ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുന്ന ഉത്തരവ് ഇന്ന് പുറത്തിറക്കിയേക്കും

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്റെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുന്ന ഉത്തരവ് ഇന്ന് പുറത്തിറക്കിയേക്കും. ചീഫ് സെക്രട്ടറിക്ക് ഡിജിപി റിപ്പോര്‍ട്ട് കൈമാറി.അതേസമയം ശ്രീറാം വെങ്കിട്ടരാമനെ മെഡിക്കല്‍ കോളേജിലെ റിമാന്‍ഡ് തടവുകാര്‍ക്കുള്ള പോലീസ് സെല്ലില്‍ നിന്നും മള്‍ട്ടി സ്‌പെഷ്യാലിറ്റി ഐസിയുവിലേക്ക് മാറ്റി. ശ്രീറാം കടുത്ത മാനസികസമ്മര്‍ദത്തിലാണെന്ന് മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു.

ശ്രീറാമിനെ പോലീസ് സെല്‍ വാര്‍ഡില്‍ നിന്നും ആദ്യം സര്‍ജറി ഐസിയുവിലേക്കാണ് മാറ്റിയത്. പിന്നീട് ഇവിടെനിന്നും മള്‍ട്ടി സ്‌പെഷ്യാലിറ്റി ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. കര്‍ശന സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ആന്തരികക്ഷതം ഉള്ളതിനാലാണ് മള്‍ട്ടിസ്‌പെഷ്യല്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചതെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ ശ്രീറാമിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ചു മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കിയിട്ടില്ല.

Top