കെ എം ബഷീറിനെ കാറിടിച്ച് കൊന്ന സംഭവം പ്രതികള്‍ക്ക് സി സി ടി വി ദൃശ്യങ്ങള്‍ നല്‍കാന്‍ കോടതി അനുമതി. 15ന് സൈബര്‍ സെല്‍ ഡിവൈ. എസ് പി ഹാജരാകണം.പ്രദര്‍ശിപ്പിച്ചാല്‍ ഹാഷ്‌വാല്യൂ മാറില്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

സ്വന്തം ലേഖകന്‍
തിരുവനന്തപുരം :സിറാജ് തിരുവനന്തപുരം യൂനിറ്റ്ചീഫ് കെ എം. ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ദ്യശ്യങ്ങടങ്ങിയ രണ്ട് ഡി വി ഡികള്‍ പ്രതികളായ ശ്രീറം വെങ്കിട്ടരാമന്‍, വഫ ഫിറോസ് എന്നിവര്‍ക്ക് നല്‍കുന്നതിന് കോടതി അനുമതി നല്‍കി. തിരുവനന്തപുരം മൂന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ജഡ്ജി എ അനീസയാണ് അനുമതി നല്‍കിയത്. വിചാരണക്കായി സെഷന്‍സ് കോടതിയില്‍ ഹാജരാക്കുന്നതിന് മുമ്പ് സി സി ടി വി ദൃശ്യങ്ങളടങ്ങിയ ഡി വി ഡികള്‍ പ്രദര്‍ശിപ്പിച്ചാല്‍ ഹാഷ് വാല്യൂ മാറില്ലെന്ന് ഫോറന്‍സിക് അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ നടപടി. എന്നാല്‍ കോടതിയില്‍ ജഡ്ജിയുടെ സാന്നിധ്യത്തില്‍ പ്രദര്‍ശിപ്പിച്ച ശേഷമേ പകര്‍പ്പെടുക്കാന്‍ അനുവദിക്കുകയുള്ളൂ. കോടതിയില്‍ പ്രദര്‍ശിപ്പിച്ച് പകര്‍പ്പെടുക്കാന്‍ ഡിവൈസ് സഹിതം സിറ്റി സൈബര്‍ സെല്‍ ഡിവൈ. എസ് പി ഹാജരാകാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. ഈ മാസം 15നാണ് സൈബര്‍ക്രൈം പോലീസ്‌സ്റ്റേഷന്‍ ഹൗസ് ഓഫീസറായ ഡിവൈ. എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥനോട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

ഫോറന്‍സിക് പരിശോധനക്ക് മുമ്പേ ഡി വി ഡികള്‍ കോടതിയില്‍ പ്രദര്‍ശിപ്പിച്ചാല്‍ ഹാഷ് വാല്യൂ മാറില്ലെന്ന് ഫോറന്‍സിക് വിദഗ്ധ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഹാഷ് വാല്യു മാറുമോയെന്ന് ഫോറന്‍സിക് അഭിപ്രായ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് എസ് പി എ ഷാനവാസിനോട് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. ഇതുപ്രകാരമാണ് റിേപ്പാര്‍ട്ട് കോടതിയില്‍ ഹാജരാക്കിയത്. ഡി വി ഡി പകര്‍പ്പുകള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ശ്രീറാം സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഫോറന്‍സിക് വിദഗ്ധ റിപ്പോര്‍ട്ട് പ്രകാരം പകര്‍പ്പുകളെടുക്കാന്‍ ഫോറന്‍സിക് ലബോറട്ടറിയിലേക്ക് അയക്കേണ്ട കാര്യമില്ലെന്ന് കോടതി വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അപകട സമയത്തെ സി സി ടി വി ഫൂട്ടേജ് ദ്യശ്യങ്ങള്‍ പകര്‍ത്തിയ 2 ഡിവിഡികള്‍ പ്രതികള്‍ക്ക് നല്‍കും മുമ്പ് കോടതിയില്‍ പ്രദര്‍ശിപ്പിച്ചാല്‍ തെളിവിന്റെ പവിത്രത നഷ്ടപ്പെടുന്ന അവസ്ഥയായ ഹാഷ് വാല്യൂ മാറ്റം വരില്ലേയെന്ന് കോടതി സംശയം പ്രകടിപ്പിച്ചിരുന്നു. അങ്ങനെ സംഭവിച്ചാല്‍ പ്രതികള്‍ക്ക് നല്‍കേണ്ട ക്ലൗണ്‍ഡ് കോപ്പിയില്‍ (അടയാള സഹിതം പകര്‍പ്പ് ) കൃത്രിമം നടന്നുവെന്ന് പ്രതികള്‍ വിചാരണ കോടതിയില്‍ തര്‍ക്കമുന്നയിക്കില്ലേയും കോടതി ചോദിച്ചു. ഇതിനായി പകര്‍പ്പ് നല്‍കും മുമ്പ് ഡി വി ഡികളുടെ വെറാസിറ്റി (കൃത്യത) വിചാരണ വേളയില്‍ തര്‍ക്കിക്കില്ലായെന്ന സത്യവാങ്മൂലം പ്രതികള്‍ സമര്‍പ്പിക്കേണ്ടതുണ്ടെന്നും കോടതി നിര്‍ദേശിച്ചു.

അതോടൊപ്പം ഡി വി ഡികളുടെ പകര്‍പ്പുകള്‍ ഫോറന്‍സിക് ലബോറട്ടറി പരിശോധനക്ക് ശേഷമേ പ്രതികള്‍ക്ക് നല്‍കാവൂയെന്ന് പ്രോസിക്യൂഷനും കോടതിയില്‍ നിലപാടെടുത്തിരുന്നു. ഡി വി ഡി ദൃശ്യങ്ങള്‍ കോടതിയില്‍ വെച്ച് പ്രതികളെ കാണിച്ച് ഉറപ്പു വരുത്തിയ ശേഷം ഫോറന്‍സിക് ലാബിലേക്കയച്ച് പകര്‍പ്പ് ലഭ്യമാക്കാവുന്നതാണെന്ന് കോടതി നിരീക്ഷിച്ചു.

Top