥിതി ചെയ്യുന്ന ഹൈനാൻ ദ്വീപിൽ നിന്നാണ് ചാരബലൂണുകൾ പറന്നുയരുന്നതെന്നാണ് നിഗമനം. ഇതിനെതിരെ 40സഖ്യ രാജ്യങ്ങളിലെ 150ഓളം നയതന്ത്രജ്ഞരെ യു.എസ് വിവരമറിയിച്ചിട്ടുണ്ട്. 2019ൽ ഹവായ്, ഫ്ലോറിഡ എന്നിവിടങ്ങളിലൂടെ ബലൂൺ കടന്നുപോയിരുന്നെന്ന് യു.എസ് ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി വെൻഡി ഷെർമാൻ പറഞ്ഞു.
കാരലൈന തീരത്ത് അറ്റ്ലാൻഡിക് സമുദ്രത്തിന് മുകളിൽ വെടിവച്ചിട്ട ബലൂണിന്റെ അവശിഷ്ടങ്ങൾ യു.എസ് നേവി കണ്ടെടുത്തിരുന്നു. ഏകദേശം 11കിലോമീറ്റർ വിസ്തൃതിയിലാണ് 200 അടി ഉയരമുണ്ടായിരുന്ന ബലൂണിന്റെ അവശിഷ്ടങ്ങൾ ചിതറിക്കിടന്നത്.
അതേ സമയം, ബലൂൺ വെടിവയ്ക്കുന്നതിന് മുന്നേ ഡിഫൻസ് സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനുമായി സംസാരിക്കാൻ ചൈന തയാറായില്ലെന്ന് യു.എസ് അറിയിച്ചു.ബലൂൺ നിരീക്ഷണത്തിനുള്ളതല്ലെന്നും കാലാവസ്ഥാ ബലൂണാണെന്നും ദിശ തെറ്റി യു.എസിൽ എത്തിയെന്നുമാണ് ചൈനയുടെ പക്ഷം. എന്നാലീ ബലൂൺ ഏത് കമ്പനിയുടേതായിരുന്നെന്നുള്ള വിവരങ്ങൾ നൽകാൻ ചൈന തയാറാകുന്നില്ല.