മുടികൊഴിച്ചില്‍ രൂക്ഷമായി; യുവതി ആത്മഹത്യ ചെയ്തു

ബംഗളൂരു:  മുടി കൊഴിഞ്ഞതിൽ മനം നൊന്ത് കോളേജ് വിദ്യാർഥിനി ആത്മഹത്യ ചെയ്തു. കുടകിലെ മഡിക്കെരിയിലാണ് സംഭവം. സ്ട്രൈറ്റനിംഗിന് ശേഷം മുടി കൊഴിച്ചില്‍ രൂക്ഷമാവുകയായിരുന്നു. ബ്യൂട്ടി പാർലർ ജീവനക്കാരുടെ പിഴവാണ് ആത്മഹത്യക്ക് പ്രേരണയായതെന്ന രക്ഷിതാക്കളുടെ പരാതിയിൽ പാർലർ ഉടമക്കെതിരെ പൊലീസ് കേസെടുത്തു. മൈസൂരുവിൽ ഒന്നാം വർഷ ബിബിഎ വിദ്യാർത്ഥി ആയിരുന്നു നേഹ ഗംഗമ്മ.

ബല്ലേലയിലെ പുഴക്കരയിലാണ് ഞായറാഴ്ച നേഹയുടെ മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടി ആത്മഹത്യ ചെയ്തതാവാമെന്ന്  പറഞ്ഞത് അച്ഛനും അമ്മയുമാണ്. അതിനുളള കാരണങ്ങളും അവർ പൊലീസിനോട് വെളിപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി മുടി ധാരാളമായി കൊഴിയുന്നതിൽ വിഷമത്തിലായിരുന്നു നേഹ. സൗന്ദര്യകാര്യത്തിൽ ഏറെ ശ്രദ്ധയുണ്ടായിരുന്ന നേഹയ്ക്ക് കോളേജിൽ പോകാൻ തന്നെ ബുദ്ധിമുട്ടായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ മാസം 21ന് മൈസൂരുവിലെ ഒരു ബ്യൂട്ടി പാർലറിൽവച്ച് മുടി സ്ട്രൈറ്റൻ ചെയ്തത് മുതലാണ് ധാരാളമായി കൊഴിയാൻ തുടങ്ങിയത്. അലർജിയെത്തുടർന്ന് ദേഹത്ത് പാടുകളും വന്നു. ബന്ധുക്കളോടും അടുത്ത സുഹൃത്തുകളോടും ഇക്കാര്യം നേഹ പറഞ്ഞിരുന്നു. വീട്ടുകാർ നിർബന്ധിച്ചതിനെത്തുടർന്ന് മഡിക്കെരിയിൽ വീട്ടിൽ നിന്ന് ഒരാഴ്ച മുമ്പ് പെൺകുട്ടി കോളേജിലേക്ക് പോയി.

ബുധനാഴ്ച രാവിലെ ഹോസ്റ്റലിൽ നിന്ന് ഇറങ്ങിയ ശേഷം കാണാതാവുകയായിരുന്നു. പാർലർ ഉടമെക്കെതിരെ രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സ്ട്രൈറ്റനിങ്ങിന് രാസപദാർത്ഥങ്ങൾ ഉപയോഗിച്ചതിലും തല ചൂടാക്കിയതിലും പറ്റിയ അബദ്ധമാണ് മുടി ധാരാളമായി കൊഴിയാൻ ഇടയാക്കിയതെന്നാണ് പൊലീസ് പറയുന്നത്.

Top