രാമന്‍ നായരുടെ വഴിയേ ഇഎം അഗസ്തിയും; ബിജെപി പന്തലില്‍ മുന്‍ കോണ്‍ഗ്രസ് എംഎല്‍എ

തിരുവനന്തപുരം: ശബരിമല വിഷയം ഉയര്‍ന്നതിന് പിന്നാലെ കോണ്‍ഗ്രസില്‍ നിന്നും കൊഴിഞ്ഞുപോക്ക് ശക്തമായിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജി രാമന്‍ നായര്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുകയും ചെയ്തു. ഇപ്പോഴിതാ എഐസിസി അംഗം ഇ എം അഗസ്തി ബിജെപിയുടെ നിരാഹാര പന്തലില്‍. കെപിസിസി എക്സിക്യൂട്ടീവ് യോഗത്തില്‍ പങ്കെടുക്കാനെത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ അഗസ്തി കുടുംബസമേതം എത്തിയാണ് നിരാഹാരസമരം കിടക്കുന്ന മഹിളാമോര്‍ച്ച നേതാവ് വി ടി രമയ്ക്ക് അഭിവാദ്യമര്‍പ്പിച്ചത്.

മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ ഇ എം അഗസ്തിയും ബിജെപിയിലേക്ക് പോകുമെന്ന പ്രചരണം ശക്തമായിരിക്കുകയാണ്. മുന്‍ വനിതാകമീഷന്‍ അംഗം പ്രമീളാദേവിയും നേരത്തേ ബിജെപിയില്‍ ചേര്‍ന്നിരുന്നു. മുന്‍ പിഎസ്എസി ചെയര്‍മാന്‍ ഡോ. കെ എസ് രാധാകൃഷ്ണന്‍ ബിജെപിയുടെ സമരത്തില്‍ പങ്കെടുത്തതും വിവാദമായിരുന്നു.

കോണ്‍ഗ്രസില്‍ നിന്നും ആളുകളെ ബിജെപിയിലേക്ക് ചാടിക്കാന്‍ അവസരം നോക്കിയിരിക്കയാണ് ഭരണ പാര്‍ട്ടിയിലെ ദേശീയ നേതാക്കള്‍. കോണ്‍ഗ്രസില്‍ ആര്‍ക്കും വേണ്ടാതിരുന്ന രാമന്‍ നായരെ പോലും പാര്‍ട്ടി സംസ്ഥാന ഉപാധ്യക്ഷനാക്കിയാണ് ശ്രീധരന്‍ പിള്ള കളിച്ചത്. കോണ്‍ഗ്രസില്‍ നിന്നും കൂടുതല്‍ പേരെ അടര്‍ത്തിയെടുക്കും എന്ന് പിള്ള പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇങ്ങനെ കോണ്‍ഗ്രസില്‍ നിന്നും ആളെ നോക്കിയിരിക്കവേ ഒരു എഐസിസി നേതാവ് ബിജെപിയുടെ സമരപന്തല്‍ സന്ദര്‍ശിച്ചത് വിവാദമാകുന്നു.

Top