ശ്രീറാം വെങ്കിട്ടരാമനെ ജയിലിലേക്ക് മാറ്റി

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമനെ ജയിലിലേക്ക് മാറ്റി. മജിസ്ട്രേറ്റിന്റെ ഉത്തരവിനെ തുടര്‍ന്നാണ് ശ്രീറാമിനെ ജയിലിലേക്ക് മാറ്റിയത്. മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് മജിസ്ട്രേറ്റിന്റെ തീരുമാനം. പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കാണ് ശ്രീറാമിനെ മാറ്റിയത്. ശ്രീറാം വെങ്കിട്ടരാമന് സ്വകാര്യ ആശുപത്രിവാസം ആവശ്യമില്ലെന്നും മജിസ്ട്രേറ്റ് വ്യക്തമാക്കി.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽനിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശ്രീറാമിനെ വഞ്ചിയൂർ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയും തുടർന്ന് സബ്ജയിലിലേക്ക് മാറ്റാന്‍ നിര്‍ദേശിക്കുകയുമായിരുന്നു.കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് മജിസ്ട്രേറ്റിന് ബോധ്യപ്പെട്ടതിനാലാണ് ജയിലിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചത്. അതേസമയം മാസ്ക് ധരിപ്പിച്ച് സ്ട്രെച്ചറില്‍ കിടത്തി അതീവഗുരുതരാവസ്ഥയിലുള്ള രോഗിയെ കൊണ്ടുപോകുന്നതുപോലെയായിന്നു ശ്രീറാമിനെ ആംബുലന്‍സിലേക്ക് മാറ്റിയത്. ശ്രീറാമിനെ മാധ്യമങ്ങളില്‍ നിന്ന് അകറ്റിനിര്‍ത്താന്‍ വേണ്ടി പോലീസ് നടത്തിയ നാടകമാണിതെന്ന ആരോപണവും ഉയരുന്നുണ്ട്.സബ്ജയിലില്‍ നിന്ന് ശ്രീറാമിനെ മെഡിക്കല്‍ കോളേജിലെ പോലീസ് സെല്ലിലേക്ക് മാറ്റിയേക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മാസ്‌ക് ധരിപ്പിച്ച് ആംബുലന്‍സിലാണ് ശ്രീറാമിനെ മജിസ്ട്രേറ്റിന് മുന്നില്‍ എത്തിച്ചത്. കേസില്‍ ശ്രീറാമിനെ റിമാന്റ് ചെയ്തിരുന്നെങ്കിലും ആരോഗ്യ പ്രശ്‌നങ്ങളുടെ പേരില്‍ ആശുപത്രിയില്‍ തുടരുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ശ്രീറാമിനും പരിക്ക് പറ്റിയിരുന്നു. എന്നാല്‍ കാര്യമായ ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെന്ന വിലയിരുത്തലോടെയാണ് ജയിലിലേക്ക് അയയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ശ്രീറാം വെങ്കിട്ടരാമന്റെ രക്ത പരിശോധനയില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് സൂചന. കെമിക്കല്‍ പരിശോധനാ ലാബിലെ ഫലം ഔദ്യോഗികമായി നാളെയാണ് കൈമാറുക. അപകടം നടന്ന് ഒമ്പത് മണിക്കൂറിന് ശേഷമാണ് രക്ത സാമ്പിളെടുത്തത്.

അതേസമയം നിയമം തെറ്റിച്ച് കൊണ്ട് സ്വകാര്യ ആശുപത്രിയില്‍ ശ്രീറാം ചികിത്സ തേടിയത് രക്തത്തിലെ ആല്‍ക്കഹോളിന്റെ സാന്നിധ്യം കുറയ്ക്കാനാണെന്ന ആരോപണം ഉയരുന്നതിനിടെയാണ് ഫലം വന്നിരിക്കുന്നത്. ശ്രീറാം മദ്യപിച്ചിരുന്നതായി സംഭവ സ്ഥലത്തുണ്ടായിരുന്ന ദൃക്‌സാക്ഷികളും ആദ്യം അദ്ദേഹത്തെ കൊണ്ട് പോയ ജനറല്‍ ആശുപത്രിയിലെ ഡോക്ടറും പൊലീസ് ഉദ്യോഗസ്ഥനും കൂടെയുണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസും പറഞ്ഞിരുന്നു.അപകടം നടക്കുന്ന സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നുവെന്ന് തെളിയിക്കാന്‍ സാധിക്കാത്ത പക്ഷം സ്റ്റേഷന്‍ ജാമ്യം കിട്ടുന്ന മനപൂര്‍വ്വമല്ലാത്ത നരഹത്യ മാത്രമായിരിക്കും ശ്രീറാമിന്റെ പേരില്‍ നിലനില്‍ക്കുന്ന കുറ്റം.

ആദ്യം വൈദ്യ പരിശോധന നടത്തിയ ഡോക്ടര്‍ സ്മെല്‍ ഓഫ് ആല്‍ക്കഹോള്‍ എന്നെഴുതിയിരുന്നു. അപകട സമയത്ത് ശ്രീറാം വെങ്കിട്ടറാം മദ്യപിച്ചെന്ന് ബോധ്യമുള്ളത് കൊണ്ടാണ് സ്റ്റേഷനില്‍ എത്തിച്ചതെന്ന് മ്യൂസിയം സ്റ്റേഷനിലെ എസ് ഐ ജയപ്രകാശ് പറയുന്നതിന്റെ വീഡിയോ പുറത്ത് വന്നിരുന്നു. ശ്രീറാം നല്ലരീതിയില്‍ മദ്യപിച്ചശേഷമാണ് എത്തിയതെന്നും താന്‍ ഡ്രൈവ് ചെയ്യാമെന്നു പറഞ്ഞിട്ടും ശ്രീറാം കാര്‍ ഓടിക്കുകയായിരുന്നു എന്നാണ് വഫ ഫിറോസ് മൊഴി നല്‍കിയിരുന്നത്.

അപകടത്തില്‍പ്പെട്ട വാഹനം ഓടിച്ചയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനൊപ്പം മെഡിക്കല്‍ പരിശോധനയ്ക്കും രക്തപരിശോധനയ്ക്കും പോലീസ് ആവശ്യപ്പെടണം (പ്രത്യേകിച്ച് മദ്യപിച്ച് എന്ന് സംശയം ഉണ്ടെങ്കില്‍) എന്നതാണ് നിയമം.ശ്രീറാം മദ്യപിച്ചിരുന്നതായി സംശയമുണ്ടെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ. തന്നെ പറയുന്നുണ്ടെങ്കിലും രക്തപരിശോധന ആവശ്യപ്പെട്ടില്ല. മദ്യത്തിന്റെ മണമുണ്ടെന്ന് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ രേഖപ്പെടുത്തിയിട്ടും പോലീസ് രക്തപരിശോധന നിര്‍ദേശിച്ചില്ലെന്നത് പൊലീസ് ഒത്തു കളിച്ചത് കൊണ്ടാണെന്ന് ആരോപണമുണ്ടായിരുന്നു.

Top