ന്യുഡല്‍ഹി: ഹൈദരാബാദ് സര്‍വകലാശാലയില്‍ ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമുല ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. രോഹിത് വെമൂലയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ബന്ദാലു ദത്താത്ത്രേയക്കെതിരെ കേസെടുത്തു. അദ്ദേഹത്തെ കൂടാതെ വൈസ് ചാന്‍സിലര്‍ അപ്പ റാവുവിനെതിരെയും വിദ്യാര്‍ഥി സംഘടനയായ എബിവിപിയുടെ രണ്ട് നേതാക്കള്‍ക്കെതിരെയും പൊലീസ് കേസുണ്ട്. പ്രേരണാക്കുറ്റവും എസ്‍സി- എസ്ടി വകുപ്പുകള്‍ പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.
എബിവിപി പ്രവര്‍ത്തകരെ ആക്രമിച്ചു എന്ന പരാതിയില്‍ കഴിഞ്ഞ കൊല്ലമാണ് രോഹിത് ഉള്‍പ്പെടെയുള്ള അഞ്ച് ദലിത് വിദ്യാര്‍ഥികളെ കോളേജില്‍ നിന്ന് പുറത്താക്കിയത്. തുടര്‍ന്ന് ഇവര്‍ക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് ദത്താത്ത്രേയ കേന്ദ്ര മാനവവിഭവശേഷി മന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നുവെന്ന് വിദ്യാര്‍ഥി സംഘടനകള്‍ പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാണിച്ചാണ് കേന്ദ്ര മന്ത്രിയ്ക്കെതിരെ കേസെടുത്തത്.
രണ്ടാം വര്‍ഷ ഗവേഷക വിദ്യാര്‍ഥിയായ രോഹിത് വെമുലയെ ഇന്നലെയാണ് ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സര്‍വകലാശാല അധികൃതര്‍ ഡിസംബറില്‍ രോഹിത് വെമുലയെ ഹോസ്റ്റലില്‍ നിന്നു പുറത്താക്കിയിരുന്നു. തുടര്‍ന്ന് ഇവര്‍ ക്യാംപസിനുള്ളില്‍ തയാറാക്കിയ ടെന്റിലാണ് താമസിച്ചിരുന്നത്. രോഹിതിന്റെ ആത്മഹത്യാ കുറിപ്പും ഹോസ്റ്റലില്‍ നിന്നും കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതില്‍ ആരുടെയും പേര് പരാമര്‍ശിച്ചിരുന്നില്ല. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ത്യയിലെ വിവിധ ക്യാംപസുകളില്‍ പ്രകടനങ്ങളും യോഗങ്ങളും നടന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിയുടെ ഡല്‍ഹിയിലെ വസതിയിലേക്ക് വിദ്യാര്‍ത്ഥി സംഘടനകള്‍ മാര്‍ച്ച് നടത്തി. എസ്.എഫ്.ഐ അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകളാണ് സ്മൃതിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയത്. പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
രോഹിത്തിന്റെ മരണം ആത്മഹത്യയല്ല, കൊലപാതകമാണ്. ഇതിന് ഉത്തരവാദികളായ ഹൈദരാബാദ് യൂണിവേഴ്‌സിറ്റി അധികൃതര്‍ക്കെതിരെയും എ.ബി.വി.പി, കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം എന്നിവര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് ഡല്‍ഹിയില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളില്‍ ഒരാളായ സാദ്‌വിക് കരണ്‍ സിംഗ് പറഞ്ഞു.
എ.ബി.വി.പി പ്രവര്‍ത്തകരെ മര്‍ദ്ദിച്ചുവെന്ന് ആരോപിച്ച് രോഹിത് അടക്കം അഞ്ച് ദളിത് ഗവേഷക വിദ്യാര്‍ത്ഥികള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയും ഈ മാസം ആദ്യം ഹോസ്റ്റലില്‍ നിന്ന് പുറത്താക്കുകയുമായിരുന്നു. പുറത്താക്കലിനെതിരെ ക്യാമ്പസില്‍ കുടില്‍ കെട്ടി സമരം ചെയ്തു വരികെയാണ് രോഹിത് ആത്മഹത്യ ചെയ്തത്. അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകരായ രോഹിതും സുഹൃത്തുക്കളും എ.ബി.വി.പി പ്രവര്‍ത്തകരെ മര്‍ദ്ദിച്ചിട്ടില്ലെന്ന അന്വേഷണ റിപ്പോര്‍ട്ട് മറികടന്നാണ് ദത്താത്രേയയുടെ ശിപാര്‍ശ പ്രകാരം ഇവരെ സസ്‌പെന്‍ഡ് ചെയ്തത്.