തിരുവനന്തപുരം:ശ്രീറാം വെങ്കിട്ടരാമന്‍റേയും വഫ ഫിറോസിന്‍റേയും ദൃശ്യങ്ങള്‍ പകര്‍ത്തിയപ്പോൾ വഞ്ചിയൂര്‍ കോടതിയില്‍ മാധ്യമ പ്രവര്‍ത്തകന് മർദ്ദനം. വഞ്ചിയൂർ കോടതിയിൽ ആണ് മാധ്യമ പ്രവർത്തകനെ അഭിഭാഷകൻ കൈയേറ്റം ചെയ്തത് . കെ.എം.ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ വഞ്ചിയൂര്‍ കോടതിയില്‍ ഇരുവരും ഹാജരായപ്പോഴാണ് സിറാജ് ഫോട്ടോഗ്രഫര്‍ ടി.ശിവജികുമാറിനെതിരെ ആക്രമണം ഉണ്ടായത്.
വഫയുടെ ചിത്രം എടുക്കുന്ന സമയത്ത് അഭിഭാഷകര്‍ ശിവജിയുടെ കൈയില്‍ നിന്ന് ക്യാമറയും അക്രെഡിറ്റേഷന്‍ കാര്‍ഡും പിടിച്ചുവാങ്ങുകയായിരുന്നു.പത്രപ്രവർത്തക യൂണിയൻ നേതാവ് സുരേഷ് വെള്ളിമംഗലത്തിന് നേരെയും കൈയേറ്റ ശ്രമം ഉണ്ടായി. മുമ്പും കോടതിയിൽ വെച്ച് മാധ്യമ പ്രവർത്തകർക്ക് നേരെ അഭിഭാഷകരുടെ കൈയേറ്റം ഉണ്ടായിട്ടുണ്ട്.
മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ശ്രീറാം വെങ്കിട്ടരാമന്റെയും വഫ ഫിറോസിന്റെയും ചിത്രം പകർത്തുന്നതിനിടെയാണ് സംഭവം. സിറാജ് ഫോട്ടോഗ്രാഫർ ശിവജി, കെ.യു.ഡബ്ല്യൂ.ജെ തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് സുരേഷ് വെള്ളിമംഗലം എന്നിവര്‍ക്ക് മര്‍ദനമേറ്റു. ശിവജിയുടെ മൊബൈല്‍ ഫോണും ഐ.ഡി കാര്‍ഡും പിടിച്ചെടുക്കുകയും ചെയ്തു. “കോടതിയില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ ഞാന്‍ ശ്രീറാം വെങ്കിട്ടരാമന്‍റെ ചിത്രമെടുത്തു.
അതുകഴിഞ്ഞ് പുള്ളി കാറില്‍ കയറി പോയി. പിന്നെ വഫ വന്നപ്പോള്‍ വഫയുടെ ചിത്രമെടുത്തു. അതിനിടെ അവിടെ എന്തോ കോടതി ആവശ്യത്തിന് വന്ന പൊലീസ് ഓഫീസര്‍ ഇടപെട്ട് അവരുടെ അനുമതിയില്ലാതെ എന്തിന് ഫോട്ടോയെടുത്തെന്ന് ചോദിച്ചു. നിങ്ങടെ ഐഡി കാര്‍ഡ് എവിടെ എന്നൊക്കെ ചോദിച്ച് ഇഷ്യു ആക്കി എല്ലാവരെയും വിളിച്ചുകൂട്ടി. ഉടനെ തന്നെ ആള് കൂടി ഐഡി കാര്‍ഡ് പിടിച്ചുവാങ്ങി. അതിനുശേഷം മൊബൈലിലെ ഫോട്ടോസ് ഡിലീറ്റ് ചെയ്യിച്ചു. അവസാനം മൊബൈല്‍ പിടിച്ചെടുക്കാന്‍ നോക്കി. മൊബൈല്‍ പൊലീസുകാര് ഏറ്റെടുത്തുകൊണ്ടുപോയി. അപ്പോഴേക്കും ഇരുപത്തഞ്ചോളം ആളുകള്‍ കൂടി. കൈവെയ്ക്കുമെന്ന അവസ്ഥയിലാണ് പൊലീസ് ഇടപെട്ടത്. പരാതി നല്‍കിയിട്ടുണ്ട്’- സിറാജ് ഫോട്ടോഗ്രാഫര്‍ ശിവജി പറഞ്ഞു.
കെ.എം ബഷീര്‍ കൊല്ലപ്പെട്ടിട്ട് രണ്ട് വര്‍ഷം പിന്നിടുമ്പോഴാണ് കേസില്‍ വിചാരണ നടപടികള്‍ ആരംഭിക്കുന്നത്. ഇന്ന് പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസും തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയിൽ നേരിട്ട് ഹാജരായിരുന്നു. കേസ് അടുത്ത മാസം 29 നു വീണ്ടും പരിഗണിക്കും. കേസിൽ തെളിവായി പ്രത്യേക സംഘം നൽകിയ സിസിടിവിയുടെ ദൃശ്യങ്ങൾ ശ്രീറാം വെങ്കിട്ട രാമൻ ആവശ്യപ്പെട്ട പ്രകാരം മജിസ്ട്രേറ്റ് കോടതി നൽകിയിരുന്നു. ഇതിനുശേഷമാണ് കേസ് സെഷൻസ് കോടതിയിലേക്ക് മാറ്റിയത്. 2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ച് അമിതവേഗതയിൽ ഓടിച്ച കാറിടിച്ചാണ് കെ.എം ബഷീറിന്‍റെ മരണം. വാഹന ഉടമയായ വഫ ഫിറോസും ഒപ്പമുണ്ടായിരുന്നു.