സര്‍ക്കാര്‍ നിലപാടിന് നവോത്ഥാന സംഘടനകളുടെ പിന്തുണ, വനിതാ മതില്‍ സംഘടിപ്പിക്കും.സാമുദായിക സംഘടനകള്‍ സര്‍ക്കാരിനൊപ്പമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സര്‍ക്കാര്‍ നിലപാടിന് നവോത്ഥാന സംഘടനകളുടെ പിന്തുണയുണ്ടെന്നു മുഖ്യമന്ത്രി. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ നവോത്ഥാന പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ ജനുവരി ഒന്നിന് വനിതാമതില്‍ സംഘടിപ്പിക്കും. ജനുവരി ഒന്നിന് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയാണ് വനിതാമതില്‍ സംഘടിപ്പിക്കുക. കേരളത്തെ ഭ്രാന്താലയമാക്കരുന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരിക്കും വനിതാ മതില്‍. നവോത്ഥാന സംഘടനകളുടെ യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. യോഗത്തിന് എന്‍.എസ്.എസ് വരേണ്ടതായിരുന്നുവെന്നും ബാക്കി കാര്യങ്ങള്‍ പിന്നീട് ആലോചിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സാമുദായിക സംഘടനകളുടെ യോഗം തിരുവനന്തപുരത്ത് സമാപിച്ചു. കേരളം ഭ്രാന്താലയമാക്കരുതെന്ന സന്ദേശമുയര്‍ത്തി ജനുവരി ഒന്നിന് വനിതാ മതില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.

യോഗത്തില്‍ നിന്ന് എന്‍.എസ് എസ് വിട്ടുനിന്നിരുന്നു. യോഗത്തില്‍ പങ്കെടുത്ത എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ എന്‍.എസ്.എസിനും പന്തളം-തന്ത്രി കുടുംബത്തിനും എതിരെ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. മൂന്നു പേർ കൂടി ചേർന്നപ്പോൾ കേരളം കുട്ടിച്ചോർ ആയെന്ന് വെള്ളാപ്പള്ളി പറഞ്ഞു. പേരെടുത്ത് പറയാതെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശം. നവോത്ഥാന മൂല്യങ്ങളുടെ പിൻതുടർച്ചക്കാരാണ് കേരളത്തിന്റെ ശക്തി, ഇപ്പോൾ ഇറങ്ങി നടക്കുന്നവരല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയനും യോഗത്തില്‍ വ്യക്തമാക്കിയിരുന്നു.

എന്‍.എസ്.എസ് ഒഴികെ ക്ഷണിക്കപ്പെട്ട സമുദായ സംഘടനകള്‍ മിക്കതും യോഗത്തിന് എത്തി. എന്‍.എസ്.എസ് യോഗത്തില്‍ പങ്കെടുക്കേണ്ടതായിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെ.പി.എം.എസ് നേതാവ് പുന്നല ശ്രീകുമാര്‍, എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ എന്നിവരടക്കം നൂറിലധികം സംഘടനകളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. വനിതാ മതില്‍ അടക്കം തുടര്‍ പരിപാടികളുടെ സംഘാടനത്തിനായി വെള്ളാപ്പള്ളി നടേശന്‍ ചെയര്‍മാനായി സമിതി രൂപീകരിച്ചു. പുന്നല ശ്രീകുമാറാണ് കണ്‍വീനര്‍. വിവിധ സംഘടനകളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി കമ്മറ്റിയും രൂപീകരിച്ചിട്ടുണ്ട്.

Top