മാധ്യമപ്രവര്‍ത്തകന്‍ വിനു വി. ജോണിനെ ചീത്തവിളിച്ച് സോഷ്യല്‍മീഡിയയില്‍ സ്റ്റാറാകാന്‍ എത്തിയ സീരിയല്‍ നടി അനിതാ നായര്‍ക്ക് മുന്‍കാല ചരിത്രം തിരിച്ചടിയാകുന്നു. മാധ്യമപ്രവര്‍ത്തകനെതിരായ തെറിവിളി ആദ്യ ദിവസം സോഷ്യല്‍മീഡിയ ആഘോഷിച്ചെങ്കിലും പിന്നീട് നടിക്കുള്ള പിന്തുണ കുറയുകയായിരുന്നു. കൈരളി ടിവിയിലെ കുക്കറി ഷോയില്‍ ഉള്‍പ്പെടെ നടന്ന സംഭവങ്ങള്‍ പൊങ്ങിവന്നതോടെ അനിതാ നായര്‍ ഇപ്പോള്‍ പ്രതിരോധത്തിലാണ്. തിരുവനന്തപുരം സ്വദേശിയായ അനിത മൈഡിയര്‍ കരടി എന്ന ചിത്രത്തിലൂടെയാണ് അഭിനയലോകത്തെത്തുന്നത്. കലാഭവന്‍ മണിയുടെ നായികയായിട്ടായിരുന്നു തുടക്കം. സിനിമ ശ്രദ്ധിക്കപ്പെട്ടെങ്കിലും അനിതയ്ക്കു കാര്യമായ മെച്ചമുണ്ടായില്ല. പിന്നീട് ജോക്കറില്‍ നിഷാന്ത് സാഗറിന്റെ ജോഡിയായി അഭിനയിച്ചു. ചെറുതെങ്കിലും ഈ വേഷം അവരുടെ ഗ്രാഫ് ഉയര്‍ത്തി. എന്നാല്‍ പിന്നീട്, ദേശം, ഭദ്ര തുടങ്ങിയ ചിത്രങ്ങളിലെ സഹനടി വേഷങ്ങളില്‍ മാത്രമാണ് അഭിനയിക്കാനായത്. പിന്നീട് സീരിയലിലേക്ക് കൂടുമാറുകയായിരുന്നു. ഇതിനിടെ സീരിയല്‍ താരം മധു മേനോനെ വിവാഹം കഴിക്കുകയും ചെയ്തു. അനിതയെന്ന നടിയെ നാലാള്‍ അറിയുന്നത് മൂന്നു വര്‍ഷം മുമ്പ് കൈരളി ടിവിയില്‍ സംപ്രേക്ഷണം ചെയ്ത കുക്കറി ഷോയിലൂടെയാണ്. ലോകോളജ് പ്രിന്‍സിപ്പളും വിവാദനായികയുമായ ലക്ഷ്മി നായരായിരുന്നു പരിപാടിയുടെ അവതാരക. സീരിയല്‍ താരങ്ങളായിരുന്നു റിയാലിറ്റി ഷോയിലെ മത്സരാര്‍ഥികള്‍. ഒരുദിവസം ഷൂട്ടിംഗിനിടെ അനിതാ നായരും ലക്ഷ്മിയും തമ്മില്‍ കൊമ്പുകോര്‍ക്കുകയായിരുന്നു. അന്ന് കേട്ടാലറയ്ക്കുന്ന തെറിവിളികളുമായാണ് അനിതാ അഞ്ജു അരവിന്ദ്, സജിത ബേട്ടി ഉള്‍പ്പെടെയുള്ള മത്സരാര്‍ഥികളെ നേരിട്ടത്. മത്സാരാര്‍ത്ഥികളോടുള്ള ലക്ഷ്മിയുടെ പെരുമാറ്റത്തെ വിമര്‍ശിച്ച് അനിത രോഷാകുലയാകുന്ന വീഡിയോ കൈരളി ടിവി സംപ്രേക്ഷണം ചെയ്യുകയും ചെയ്തിരുന്നു.
എല്ലാവരും അവരുടെ മുന്നില്‍ പുച്ഛമടയ്ക്കി നില്‍ക്കണം എന്നാണ് അവരുടെ ആവശ്യം. എന്നെ അതിന് കിട്ടില്ല. ഞാന്‍ പ്രതികരിച്ചു. ഇറങ്ങിപ്പോയി. കാറില്‍ കയറാന്‍ നേരം തിരികെ വിളിച്ച് ഒരു മുറിയില്‍ കൊണ്ടുപോയി എന്നെ തെറിവിളിച്ചു. ഞാനും തെറി വിളിച്ചു. തുടര്‍ന്ന് ദേഷ്യപ്പെട്ട് ഇറങ്ങിപ്പോകുന്ന വീഡിയോ ആണ് അവര്‍ ഷൂട്ട് ചെയ്ത് യൂട്യൂബില്‍ ഇട്ടത്. 27 വര്‍ഷമായി ഞാന്‍ സീരിയല്‍ ഫീല്‍ഡിലുണ്ട്. അന്തസ്സായി ജോലി ചെയ്താണ് ജീവിയ്ക്കുന്നത്. ആരുടെയും ഔദാര്യം പറ്റിയല്ല. പറയേണ്ട കാര്യം പത്ത് പേരുടെ മുന്നില്‍ വച്ചു തന്നെ പറയും. ഇനിയും അങ്ങനെ തന്നെ. ആര്‍ട്ടിസ്റ്റ് എന്നാല്‍ ആരുടെയും മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കുന്നവരല്ല- അന്ന് അനിതയുടെ പ്രതികരണം ഇതായിരുന്നു. പിന്നാലെ സീരിയല്‍ നിര്‍മാതാവുമായി കൊമ്പുകോര്‍ത്തതും വലിയ വാര്‍ത്തയായിരുന്നു