സൂറത്ത്: ലോകത്തിലെ ഏറ്റവും വലിയ പ്രതിമയെന്ന ഖ്യാതി സ്വന്തമാക്കിയ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ അനാച്ഛാദനം കഴിഞ്ഞ് ഇതുവരെ കാണാനെത്തിയത് 75,000ലധികം ആളുകള്‍. രണ്ട് കോടിയോളം രൂപയുടെ വരുമാനം ഇതുവരെ സമാഹരിക്കാനായതായും കണക്കുകള്‍ പുറത്തുവരുന്നു. പ്രതിമയെ പുച്ഛിച്ചവര്‍ക്കും പ്രതിമ ഉപയോഗ ശൂന്യമാണെന്നും അഭിപ്രായപ്പെട്ടവര്‍ക്ക് ഇത് തിരിച്ചടിയായി.
ഒക്ടോബര്‍ 31നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിമ രാജ്യത്തിന് സമര്‍പ്പിച്ചത്. മൂവായിരം കോടിയോളം മുടക്കി സരോവര്‍ അണക്കെട്ടിനടുത്ത് നിര്‍മ്മിച്ച പ്രതിമ ഉപയോഗ ശൂന്യമാണെന്നും ഈ കാശ് സര്‍ക്കാര്‍ കര്‍ഷകര്‍ക്കായോ രാജ്യത്തിന്റെ ക്ഷേമത്തിനായോ ഉപയോഗിക്കണമായിരുന്നുവെന്നും വാദങ്ങള്‍ ഉയര്‍ന്നിരുന്നു. സോഷ്യല്‍മീഡിയയിലും വലിയ തോതിലുള്ള വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. അതിനിടയിലാണ് സന്ദര്‍ശകരുടെ കണക്ക് പുറത്താക്കിയുള്ള റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം മാത്രം പ്രതിമ സന്ദര്‍ശിക്കാന്‍ എത്തിയത് 25000 ആളുകളാണെന്നും കണക്ക് സൂചിപ്പിക്കുന്നു.
ഗുണങ്ങള്‍ ഇത്രയുണ്ടെങ്കിലും പരിമിതികളും ഏറെയാണ്. ദിവസേന 5000 പേരെ മാത്രം ഉള്‍ക്കൊള്ളിക്കാന്‍ കഴിയുന്ന പ്രതിമ കാണാന്‍ കൂടുതല്‍ പേരെത്തുന്നത് പ്രദേശത്ത് വന്‍ തിരക്കിന് കാരണമായി. ദീപാവലി അവധിയോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി പേരെത്തിയത് വന്‍ ട്രാഫിക്ക് കുരുക്കിന് ഇടയാക്കി. സുരക്ഷാ ജീവനക്കാര്‍ ഏറെ പണിപ്പെട്ടാണ് ഇവിടുത്തെ ഗതാഗതക്കുരുക്ക് നീക്കാനായത്. പ്രദേശത്ത് പാര്‍ക്കിംഗ് സൗകര്യവും ഇവിടേക്കുള്ള ബസ് സര്‍വീസുകളും അപര്യാപ്തമാണെന്ന് ആക്ഷേപമുണ്ട്. നിലവില്‍ 15 ബസുകളാണ് പ്രതിമ നില്‍ക്കുന്ന സ്ഥലത്തേക്ക് സര്‍വീസ് നടത്തുന്നത്. സന്ദര്‍ശകരുടെ തിരക്ക് കണക്കിലെടുത്ത് ഇത് 40ആക്കി ഉയര്‍ത്തുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.