ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്ന നിലപാടില്‍ തന്നെയാണ് കവയിത്രി സുഗതകുമാരി. സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിച്ചാല്‍ പമ്പ മലിനമാകുമെന്നാണ് സുഗതകുമാരി പറയുന്നത്. സ്ത്രീകള്‍ക്ക് കൂടി പ്രവേശനം അനുവദിച്ചാല്‍ രൂക്ഷമായ പാരിസ്ഥിതിക പ്രശ്‌നങ്ങണ് ശബരിമലയില്‍ ഉണ്ടാകുകയെന്ന് അവര്‍ വ്യക്തമാക്കുന്നു.
ഇപ്പോള്‍ തന്നെ അവിടെ എത്തുന്ന ലക്ഷങ്ങള്‍ താങ്ങാവുന്നതിനും അപ്പുറത്താണെന്നും സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ കൂടിയെത്തിയാല്‍ ജനത്തിരക്കുമൂലം പമ്പ മലിനനമാകുന്നതിനും കാടിന്റെ ആവാസ വ്യവസ്ഥ തകരാനും ഇടയാകുമെന്നും അവര്‍ പറഞ്ഞു.
എന്നാല്‍ താന്‍ സ്ത്രീ വിരോധിയല്ല ഇത്തരത്തില്‍ ഒരു അഭിപ്രായം പറയുന്നതെന്നും സുഗതകുമാരി പറഞ്ഞു. പ്രകൃതി സ്‌നേഹി ആയതുകൊണ്ടാണ് താനിത് പറയുന്നതെന്ന് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെ പൊതുപരിപാടിയില്‍ സംസാരിക്കവേ സുഗതകുമാരി വ്യക്തമാക്കി.
ക്ഷേത്രങ്ങളില്‍ കരിയും വേണ്ട കരിമരുന്നും വേണ്ടെന്ന് പറഞ്ഞ ശ്രീനാരായണ ഗുരുവിന്റെ വാക്കുകള്‍ നാം മറക്കുന്നുവെന്നും പ്രസംഗമദ്ധ്യേ അവര്‍ പറഞ്ഞു. ക്ഷേത്രങ്ങളില്‍ ഉത്സവങ്ങളുടെ പേരില്‍ നടക്കുന്ന ധൂര്‍ത്ത് അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.