തിരുവനന്തപുരം : ഉന്നതതല സമിതി ക്ലീൻ ചിറ്റ് നൽകിയതോടെ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിൻ്റെ സസ്പെൻഷൻ പിൻവലിച്ചു.
നയതന്ത്ര പാഴ്സൽ സ്വർണക്കടത്ത് കേസിലാണ് 2020 ജൂലൈ 16ന് ശിവശങ്കറിനെ സർവീസിൽ നിന്നും സസ്‌പെൻ്റു ചെയ്തത്. 537 ദിവസത്തിനു ശേഷമാണ് സസ്പെൻഷൻ പിൻവലിക്കുന്നത്. എം. ശിവശങ്കറെ തിരിച്ചെടുക്കാൻ ഉദ്യോഗസ്ഥതല സമിതിയുടെ ശുപാർശ ഇന്നലെ പുറത്ത് വന്നിരുന്നു. സ്വർണ്ണക്കടത്ത് കേസിലെ പ്രതിയുമായുള്ള ബന്ധത്തേത്തുടർന്ന് 2019 ജൂലായ് 14നാണ് എം.ശിവശങ്കറിനെ സസ്പെന്റ് ചെയ്തത്. അദ്ദേഹത്തെ തിരിച്ചെടുക്കുന്ന കാര്യത്തിൽ മുഖ്യമന്ത്രിയാണ് തീരുമാനം എടുക്കുക എന്നായിരുന്നു വിവരം.
ഐഎഎസ് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ ആറ് മാസം കൂടുമ്പോൾ പുനഃപരിശോധിക്കുന്ന രീതിയുണ്ട്. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് ഇത് പരിശോധിക്കുക. എന്നാൽ ശിവശങ്കറുടെ കാര്യത്തിൽ രണ്ട് തവണ സസ്പെൻഷൻ നീട്ടിക്കൊണ്ട് പോകുകയായിരുന്നു. രണ്ട് വർഷത്തിലധികമായി അദ്ദേഹം സസ്പെൻഷനിലായിരുന്നു.
ഒപ്പം കേസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അവ്യക്തത തുടരുകയുമാണ്. ഇത്തരം സാഹചര്യങ്ങൾ പരിഗണിച്ചുകൊണ്ടാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ അദ്ദേഹത്തെ തിരിച്ചെടുക്കണമെന്ന് ശുപാർശ ചെയ്തത്. ഇത് അനുസരിച്ചാണ് ഇപ്പോൾ നടപടി.