പ്രണയനൈരാശ്യത്തെ തുടര്‍ന്ന് വിഷം കഴിച്ചു, മരിക്കാതെ വന്നപ്പോള്‍ മരത്തില്‍ കയറി ആത്മഹത്യയ്ക്ക് ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് കോവളത്തെ ആശങ്കയിലാക്കി. ഫയര്‍ഫോഴ്‌സെത്തി അനുനയം നടത്തുന്നതിനിടെ ഇരുന്നിരുന്ന മരക്കൊമ്പ് ഒടിഞ്ഞ് താഴെ വീണ യുവാവിന്റെ കയ്യൊടിഞ്ഞു. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ കോവളം പൊലീസ് സ്റ്റേഷന് തൊട്ടടുത്താണ് നാടകീയമായ സംഭവം അരങ്ങേറിയത്.
ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്നിടത്തെ അന്തേവാസിയായ പശ്ചിമ ബംഗാല്‍ സ്വദേശി സോളമന് (22) ആണ് പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും നാട്ടുകാരെയും മണിക്കൂറുകളോളം മുള്‍മുനയില്‍ നിറുത്തി ആത്മഹത്യ ഭീഷണി ഉയര്‍ത്തിയത്. ഇയാള്‍ താമസിച്ചിരുന്നതിന് സമീപമുള്ള പുരയിടത്തിലെ മാവില്‍ വലിഞ്ഞ് കറിയ താന്‍ എലിവിഷം കഴിച്ചിട്ടുള്ളതായും ആരെങ്കിലും മരത്തിലേക്ക് കയറിവന്നാല്‍ താഴേക്ക് ചാടുമെന്ന മുന്നറിയിപ്പും നല്കിയതോടെ അധികൃതരും അങ്കലാപ്പിലായി. ഇയാളെ അനുനയിപ്പിച്ച് താഴെ ഇറക്കാന്‍ ശ്രമിച്ച ഫയര്‍ഫോഴ്‌സ് അധികൃതര്‍ സംഗതി പന്തിയല്ലെന്ന് കണ്ടതോടെ സമീപത്തെ വീടുകളില്‍ നിന്നും മെത്തകള്‍ ശേഖരിച്ച് മരത്തിന് താഴെ വിരിച്ചു.
ഇതിനിടെയാണ് സോളമണ്ഡ് ഇരുന്ന മരക്കൊമ്പ് മുറിഞ്ഞ് വീണ് താഴേക്ക് പതിച്ചത്. വീഴ്ചയുടെ ആഘാതത്തില്‍ ഇയാളുടെ കൈക്ക് പൊട്ടലുണ്ടായി.
ഇയാളെ ആദ്യം വിഴിഞ്ഞം ആശുപത്രിയിലേക്കും പിന്നീട് മെഡിക്കല്‍ കോളജാശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രണയ നൈരാശ്യമാണ് ആത്മഹത്യാശ്രമത്തിന് കാരണമെന്നാണ് സൂചന.