പോലീസുകാര്‍ക്കു മാത്രം ഉണ്ടാക്കാന്‍ പറ്റുന്ന 18 മാരക മുറിവുകള്‍: ശ്രീജിത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

വരാപ്പുഴ: ശ്രീജിത്തിന്‍െ കസ്റ്റഡി കൊലപാതകത്തില്‍ പോലീസുകാര്‍ തന്നെയാണ് പ്രതികള്‍ എന്ന് തെളിയിച്ച് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പോലീസുകാര്‍ക്ക് മാത്രം ഉണ്ടാക്കാന്‍ പറ്റുന്ന ക്രൂരമായ 18 മുറിവുകളാണ് ശ്രീജിത്തിന്റെ ശരീരത്തില്‍ നിന്ന് കണ്ടെത്തിയത്. ഇതോടെ പോലീസിന്റെ ‘കയ്യൊപ്പുള്ള’ ക്ഷതങ്ങളാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
സാധാരണ അടിപിടിക്കേസുകളില്‍ കാണാത്തതും കേരളത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കസ്റ്റഡി മരണക്കേസുകളില്‍ ആവര്‍ത്തിച്ചു രേഖപ്പെടുത്തിയതുമായ 18 മുറിവുകളാണിതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ശ്രീജിത്തിന്റെ മൃതദേഹത്തില്‍ ജനനേന്ദ്രിയ ഭാഗങ്ങളില്‍ കണ്ടെത്തിയ മുറിവുകളെ പൊലീസിന്റെ ‘കയ്യൊപ്പുള്ള’ ക്ഷതങ്ങളെന്നാണു ഫൊറന്‍സിക് വിദഗ്ധരുടെ വിലയിരുത്തല്‍. ശ്രീജിത്തിന്റെ വൃഷണങ്ങളുടെ ഉള്ളില്‍ രക്തം കട്ടപിടിച്ചതിന്റെ പല അടരുകളിലുള്ള പരിശോധന നടത്തിയിട്ടുണ്ട്. പൊലീസ് മര്‍ദനക്കേസുകളുടെ സ്ഥിരം സ്വഭാവമുള്ള ക്ഷതങ്ങളാണിവ. വയറിന്റെ തൊലിപ്പുറത്ത് ചതവില്ലാതെ ചെറുകുടലിനേറ്റ മാരകമായ പരുക്കാണു കസ്റ്റഡി പീഡനത്തിന്റെ മറ്റൊരു തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വയറിനു മുകളില്‍ കനത്തില്‍ മടക്കിയ കിടക്കവിരിയോ പ്ലാസ്റ്റിക്ക് ഷീറ്റോ ഇട്ട ശേഷം പൊലീസ് ബൂട്ടിന്റെ ഉപ്പൂറ്റികൊണ്ടു ശക്തിയായി ആവര്‍ത്തിച്ചു തൊഴിക്കുമ്പോഴാണ് ഇത്തരം മുറിവുണ്ടാകുന്നത്. ശ്രീജിത്തിന്റെ ചെറുകുടല്‍ മുറിഞ്ഞു വേര്‍പെട്ട് പോകാറായ സ്ഥിതിയിലായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മരണകാരണമായി പൊലീസ് വിശദീകരിക്കുന്നതുപോലെ, പ്രാദേശികമായുണ്ടായ അടിപിടിയല്ല ശ്രീജിത്തിന്റെ ദേഹത്തുകാണപ്പെട്ട മുറിവുകള്‍ക്കു കാരണമെന്നാണു വിദഗ്ധ നിഗമനം. മര്‍ദനമേറ്റത് പൊലീസ് വാഹനത്തിനുള്ളിലാവാനും സാധ്യതയുണ്ട്. ഇതിനിടെ ശ്രീജിത്തിനു മര്‍ദനമേറ്റതായി സംശയിക്കുന്ന മുനമ്പം പൊലീസിന്റെ വാഹനം ഫൊറന്‍സിക് വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ ക്രൈംബ്രാഞ്ച് പരിശോധിച്ചു. വരാപ്പുഴ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ എസ്പിയുടെ സ്‌ക്വാഡ് പിടികൂടിയതായി പറയുന്ന യുവാവിനെ മുനമ്പം പൊലീസിന്റെ വാഹനത്തില്‍ എന്തിനാണു കയറ്റിയതെന്നു വ്യക്തമായിട്ടില്ല.

പോസ്റ്റുമോര്‍ട്ടത്തില്‍ മരണകാരണമായി കണ്ടെത്തിയ പരുക്കുകളില്‍ പ്രധാനം ചെറുകുടലില്‍ ഉണ്ടായതാണ്. കുടലില്‍നിന്ന് പുറത്തുവന്ന ഭക്ഷ്യാവശിഷ്ടങ്ങള്‍ രക്തത്തില്‍ കലര്‍ന്നുണ്ടായ അണുബാധ എല്ലാ ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെയും ബാധിച്ചു. ശ്രീജിത്തിനു പരുക്കേറ്റത് ഏതെങ്കിലും പൊലീസ് വാഹനത്തിന് ഉള്ളില്‍വച്ചാണോ എന്നു കണ്ടെത്താനുള്ള ശ്രമത്തിലാണു പൊലീസ്. കൊല്ലപ്പെട്ട ശ്രീജിത്തിന്റെ തലമുടി, ശരീരസ്രവങ്ങള്‍, രക്തം എന്നിവയുടെ സാമ്പിളുകള്‍ പൊലീസ് വാഹനങ്ങളില്‍ വീണിട്ടുണ്ടോയെന്നു കണ്ടെത്താനാണു ക്രൈംബ്രാഞ്ച് ഫൊറന്‍സിക് ഉദ്യോഗസ്ഥരുടെ സേവനം തേടിയിരിക്കുന്നത്. ഈ ഫലം പുറത്തു വന്നിട്ടില്ല.

Top