പത്തനംതിട്ട : വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് ശ്രീ അയ്യപ്പാ മെഡിക്കല്‍ കോളേജിനു പ്രവര്‍ത്തനാനുമതി നല്‍കിയത് മാനദണ്ഡങ്ങള്‍ പാലിക്കാതെ വഴിവിട്ടാണെന്ന് ആരോപണം. ഇതിനുപിന്നില്‍ വന്‍ അഴിമതിയുണ്ടെന്നും പറയുന്നു.
ഏറെ ദുരൂഹതകളോടെ ഈ ആശുപത്രി ഇവിടെ പ്രവര്‍ത്തിക്കുമ്പോഴും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇവിടെ നിശബ്ദമാണ്. ഇടതുപക്ഷമാണ് ഇപ്പോള്‍ വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് ഭരിക്കുന്നത്. എന്നാല്‍ പ്രതിപക്ഷമായ കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ നിശബ്ദമാണ്. കലമണ്ണിലിന്റെ ആശുപത്രിക്കെതിരെ ചുണ്ടനക്കാന്‍ ബി.ജെ.പിയും തയ്യാറല്ല.
ശ്രീ അയ്യപ്പാ മെഡിക്കല്‍ കോളേജ് എന്നപേരില്‍ അറിയപ്പെടുന്ന ആശുപത്രിക്ക് പ്രവര്‍ത്തനാനുമതി നല്‍കിയത് 2016ലാണ്. കഴിഞ്ഞ സെപ്തംബര്‍ 29 ന് ഇത് പുതുക്കി നല്‍കിയെന്ന് പഞ്ചായത്ത് സെക്രട്ടറി സമ്മതിക്കുന്നു. ലൈസന്‍സിനുവേണ്ടി അപേക്ഷിച്ചപ്പോള്‍ ആവശ്യമായ മുഴുവര്‍ രേഖകളും അനുമതി പത്രങ്ങളും പഞ്ചായത്തില്‍ നല്‍കിയിട്ടില്ല.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നല്‍കിയ സാനിട്ടൈസേഷന്‍ സര്‍ട്ടിഫിക്കറ്റും മലിനീകരണ നിയന്ത്രണ ബോര്‍ഡ് നല്‍കിയ പോളൂഷന്‍ സര്‍ട്ടിഫിക്കറ്റും നല്‍കിയിട്ടുണ്ടെന്നും ചില ഉപാധികളോടെയാണ് ലൈസന്‍സ് നല്‍കിയിരിക്കുന്നതെന്നും സെക്രട്ടറി ജ്യോതി പറഞ്ഞു.
ക്ലിനിക്കല്‍ എസ്റ്റാബ്ലീഷ്മെന്റ് ആക്ട് പ്രകാരം സ്ഥാപനം രജിസ്റ്റര്‍ ചെയ്ത് ഒരു മാസത്തിനുള്ളില്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ഉപാധിയോടെയാണ് ശ്രീ അയ്യപ്പാ മെഡിക്കല്‍ കോളേജ് ആന്‍ഡ് റിസര്‍ച്ച് ഫൌണ്ടേഷന് പ്രവര്‍ത്തനാനുമതി നല്‍കിയതെന്ന് സെക്രട്ടറി വ്യക്തമാക്കി.
ഈ ലൈസന്‍സ് നല്‍കേണ്ടത് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആണ്. 2021 സെപ്തംബര്‍ 29 ന് ലൈസന്‍സ് പുതുക്കുകയായിരുന്നു എന്ന് സെക്രട്ടറി കൃത്യമായി പറയുമ്പോള്‍ അന്നല്ല ഈ ഉപാധികള്‍ വെച്ച് ലൈസന്‍സ് നല്‍കിയതെന്ന് വ്യക്തമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അനുമതിപത്രം ഹാജരാക്കുന്നതിന് ഒരുമാസമാണ് പറഞ്ഞിരുന്നത്, എന്നാല്‍ മാസങ്ങളും വര്‍ഷങ്ങളും കഴിഞ്ഞെങ്കിലും ക്ലിനിക്കല്‍ എസ്റ്റാബ്ലീഷ്മെന്റ് ആക്ട് പ്രകാരം സ്ഥാപനം രജിസ്റ്റര്‍ ചെയ്യുകയോ ആയതിന്റെ സര്‍ട്ടിഫിക്കറ്റ് പഞ്ചായത്തില്‍ നല്‍കുകയോ ചെയ്തിട്ടില്ല.
ആയതിനാല്‍ ഉപാധികളോടെ നല്‍കിയ ലൈസന്‍സിന്റെ സാധുത നഷ്ടപ്പെട്ടു . എന്നാല്‍ ഇക്കാര്യം അറിയാമായിരുന്നിട്ടും പഞ്ചായത്ത് അധികൃതര്‍ തികഞ്ഞ മൌനം പാലിക്കുകയാണ്. സ്വയംഭൂ നാടാരുടെ പേരിലാണ് ലൈസന്‍സ് നല്‍കിയിരിക്കുന്നതെന്നും പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി.
ഒരു ആശുപത്രിക്ക് പ്രവര്‍ത്തനാനുമതി ലഭിക്കുവാന്‍ കടമ്പകള്‍ ഏറെയാണ്. വിവിധ വകുപ്പുകളുടെ അനുമതിയും നിരവധി സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കണം. കൂടാതെ ആശുപത്രിയില്‍ അടിസ്ഥാന സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും വേണം. ഒരു ബേക്കറി തുടങ്ങാന്‍ ലൈസന്‍സിന് ചെന്നാലും കടമ്പകള്‍ ഏറെയാണ്.
എന്നാല്‍ അയ്യപ്പാ മെഡിക്കല്‍ കോളേജിന്റെ കാര്യത്തില്‍ ഒരു പരിശോധനയും നടപടിയും ഉണ്ടായില്ല. തട്ടുകടകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനേക്കാള്‍ വേഗത്തില്‍ അയ്യപ്പന്റെ പേരിലുള്ള മെഡിക്കല്‍ കോളേജിന് ലൈസന്‍സ് നല്‍കുകയായിരുന്നു. അടുത്ത കാലത്ത് നിരവധി അഴിമതി ആരോപണങ്ങളില്‍ കുടുങ്ങി നില്‍ക്കുകയാണ് വടശ്ശേരിക്കര ഗ്രാമ പഞ്ചായത്ത്. അയ്യപ്പാ മെഡിക്കല്‍ കോളേജ് വിഷയവും ഇതോടൊപ്പം സജീവമാകുകയാണ്.
സ്വയംഭൂ നാടാരും നിഗൂഡത നിറഞ്ഞ ശ്രീ അയ്യപ്പാ മെഡിക്കല്‍ കോളേജും – പരമ്പര തുടരും…