കൊച്ചി: പകരം വീട്ടാൻ ലയാളസിനിമയിലെ ക്ഷുഭിതയൗവ്വനത്തിന്റെ പ്രതീകമായിരുന്ന നടൻ സുകുമാരന്റെ മകൻ പൃഥ്വി രാജ് .ചെറുക്കാൻ സൂപ്പർതാരങ്ങളും രംഗത്ത് എത്തിയതോടെ ‘അമ്മ പിളരുമെന്നുറപ്പായി .നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിനെ അമ്മ സംഘടനയില്‍ നിന്നും പുറത്താക്കിയ ശേഷം നടന്ന എക്‌സിക്യുട്ടിവ് മീറ്റ് കഴിഞ്ഞ് മമ്മൂട്ടിയുടെ വീട്ടില്‍ രഹസ്യയോഗം നടന്നതായി സൂചന. രമ്യ നമ്പീശനും പ്രിഥ്വിരാജും യോഗം തീര്‍ന്ന് പോയതിനുശേഷമാണ് ഇങ്ങനെ ഒരു രഹസ്യയോഗം കൂടിയത്.മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരടക്കം നിരവധി പ്രമുഖര്‍ മാത്രമുണ്ടായിരുന്ന യോഗത്തില്‍ ദിലീപിന് കാര്യങ്ങൾ അനുകൂലമാക്കാൻ ആയിരുന്നു ലക്‌ഷ്യം എന്നും സൂചന .അമ്മയില്‍ നിന്നും ദിലീപിനെ പുറത്താക്കിയെങ്കിലും ദിലീപിനെ സംരക്ഷിക്കാനാവശ്യമായ എല്ലാം ഇപ്പോഴും നടത്തുന്നുണ്ട് അമ്മയുടെ ഭാരവാഹികള്‍. യുവതാരങ്ങളായ പ്രിഥ്വിയും രമ്യയും ദിലീപിന് പൂര്‍ണമായി എതിര്‍പ്പ് പ്രകടിപ്പിച്ചതിനാലാണ് ഇവരെ ഒഴിവാക്കി യോഗം ചേര്‍ന്നതെന്ന് കരുതപ്പെടുന്നു.
മോഹൻലാലിനെ പോലുള്ളവർക്ക് തുടക്കകാലത്ത് താങ്ങും തണലുമായ വല്ല്യേട്ടൻ ആയിരുന്നു നടൻ സുകുമാരൻ. ഗണേശ് കുമാറിനെ നടനാക്കിയ ഗോഡ് ഫാദർ. പക്ഷേ താരങ്ങളുടെ സംഘടന എത്തിയപ്പോൾ ഈ അതുല്യ പ്രതിഭയ്ക്ക് കിട്ടിയത് വിലക്കായിരുന്നു. സിനിമാരംഗത്തെ ചില പരാമർശങ്ങളുടെ പേരിൽ മൂന്നുവർഷത്തിലേറെക്കാലമാണ് സുകുമാരൻ സിനിമയില്ലാതെ വീട്ടിലിരുന്നത്. സുകുമാരനെ ഏറെ വേദനിപ്പിച്ച നാളുകളായിരുന്നു അത്. സ്വന്തമെന്ന് കരുതിയവർ പോലും തിരിഞ്ഞു നോക്കാത്ത വിലക്കിന്റെ കാലം.വിലക്കിന്റെ മയത്താണ് ബൈജു കൊട്ടാരക്കര ‘ബോക്സർ’ എന്ന സിനിമയിലേക്ക് സുകുമാരനെ ക്ഷണിക്കുന്നത്. സംഘടനയുടെ വിലക്കുള്ളതിനാൽ തന്നെ വെച്ച് സിനിമ ചെയ്യുന്നത് റിസ്‌ക്കാകുമെന്ന് സുകുമാരൻ ബൈജുവിനോട് പറഞ്ഞു. സുകുമാരനെ വെച്ച് സിനിമയെടുത്താൽ റിലീസിന് തിയേറ്റർ കിട്ടില്ലെന്നൊക്കെ ചിലർ ബൈജുവിനെ ഭീഷണിപ്പെടുത്തിയതുമാണ്. പക്ഷേ, അതൊന്നും കേൾക്കാതെ ബൈജു ധൈര്യത്തോടെ മുന്നോട്ടുപോയി. എന്നാൽ ഷൂട്ടിങ് തുടങ്ങിയ ദിവസം ബൈജു സംഘടനയുടെ ‘ശക്തി’യെന്താണെന്നറിഞ്ഞു. താരങ്ങളെയെല്ലാം ‘അമ്മ’ പിൻവലിച്ചതോടെ ആരും ലൊക്കേഷനിലെത്തിയില്ല. മൂന്ന്‌നാലു ദിവസം കാത്തിരുന്നിട്ടും ഫലമില്ലാതായതോടെ നിർമ്മാതാവ് ഉൾപ്പെടെ എല്ലാവരും അങ്കലാപ്പിലായി. ലക്ഷങ്ങളുടെ നഷ്ടം സംഭവിക്കുമെന്ന് ഉറപ്പായതോടെ ബൈജു സംഘടനയുടെ പ്രസിഡന്റിനെ സമീപിച്ച് ഒരുവിധം പ്രശ്നം പരിഹരിച്ചു. അച്ഛന്റെ വേദന കണ്ടായിരുന്നു പൃഥ്വി രാജെന്ന മകൻ അന്ന് ദിനങ്ങൾ തള്ളി നീക്കിയത്. അതുകൊണ്ട് കൂടിയാണ് ഇപ്പോൾ പൃഥ്വി ഉറച്ച നിലപാട് എടുക്കുന്നത്.
തന്റെ അച്ഛനെ പുറത്താക്കിയ സംഘടന താൻ പിടിച്ചെടുക്കുമെന്ന നിലപാടിലാണ് താരം. ഈ വാശിയും വൈരാഗ്യവും മോഹൻലാലിനും മമ്മൂട്ടിക്കും അറിയാം. അതുകൊണ്ട് തന്നെയാണ് ദിലീപിന്റെ അറസ്റ്റിനെ തുടർന്ന് പൃഥ്വിയുടെ ഉറച്ച നിലപാടിനെ ഇരുവരും മറ്റ് നിവർത്തിയില്ലാതെ അംഗീകരിച്ചത്. അമ്മയിലെ ദുഷിപ്പിനെ മാറ്റുമെന്ന് ഈ യോഗത്തിന് ശേഷം പൃഥ്വി തന്നെ പലരോടും പറഞ്ഞു കഴിഞ്ഞു. അമ്മയിലെ നടീ നടന്മാർക്ക് പെരുമാറ്റ ചട്ടം കൊണ്ടു വരും. അത് ലംഘിച്ചാൽ സംഘടനയിൽ നിന്ന് പുറത്തുമാക്കും. ഇതിനർത്ഥം അവരെ സിനിമയിൽ നിന്ന് വിലക്കുമെന്നല്ല. മറിച്ച് താരസംഘടനയുടെ പേരിലെ വിലപേശലുകൾക്ക് അച്ചടക്കം ലംഘിക്കുന്നവരെ അനുവദിക്കില്ല. യുവതാരങ്ങളുടെ സിനിമകളെ കൂവി തോൽപ്പിക്കുന്ന ജനപ്രിയ താരങ്ങളെ ഇനി അമ്മ ഉൾക്കൊള്ളേണ്ടതില്ലെന്നാണ് പൃഥ്വിയും നിലപാട്. തന്റെ അച്ഛന്റെ ഗതി തിലകനുണ്ടായി. ഇനിയത് ആർക്കും പാടില്ലെന്നും പൃഥ്വി വിശദീകരിക്കുന്നു.</p>
<p>അമ്മയിലെ തെറ്റുകൾ തിരുത്താൻ ഉചിതമായ സമയമാണിത്. സിനിമയിലെ മാഫിയാ വൽക്കരണം തുറന്നുകാട്ടപ്പെട്ടിരിക്കുന്നു. അതുകൊണ്ട് തന്നെ ഉറച്ച നിലപാടുകൾ താനെടുക്കുമെന്ന് പൃഥ്വി മുതിർന്ന താരങ്ങളേയും സംവിധായകരേയും നിർമ്മാതാക്കളേയും അറിയിച്ചിട്ടുണ്ട്. അമ്മയുടെ തലപ്പത്ത് സമ്പൂർണ്ണ അഴിച്ചു പണി വേണമെന്നാണ് പൃഥ്വിയുടെ ആവശ്യം. അഭിപ്രായം പറയുന്നവരെ അടിച്ചൊതുക്കുന്ന മാതൃകയെ അവസാനിപ്പിക്കണം. യുവതാരങ്ങളുടെ സിനിമകളെ തിയേറ്റർ ഹോൾ ഓവർ ആക്കുന്നതും ചില നടന്മാരുടെ രീതിയാണ്. എത്ര പരാതി ആരൊക്കെ അമ്മയ്ക്ക് നൽകി. അതിലൊന്നും തീരുമാനമുണ്ടായില്ല. ഇനിയത് അംഗീകരിക്കില്ല. പരാതികൾ പരിശോധിച്ച് നടപടിയെടുക്കണം. കുറ്റക്കാരെ പൊതുജനങ്ങൾക്ക് മുമ്പിൽ തുറന്നുകാട്ടണം. ഇതിലൂടെ കള്ളക്കളികൾ കുറയ്ക്കാനാകും. എല്ലാ നല്ല സിനിമയും വിജയിപ്പിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നും പൃഥ്വി പറയുന്നു. ഇതിനെ യുവതാരങ്ങളും സ്ത്രീകളുടെ കൂട്ടായ്മയും കൈയടിച്ചു പിന്തുണയ്ക്കുന്നു.താര സംഘടന പിടിച്ചെടുക്കാൻ തന്നെയാണ് തീരുമാനം.
ദിലീപിനെ മാക്ടയുടെ ജനറൽ സെക്രട്ടറിയായിരുന്ന വിനയൻ വിലക്കിയപ്പോൾ, കുതന്ത്രത്തിലൂടെ ആ മാക്ടയെ തന്നെ ഇല്ലാതാക്കിയ ദിലീപ് പകരം സൃഷ്ടിച്ച ഫെഫ്ക’യെ കൊണ്ട് വിനയന് വിലക്ക് കൽപ്പിച്ചിരുന്നു. അതേതുടർന്ന് പല നടന്മാരും പേടിച്ച് വിനയൻ ചിത്രത്തിൽ നിന്ന് പിൻവാങ്ങി. എന്നാൽ പൃഥ്വിരാജ് വാക്ക് നൽകിയത് പോലെ വിനയൻ ചിത്രത്തിൽ അഭിനയിച്ചു. ഞാൻ സുകുമാരന്റെ മകനാണ്. വാക്ക് പാലിക്കും ആരേയും ഭയക്കുന്നില്ല’ എന്നാണ് പൃഥ്വിരാജ് അന്ന് പറഞ്ഞത്. എന്നാൽ ദിലീപിനെ പരസ്യമായി എതിർക്കാൻ പൃഥ്വിക്ക് കഴിഞ്ഞില്ല. തന്റെ സിനിമകളെ ചില ഫാൻസുകാർ കൂവി തോൽപ്പിക്കാൻ ശ്രമിക്കുന്നത് ഈ വൈരാഗ്യത്തിന്റെ തുടർച്ചയായിരുന്നുവെന്ന് പൃഥ്വിക്കും അറിയാമായിരുന്നു. ഈ തെറ്റ് ഇനി ആവർത്തിക്കാതിരിക്കാനാണ് ഉറച്ച നിലപാടുമായി പൃഥ്വി കളം നിറയുന്നത്.
നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലായ ശേഷം അടുത്ത ദിവസം മമ്മൂട്ടിയുടെ വീട്ടിൽ ചേർന്ന അമ്മയുടെ എക്സിക്യൂട്ടീവ് യോഗത്തിൽ താരമായത് പൃഥ്വിരാജായിരുന്നു. ദിലീപിനെ അമ്മയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയില്ലെങ്കിൽ താര സംഘടന പിളരുമെന്ന സൂചനയാണ് നടൻ നൽകിയത്. ചർച്ച തുടങ്ങിയപ്പോൾ ദിലീപിനെ പുറത്താക്കാനാവില്ലെന്ന് തന്നെയായിരുന്നു ജനറൽ സെക്രട്ടറിയായ മമ്മൂട്ടിയുടെ നിലപാട്. സംഘടനയുടെ ബൈലോ ഉയർത്തിപ്പിടിച്ചാണ് മമ്മൂട്ടി ന്യായീകരിച്ചത്. ഇതോടെ തനിക്കു പറയാനുള്ള കാര്യങ്ങൾ പുറത്തു മാധ്യമങ്ങളോട് പറയുമെന്ന നിലപാട് പൃഥ്വി സ്വീകരിച്ചു. ആസിഫ് അലിയും രമ്യാ നമ്പീശനും പൃഥ്വിക്കൊപ്പം നിന്നു. എന്താണ് ചെയ്യേണ്ടതെന്ന് പറഞ്ഞ് മമ്മൂട്ടിയാണ് ചർച്ചയ്ക്ക് തുടക്കമിട്ടത്. ദിലീപിനെ പുറത്താക്കണമെന്ന് ആസിഫ് അലി തുറന്നടിച്ചു. ഭരണഘടന പ്രകാരം അതിന് കഴിയില്ലെന്ന് മമ്മൂട്ടി പറഞ്ഞു.
അങ്ങനെയാണെങ്കിൽ ഭരണഘടനയനുസിരിച്ച് പല പരാതികൾ നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും തന്റെ സിനിമകൾ കൂവി തോൽപ്പിച്ചതും ഡിസ്ട്രിബ്യൂട്ടർമാരെ സ്വാധീനിച്ച വിഷയങ്ങളും പൃഥ്വി ഉയർത്തി. നിങ്ങൾ ഭരണഘടന പ്രകാരം തീരുമാനമെടുത്തോളൂവെന്നും ഞാൻ കാര്യങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ പറയാമെന്നും പൃഥ്വി തുറന്നടിച്ചു. ഇതോടെ തർക്കത്തിൽ ഇടപ്പെട്ട മോഹൻലാൽ, പൃഥ്വിയുടെ കൈപിടിച്ച് ഇരിക്കാൻ നിർദ്ദേശിക്കുകയായിരുന്നു. തുടർന്ന് വേഗത്തിൽ പ്രസ്താവന ഇറക്കാനും തീരുമാനിച്ചു. നടിക്കുള്ള പിന്തുണ മാധ്യമങ്ങളോട് നേരിട്ട് അറിയിക്കണമെന്ന ആവശ്യവും മമ്മൂട്ടി അംഗീകരിച്ചു. അമ്മയിലെ പിളർപ്പ് ഒഴിവാക്കാനായിരുന്നു ഈ ഒത്തുതീർപ്പുകളുണ്ടാക്കിയത്. ഉടൻ തന്നെ അമ്മയുടെ ജനറൽ ബോഡി വിളിക്കേണ്ട സാഹചര്യമുണ്ട്. ഈ യോഗത്തിൽ അമ്മയുടെ നിലവിലെ എല്ലാ ഭാരവാഹികളും സ്ഥാനം ഒഴിയുമെന്നാണ് സൂചന. ഇതിന് ശേഷം കരുത്ത് കാട്ടി സംഘടന പടിച്ചെടുക്കാനാണ് പൃഥ്വിയുടെ നീക്കം.എന്നാൽ സംഘടനയുടെ ഭാരവാഹിത്തം പൃഥ്വി ഏറ്റെടുക്കുകയുമില്ല. സുതാര്യമായ നേതൃത്വമാണ് താരം ലക്ഷ്യമിടുന്നത്. എന്ത് പരാതി കിട്ടിയാലും അത് വസ്തുതാപരമായി പരിശോധിച്ച് തീരുമാനമെടുക്കുന്ന സംവിധാനം. ഇത് മോഹൻലാലും മമ്മൂട്ടിയും അടക്കമുള്ള താരങ്ങളും മനസ്സിലാക്കുന്നു. തങ്ങൾ സ്ഥാനം ഒഴിഞ്ഞാലും ഒപ്പം നിൽക്കുന്നവരെ തലപ്പത്തുകൊണ്ടു വരാൻ അവരും നീക്കം ശക്തമാക്കിയിട്ടുണ്ട്. വിനയനെ പോലുള്ളവരുടെ പരസ്യ പ്രസ്താവനകളും ഇവരെ ആശങ്കപ്പെടുത്തുന്നുണ്ട്. അമ്മയുടെ നേതൃനിരയിൽ അഴിച്ചുപണി വേണം. പൃഥ്വിരാജിനെപ്പോലെയുള്ളവർ നേതൃത്വത്തിലേക്ക് എത്തണം. ദിലീപ് ആനപ്പക മനസിൽ കൊണ്ടു നടക്കുന്ന വ്യക്തിയാണെന്നും വിനയൻ പറഞ്ഞു.
അതേസമയം, അമ്മയിൽ നേതൃമാറ്റം ഉണ്ടാകുമെന്ന വാർത്തകൾ തള്ളി ആസിഫ് അലി രംഗത്തെത്തിയതും ശ്രദ്ധേയമാണ്. ചില ഓൺലൈൻ മാധ്യമങ്ങളിൽ വരുന്ന വാർത്ത തെറ്റാണ്. യുവനിരയ്ക്ക് സംഘടനാപരമായ പരിമിതികളുണ്ട്. പരിചയസമ്പന്ന നേതൃനിര അമ്മയ്ക്കുണ്ട്. കേസിൽ ദിലീപ് പ്രതി ആകരുതെന്നാണ് താൻ ആഗ്രഹിച്ചിരുന്നത്, ഇപ്പോഴും അങ്ങനെയാണ് ആഗ്രഹിക്കുന്നതെന്നും ആസിഫ് അലി പറഞ്ഞു. ഇത് മലക്കം മറിയലുമാണ്. ദിലീപിനെതിരെ പരസ്യ നിലപാട് എടുത്ത ആസിഫ് അലിയുടെ ഈ ചുവടുമാറ്റം അമ്മയിലെ അംഗങ്ങൾക്കിടയിൽ ചർച്ചയായിട്ടുണ്ട്. സ്ഥാനങ്ങൾ വിട്ടുനൽകാൻ മുതിർന്ന താരങ്ങൾ തയ്യാറാകില്ലെന്ന സൂചനയാണ് ആസിഫ് അലിയുടെ വാക്കുകളിലുള്ളത്. പൃഥ്വിയുടെ ശുദ്ധീകരണ നീക്കത്തിൽ ചില ഇടപെടലുകൾ നടക്കുന്നുവെന്നതിന്റെ സൂചനയായി ആസിഫ് അലിയുടെ ചുവടുമാറ്റത്തെ വിലയിരുത്തുന്നവരുമുണ്ട്.ഏതായാലും അധിക കാലം അമ്മയിൽ ഏകാധിപത്യ സ്വഭാവത്തോടെയുള്ള പ്രവർത്തനം ആർക്കും നടത്താനാകില്ലെന്നാണ് അമ്മയിലെ പൊതു വികാരം.<