
പാലക്കാട്: പാലക്കാട്ടെ ശ്രീനിവാസന്റെ കൊലപാതകത്തിൽ അന്വേഷണം ഊർജിതമാക്കി . പ്രതികളെ കുറിച്ച് കൃത്യമായ സൂചന ലഭിച്ചെന്ന് പൊലീസ് വ്യക്തമാക്കി. കേസിൽ പന്ത്രണ്ട് പ്രതികളാണ് ഒളിവിലുള്ളത്. ഇതുവരെ കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത നാലുപേർ പിടിയിലായി.അറസ്റ്റിലായ നാല് പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രതികളെ സഹായിച്ച മുഹമ്മദ് ബിലാൽ, റിയാസുദ്ദീൻ, സഹദ്, പ്രതികളുടെ ഫോണുകള്‍ വീടുകളിലെത്തിച്ച റിസ്വാന്‍ എന്നിവരെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് പൊലീസ് ആവശ്യപ്പെട്ടേക്കും. കൃത്യത്തിൽ നേരിട്ട് പങ്കുള്ള ആറ് പേർ ഉടൻ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു.
കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളായ ശംഖുവാരത്തോട് സ്വദേശി അബ്ദുറഹ്മാന്‍, തമിഴ്നാട് രജിസ്ട്രേഷനിലുള്ള ബൈക്കിലുണ്ടായിരുന്ന പട്ടാമ്പി സ്വദേശി ഉമ്മർ, ഫിറോസ്, ആക്ടിവ ബൈക്കില്‍ ഉണ്ടായിരുന്ന അബ്ദുള്‍ ഖാദര്‍ എന്നിവരുള്‍പ്പടെ വൈകാതെ വലയിലാവുമെന്നാണ് പൊലീസ് അറിയിക്കുന്നത്. അതിനിടെ സുബൈര്‍ കൊലക്കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് ഇന്ന് നടന്നേക്കും.
അതേസമയം, പാലക്കാട് ജില്ലയിൽ നിരോധനാജ്ഞ ഏപ്രിൽ 24 വരെ തുടരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. വിഷുദിനം കുത്തിയതോട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മേലാമുറിയിൽ ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനും കൊല്ലപ്പെട്ടത്. ഇതോടെയാണ് ജില്ലയിലാകെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കൊലപാതകങ്ങളെ തുടർന്ന് മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും തുടർന്ന് ക്രമസമാധാന നില തകരാറിലാകാനുമുള്ള സാധ്യത മുന്നിൽ കണ്ട് ഏപ്രിൽ 16-ന് പ്രഖ്യാപിച്ച നിരോധനാജ്ഞയാണ് ഇപ്പോൾ നീട്ടിയത്.
ഉത്തരവ് പ്രകാരം പൊതുസ്ഥലങ്ങളിൽ അഞ്ചോ അതിലധികമോ ആളുകൾ ഒത്തു ചേരുന്നത് നിരോധിച്ചിട്ടുണ്ട്. പൊതു സ്ഥലങ്ങളിൽ യോഗങ്ങളോ പ്രകടനങ്ങളോ ഘോഷയാത്രകളോ പാടില്ല. ഇന്ത്യൻ ആയുധ നിയമം സെക്ഷൻ 4 പ്രകാരം പൊതുസ്ഥലങ്ങളിൽ വ്യക്തികൾ ആയുധമേന്തി നടക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഇന്ത്യൻ സ്ഫോടക വസ്തു നിയമം 1884-ലെ സെക്ഷൻ 4 പ്രകാരം പൊതുസ്ഥലങ്ങളിൽ സ്‌ഫോടകവസ്തുക്കൾ കൈവശം വെക്കുന്നതും അപ്രതീക്ഷിത സംഭവങ്ങൾ ഉടലെടുക്കും വിധം സമൂഹത്തിൽ ഊഹാപോഹങ്ങൾ പരത്തുകയോ ചെയ്യാൻ പാടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. അവശ്യസേവനങ്ങൾക്കും ലോ എൻഫോഴ്‌സ്‌മെന്റ് ഏജൻസികൾക്കും ഉത്തരവ് ബാധകമല്ല.