എന്‍എസ്എസിനെ കാവിപുതപ്പിക്കാന്‍ അനുവദിക്കില്ല .ബി.ജെ.പിയെ കടന്നാക്രമിച്ച്‌ സുകുമാരന്‍ നായര്‍

ചങ്ങനാശ്ശേരി :ഒരു കാവി ഉടുത്ത്‌ വേറൊരു കാവിയില്‍ എന്‍.എസ്‌.എസിനെ പുതപ്പിക്കാന്‍ നോക്കേണ്ടെന്നും കണ്ണുരുട്ടി വിരട്ടി കാര്യം സാധിക്കാമെന്ന്‌ ആരും കരുതേണ്ടെന്നും എന്‍.എസ്‌.എസ്‌. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. പെരുന്നയില്‍ മന്നത്തു പത്മനാഭന്റെ 139–ാമത് ജയന്തി ആഘോഷത്തിന്റെ ഭാഗമായ അഖിലകേരള നായര്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയമില്ലാത്ത തുറന്ന പുസ്തകമാണ് എന്‍എസ്എസ്. എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ അംഗങ്ങളും അനുഭാവികളും നായര്‍ സമുദായത്തിലുണ്ട്. അതാണ് സംഘടനയുടെ കരുത്ത്. അതിനാല്‍ രാഷ്ട്രീയപാര്‍ടി ഉണ്ടാക്കുന്നതിനോ ഏതെങ്കിലും രാഷ്ട്രീയപാര്‍ടിയോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിനോ എന്‍എസ്എസിന് സാധ്യമല്ല.sukumaran nair

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു രാഷ്ട്രീയ പ്രസ്ഥാനത്തോടും എന്‍എസ്എസിന് വിരോധമില്ല. പക്ഷെ, ഏതു രാഷ്ട്രീയപ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന നായര്‍ സമുദായാംഗങ്ങള്‍ക്കും എന്‍എസ്എസില്‍ നായരായി നില്‍ക്കാന്‍ അവസരമൊരുക്കണം. അവര്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നതിന് എന്‍എസ്എസിന് ഒരു തടസ്സവുമില്ല. അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. പക്ഷെ ആ രാഷ്ട്രീയപ്രസ്ഥാനവും അതുപോലെ അവര്‍ക്ക് എന്‍എസ്എസില്‍ പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്യ്രം കൊടുക്കണം. ഒരു പരിധി വരെ ചില പ്രസ്ഥാനങ്ങള്‍ ആ നയം അംഗീകരിച്ചിട്ടുണ്ട്. ഇടതുപക്ഷം ഒരുപരിധി വരെ അല്‍പം അകലെ നിന്നിരുന്നുവെങ്കിലും അവരും ഇപ്പോള്‍ എന്‍എസ്എസില്‍ പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകരെ തടസ്സപ്പെടുത്തുന്നില്ല. ബിജെപി അവരെ കണ്ടു പഠിക്കണമെന്നാണ് എന്‍എസ്എസിന് പറയാനുള്ളത്.

ചങ്കു വിരിച്ച് കാട്ടി പേടിപ്പിക്കാതെ സൗമ്യമായി സമീപിക്കുന്ന ഏതൊരു രാഷ്ട്രീയപാര്‍ടിക്കും തിരിച്ചും സഹായം നല്‍കുന്ന പ്രസ്ഥാനമാണിത്. ഇത് ബിജെപി നേതൃത്വം മനസ്സിലാക്കണം. ബിജെപിയുടെ നേതൃത്വത്തിലിരിക്കുന്ന ചെറിയ വിഭാഗം എന്‍എസ്എസിനെ അലോസരപ്പെടുത്താനും മാന്താനും ശ്രമിക്കുന്നു. നായര്‍ സൊസൈറ്റിയെപ്പറ്റി ഇനിയെങ്കിലും ബിജെപി പഠിക്കണം. എന്‍എസ്എസ് ഏതെങ്കിലും ഒരു രാഷ്ട്രീയത്തിന്റെ വാലല്ല.
അവിടെയും ഇവിടെയുമിരുന്ന് ചിലര്‍ എന്‍എസ്എസിനെ താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കുകയാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

മന്നത്ത്‌ പത്മനാഭന്‍ എഴുതി ഉണ്ടാക്കിയ തത്ത്വങ്ങള്‍ മനക്കരുത്തോടെ എന്‍.എസ്‌.എസ്‌. അംഗങ്ങള്‍ ഏത്‌ രാഷ്‌ട്രീയ പാര്‍ട്ടിയില്‍ ആയിരുന്നാലും നടപ്പിലാക്കാന്‍ തയാറാകണം. ചില ഞാഞ്ഞൂലുകള്‍ എന്‍.എസ്‌.എസിനെയും അതിന്റെ നേതൃത്വത്തെയും ഇകഴ്‌ത്തി കാണിക്കാന്‍ ശ്രമിക്കുന്നു. ഈ നേതൃത്വത്തിന്റെ കീഴില്‍ എന്‍.എസ്‌.എസ്‌. അല്‍പ്പം പോലും മുമ്പോട്ടുപോയില്ലെന്നു പറയുന്നത്‌ കുപ്രചാരണമാണ്‌. മന്നത്ത്‌ പത്‌മനാഭനുശേഷം എന്‍.എസ്‌.എസ്‌. ഒരു കുടിപ്പള്ളിക്കൂടം പോലും തുടങ്ങിയിട്ടില്ലെന്നാണു ആക്ഷേപം. എന്നാല്‍ സ്‌കൂളുകളുടെയും ആശുപത്രി, കരയോഗം തുടങ്ങി എന്‍.എസ്‌.എസിന്റെ വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങളുടെയും കണക്കുകള്‍ വിശദീകരിച്ച്‌ അദ്ദേഹം ഈ ആരോപണങ്ങളെ തള്ളി.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ്‌ ആദ്യമായി എന്‍.എസ്‌.എസിന്റെ ആവശ്യങ്ങളോടു ക്രിയാത്മകമായി പ്രതികരിച്ചത്‌. എന്‍.എസ്‌.എസ്‌. ഉന്നയിച്ച ആവശ്യങ്ങള്‍ പഠിക്കുകയും അതനുസരിച്ച്‌ പൊതു സമൂഹത്തിനുകൂടി പ്രയോജനപ്രദമാകുമെന്നു കണ്ട്‌ ഈ ആവശ്യങ്ങള്‍ അംഗീകരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാവിലെ പെരുന്നയില്‍ മന്നം സമാധിയില്‍ ജി.സുകുമാരന്‍ നായരുടെ നേതൃത്വത്തില്‍ സമ്മേളന പ്രതിനിധികള്‍ പുഷ്‌പാര്‍ച്ചന നടത്തിക്കൊണ്ടാണ്‌ 139 ാമത്‌ മന്നം ജയന്തി ആഘോഷങ്ങള്‍ക്കു തുടക്കം കുറിച്ചത്‌

Top