മാദ്ധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസിൽ സസ്പെൻഷനിലായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ തിരിച്ചെടുക്കാൻ ചീഫ് സെക്രട്ടറിയുടെ ശുപാർശ. ശ്രീറാമിനെ കുറ്റവിമുക്തനാക്കുന്നതിൻ്റെ ആദ്യപടിയാണ് സർവ്വീസിൽ തിരിച്ചെടുക്കുന്ന നടപടിയെന്ന് ആരോപണം ഉയരുകയാണ്. കേസിൽ ഇതുവരെ പൊലീസ് കുറ്റപത്രം നൽകാത്ത സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറി ടോം ജോസ് ചെയർമാനായ ഉദ്യോഗസ്ഥ സമിതി മുഖ്യമന്ത്രിക്ക് ശുപാർശ നൽകിയത്.
അഴിമതിക്കെതിരെ നിലപാട് എടുത്തതിലൂടെ പൊതു സമൂഹത്തിന്റെ കൈയടി നേടിയ ഉദ്യോഗസ്ഥനാണ് ശ്രീറാം. എന്നാൽ, മദ്യപിച്ച് ബോധംകെട്ട് വഫാ ഫിറോസിന്റെ കാറില്‍ അമിത വേഗതിൽ പോകവെയാണ് മാദ്ധ്യമപ്രവർത്തകനായ ബഷീറിനെശ്രീറാം ഇടിച്ചു വീഴ്ത്തിയത്. എന്നാല്‍ രക്ത പരിശോധന പോലും അട്ടിമറിച്ച് തെളിവുകള്‍ സിവില്‍ സര്‍വ്വീസ് ലോബി ഇല്ലാതാക്കി. ഇപ്പോൾ മാധ്യമ പ്രവര്‍ത്തകരുടെ പ്രതിഷേധം തണുപ്പിച്ച് ശ്രീറാമിനെ തിരിച്ചെടുക്കുന്നതിനുള്ള നടപടിയാണ് ആരംഭിച്ചിരിക്കുന്നത്.
ഓഗസ്റ്റ് മൂന്നിനു രാത്രി 12.55 നാണ് ബഷീര്‍ കാറിടിച്ചു കൊല്ലപ്പെട്ടത്. അന്നു ശ്രീറാം സര്‍വേ ഡയറക്ടറായിരുന്നു. സര്‍ക്കാരിന് 6 മാസം വരെ സസ്പെന്‍ഡ് ചെയ്യാന്‍ അധികാരമുണ്ട്. അതിനുശേഷം ഉദ്യോഗസ്ഥനു കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാം. ഈ കേസില്‍ പൊലീസ് ഇതുവരെ കുറ്റപത്രം നല്‍കിയിട്ടില്ല. കുറ്റപത്രം നല്‍കിയാല്‍ സസ്പെന്‍ഷന്‍ റദ്ദാക്കാനാകില്ല. അപകടം നടക്കുമ്പോള്‍ താനല്ല, ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വഫയാണു കാര്‍ ഓടിച്ചതെന്നായിരുന്നു ശ്രീറാം ചീഫ് സെക്രട്ടറിക്കു നല്‍കിയ വിശദീകരണം. അപകട സമയത്തു താന്‍ മദ്യപിച്ചിരുന്നു തുടങ്ങിയ ആരോപണങ്ങളെല്ലാം 7 പേജുള്ള കത്തില്‍ അദ്ദേഹം നിഷേധിച്ചു.
മനഃപൂര്‍വമല്ലാത്ത അപകടമാണു സംഭവിച്ചത്. അപകടം ഉണ്ടായ ഉടന്‍ ബഷീറിനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചു. പരിശോധനയില്‍ രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയിട്ടില്ലെന്നും ചീഫ് സെക്രട്ടറിയെ ശ്രീറാം അറിയിച്ചിരുന്നു. എന്നാല്‍ ശ്രീറാമാണ് വാഹനം ഓടിച്ചതിന് വഫയുടെ മൊഴിയുണ്ട്. ദൃക്സാക്ഷികളും അങ്ങനെയാണ് പറയുന്നത്. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ അടക്കം രഹസ്യമാക്കി ശ്രീറാമിനെ രക്ഷിക്കാനാണ് പൊലീസും ശ്രമിക്കുന്നത്. ബഷീറിന്റെ മരണത്തില്‍ ദുരൂഹത ഏറെയുണ്ടെന്നും പലരും കരുതുന്നു. എന്തോ മനസ്സിലാക്കിയെന്ന പകയില്‍ ബഷീറിനെ ശ്രീറാം കാറിടിച്ച് കൊല്ലുകയായിരുന്നുവെന്ന വാദവും സജീവമാണ്.
കുറ്റപത്രം നല്‍കിയാല്‍ തിരിച്ചെടുക്കാന്‍ കഴിയാത്തതിനാല്‍ ആറു മാസം വരെ വൈകിപ്പിച്ച് വീണ്ടും പൊലീസ് സഹായവും ശ്രീറാമിന് ഉറപ്പാക്കി. ആറു മാസത്തില്‍ കൂടുതല്‍ സസ്പെന്റ് ചെയ്താല്‍ നിയമ ലംഘനം ആവുമെന്ന് ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയതോടെ ശ്രീറാം വെങ്കിട്ടരാമന് ഇനി ധൈര്യമായി സര്‍വ്വീസില്‍ തിരിച്ചെത്താമെന്ന അവസ്ഥയും ഉണ്ടായി. ജേക്കബ് തോമസിനില്ലാത്ത മര്യാധ ശ്രീറാം വെങ്കിട്ടരാമന് നല്‍കുന്നത് മാധ്യമ പ്രവര്‍ത്തകരുടെ പ്രതിഷേധം എല്ലാം കെട്ടടങ്ങിയെന്ന് ഉറപ്പായപ്പോഴാണ്. ബഷീറിന്റെ ജീവന്‍ എടുത്ത യുവ ഐഎഎസുകാരന് വേണ്ടി ഇപ്പോഴും ഉദ്യോഗസ്ഥ ലോബി സജീവമാണെന്നതിന് തെളിവാണ് കുറ്റപത്രം നല്‍കല്‍ വൈകിപ്പിച്ചത്.
വെറും സാധാരണ കേസാണ് ഇത്. വഫയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കുറ്റപത്രം നല്‍കാം. വാഹനം ഓടിച്ചത് ശ്രീറാമാണെന്നതിന് ശാസ്ത്രീയ തെളിവുകളും പൊലീസിന് കിട്ടിയിട്ടുണ്ട്. എന്നിട്ടും കുറ്റപത്രം നല്‍കാത്തത് അത്ഭുതമാണ്. നേരത്തെ എഫ് ഐ ആര്‍ ഇടാന്‍ മണിക്കൂര്‍ വൈകിയത് ചര്‍ച്ചയായിരുന്നു. കേസ് ഒഴിവാക്കാനുള്ള തന്ത്രമായിരുന്നു ഇതിന് പിന്നില്‍. സമാന അട്ടിമറിയാണ് ഇപ്പോഴും നടക്കുന്നത്. ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഫോറന്‍സിക് വിഭാഗത്തിന്റെ അന്തിമ റിപ്പോര്‍ട്ട് രണ്ടാഴ്ച്ചയ്ക്കകം സമര്‍പ്പിച്ചേക്കും. അന്തിമ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്ന നടപടികള്‍ സ്വീകരിക്കുമെന്നാണ് പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കുന്നത്. അതിന് മുമ്പ് ശ്രീറാമിനെ തിരിച്ചെടുക്കാനാണ് നീക്കം.
കാറില്‍ നിന്നും ബഷീറിന്റെ ബൈക്കില്‍ നിന്നും അപകടസ്ഥലത്തു നിന്നും ശേഖരിച്ച സാമ്പിളുകള്‍ വിശകലനം ചെയ്ത ഫോറന്‍സിക് റിപ്പോര്‍ട്ടാണ് കൈമാറുക.
കവടിയാറില്‍ നിന്ന് മ്യൂസിയം ഭാഗത്തേക്ക് ശ്രീറാം വെങ്കിട്ടരാമന്‍ അമിത വേഗതയിലാണ് കാറോടിച്ചിരുന്നതെന്ന റിപ്പോര്‍ട്ട് ഫോറന്‍സിക് സംഘം നേരത്തേ നല്‍കിയിരുന്നു. മോട്ടോര്‍ വാഹന വകുപ്പ് നല്‍കിയ റിപ്പോര്‍ട്ട് സാധൂകരിക്കും വിധം അപകട സമയത്ത് കാര്‍ 120 കിലോമീറ്റര്‍ വേഗതയിലായുരന്നു എന്നാണ് ഈ റിപ്പോര്‍ട്ട്. വെള്ളയമ്പലത്തെ കെ എഫ് സിക്ക് മുന്നിലെ കാമറയിലെ ദൃശ്യം പരിശോധിച്ചാണ് വാഹനം 120 കിലോമീറ്ററിനടുത്ത് വേഗത്തിലാണ് സഞ്ചരിച്ചതെന്ന് വ്യക്തമായത്. ബഷീറിന്റെ ബൈക്കില്‍ നിന്ന് കിട്ടിയ പെയിന്റിന്റെ അംശം ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച ഫോക്സ് വാഗണ്‍ വെന്റോ കാറിന്റേതാണെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്.
കൂടാതെ ശ്രീറാം വെങ്കിട്ടരാമന്റെ വസ്ത്രത്തിലെ രക്തത്തിന്റെ അംശം കെ എം ബഷീറിന്റേതാണെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടിലുണ്ട്. സ്റ്റിയറിംഗിലെ വിരലടയാളം ശ്രീറാം വെങ്കിട്ടരാമന്റേതാണെന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. വാഹനം ഓടിച്ചത് താനല്ല എന്നാണ് ശ്രീറാം വെങ്കിട്ടരാമന്റെ മൊഴി. എന്നാല്‍ കാറോടിച്ചത് ശ്രീറാം തന്നെയാണെന്ന് സ്ഥിരീകരിക്കുന്ന വിശദാംശങ്ങള്‍ ശേഖരിച്ചാകും അന്തിമ ഫോറന്‍സിക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയെന്നാണ് സൂചന. ഈ റിപ്പോര്‍ട്ടും അട്ടിമറിക്കാന്‍ കരുനീക്കം സജീവമാണ്. സസ്പെന്‍ഷന്‍ കാലാവധി ആറ് മാസം പിന്നിട്ട സാഹചര്യത്തിലാണ് ഈ സാങ്കേതികത്വം ചൂണ്ടിക്കാട്ടി ശ്രീറാമിനെ തിരിച്ചെടുക്കാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലും സസ്പെന്‍ഷന്‍ കാലാവധി ആറ് മാസം പിന്നിടുകയും ചെയ്ത സാഹചര്യത്തില്‍ സസ്പെന്‍ഷന്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് ശ്രീറാമിന് വേണമെങ്കില്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാമെന്ന് ചീഫ് സെക്രട്ടറിയുടെ ഓഫീസ് ചൂണ്ടിക്കാട്ടുന്നു.
2019 ഓഗസ്റ്റ് മൂന്നാം തീയതിയാണ് തിരുവനന്തപുരം മ്യൂസിയം ജംഗ്ഷന് സമീപം വച്ച് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെഎം ബഷീര്‍ കൊല്ലപ്പെടുന്നത്. അന്നു സര്‍വ്വേ ഡയറക്ടറായിരുന്ന ശ്രീറാമിനെ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. ഈ കേസില്‍ പൊലീസ് ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. കുറ്റപത്രം സമര്‍പ്പിച്ചിരുന്നുവെങ്കില്‍ ചട്ടപ്രകാരം സസ്പെന്‍ഷന്‍ റദ്ദാക്കാന്‍ സാധിക്കുമായിരുന്നില്ല.