
ശബരിമലയിലെ തന്ത്രങ്ങളെക്കുറിച്ചുള്ള ശ്രീധരന്‍ പിള്ളയുടെ വിവാദ പ്രസംഗം പുറത്തു വന്നതിന് പിന്നാലെ ബിജെപിയില്‍ ചേരിപ്പോര് രൂക്ഷം. പ്രസംഗം പുറത്ത് വന്നതുമായി ബന്ധപ്പെട്ട് നടത്തിയ പത്ര സമ്മേളനത്തില്‍ ശ്രീധരന്‍ പിള്ള പേര് പരാമര്‍ശിക്കാതെ എടുത്തു പറഞ്ഞ എംപിയെ ചുറ്റിപ്പറ്റിയാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.
ശബരിമലയില്‍ ബിജെപി അജണ്ട നടപ്പാക്കി എന്ന യുവമോര്‍ച്ച സമ്മേളനത്തിലെ പ്രസംഗം മാധ്യമങ്ങളില്‍ വന്നതിനെ കുറിച്ച് പത്രസമ്മേളനത്തിലായിരുന്നു ശിരീധരന്‍ പിള്ള ‘ആ എംപിയുടെ കാര്യം പാര്‍ട്ടി നേതാക്കള്‍ നോക്കിക്കൊള്ളു’മെന്ന് പറഞ്ഞത്. പാര്‍ട്ടിക്കുള്ളിലെ ചേരിപ്പോരാണ് പ്രസംഗം വിവാദമാക്കിയതിന് പിന്നില്‍ എന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ ഒരുവിഭാഗം ഇത് നിഷേധിക്കുന്നുണ്ട്.
കുമ്മനത്തിന് പകരം ജനറല്‍ സെക്രട്ടറിമാരായ എം.ടി രമേശോ കെ. സുരേന്ദ്രനോ പ്രസിഡന്റാകും എന്നാണ് ഭൂരിഭാഗം പേരും കരുതിയിരുന്നത്. എന്നാല്‍ ഇരുപക്ഷത്തേയും വെട്ടി ശ്രീധരന്‍പിള്ളയെ കേന്ദ്രനേതൃത്വം പ്രസിഡന്റാക്കി. സുരേന്ദ്രന് വേണ്ടി വ്യക്തമായ നിലപാട് എടുത്ത വി.മുരളീധരന്‍ എംപി ഇതോടെ നേതൃത്വത്തോട് അകല്‍ച്ചയിലായെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.
മുരളീധരന്റെ നേതൃത്വത്തില്‍ സംസ്ഥാന ഘടകത്തോട് ആലോചിക്കാതെ കോഴിക്കോട് കേന്ദ്രമന്ത്രിയെ കൊണ്ടുവന്നതില്‍ ശ്രീധരന്‍പിള്ള അതൃപ്തി പരസ്യമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പിള്ളയുടെ പ്രസംഗം മാധ്യമങ്ങളില്‍ വന്നത്.
എന്നാല്‍ മുരളീധരനെയല്ല, വാര്‍ത്ത ബ്രേക്ക് ചെയ്ത ചാനലിന്റെ ഉടമകൂടിയായ രാജീവ് ചന്ദ്രശേഖര്‍ എംപിയെ ലക്ഷ്യം വെച്ചാണ് ശ്രീധരന്‍പിള്ള പറഞ്ഞത് എന്നാണ് ഒരുവിഭാഗം പറയുന്നത്. വിവാദങ്ങളെ പാര്‍ട്ടി ഗൗരവത്തോടെ കാണുന്നില്ലെന്നും ശബരിമല തുറന്നുപറച്ചില്‍ തങ്ങള്‍ വിശ്വാസികള്‍ക്കൊപ്പമാണ് എന്ന ധാരണ പുലര്‍ത്താന് സഹായിച്ചുവെന്നുമാണ് ബിജെപി വിലയിരുത്തല്‍