സു്പ്രീം കോടതിയും കനിഞ്ഞില്ല: സമരം അവസാനിപ്പിക്കാനാവാതെ അയ്യപ്പഭക്ത സംഘടനകൾ; സംഘർഷമയഞ്ഞില്ലെന്ന പരിഭ്രാന്തിയിൽ സർക്കാർ: പ്രതീക്ഷ എല്ലാം ഇനി സർവകക്ഷിയോഗത്തിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സർക്കാരും സമരക്കാരും പ്രതീക്ഷിച്ചത് സംഭവിച്ചില്ല. പക്ഷേ, സുപ്രീം കോടതി കേസിനെ ഇഴകീറി മുറിക്കാതെ വിധി പ്രഖ്യാപിച്ചു. ഫലം ആശങ്കകൾ വീണ്ടും മലകയറി തുടങ്ങി. സമരക്കാരെ പിണക്കാതെ, സർക്കാരിനെ വെറുപ്പിക്കാതെയായിരുന്നു സുപ്രീം കോടതിയുടെ വിധി പ്രഖ്യാപിച്ചത്. സരമക്കാരുടെ ആവശ്യമായ ഓപ്പൺ കോടതിയിൽ കേസ് കേൾക്കണമെന്ന് പരിഗണിച്ച കോടതി, സർക്കാരിന്റെ ആവശ്യമായ സ്‌റ്റേ അംഗീകരിച്ചുമില്ല. ഇതോടെ സമരം എങ്ങിനെയെങ്കിലും അവസാനിപ്പിക്കാമെന്ന് പ്രതീക്ഷിച്ചിരുന്ന അയ്യപ്പഭക്തരും, ആർഎസ്എസും സംഘപരിവാറും വെട്ടിലായി. സമരം അവസാനിക്കുമെന്ന ആശ്വാസത്തിൽ ഇരുന്ന സർക്കാരിനും ഇത് വലിയ തിരിച്ചടിയായി മാറി.
സുപ്രീം കോടതിയിൽ നിന്നു അനൂകൂല വിധിയുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു സർക്കാരും, സമരക്കാരും. റിവ്യൂ ഹർജി പരിഗണിക്കുമെന്നു പ്രഖ്യാപിച്ച കോടതി പക്ഷേ, കേസിൽ സ്റ്റേ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയതോടെ വെട്ടിലായത് ഇരുകൂട്ടരുമാണ്. രണ്ടു മാസത്തോളം നീണ്ടു നിൽക്കുന്ന മണ്ഡലകാലത്ത് ക്രമസമാധാനം പാലിക്കാൻ സർക്കാർ വിയർക്കുമ്പോൾ, സമരം എങ്ങിനെ മുന്നോട്ട് കൊണ്ടു പോകുമെന്നറിയാതെ സമരക്കാരും കുരുങ്ങും. 74 ദിവസത്തോളം നീണ്ടു നിൽക്കുന്ന വൃതകാലത്ത് ശബരിമല വീണ്ടും കലാപഭൂമിയായി മാറുമോ എന്ന ആശങ്കയിലാണ് സാധാരണക്കാരായ ഭക്തർ.
ശബരിമലയിൽ ഏത് പ്രായക്കാരായ സ്ത്രീകൾക്കും പ്രവേശിക്കാമെന്ന് കഴിഞ്ഞ ഒക്ടോബർ 28 നാണ് സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ ഫുൾ ബഞ്ച് വിധിച്ചത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിന്റെ വിധിയെ തുടർന്ന് കേരളത്തിലെ വിവിധ ഹേന്ദവ സംഘടനകളും ബിജെപിയും കോൺഗ്രസും അടക്കമുള്ള പ്രതിപക്ഷ കക്ഷികളും പ്രതിഷേധവുമായി രംഗത്ത് ഇറങ്ങി. സർക്കാരും ഹിന്ദുക്കളും ഇരുവശത്ത് നിന്നായിരുന്നു പോരാട്ടം. സമരവും പോരാട്ടവും ശക്തമായി തുടരുന്നതിനിടെയാണ് ആശ്വാസമായി സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് കേസിൽ റിവ്യു ഹർജി കേൾക്കാൻ തയ്യാറായത്. ഒരു മാസത്തോളം നീണ്ടു നിന്ന സമരം അവസാനിപ്പിക്കാമെന്ന ആശ്വാസത്തോടെയാണ് സമരക്കാർ സുപ്രീം കോടതി വിധിയെ കണ്ടത്. ക്രമസമാധാന പ്രശ്‌നത്തിനു ആശ്വാസമുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു സർക്കാരും.
എന്നാൽ, എല്ലാം തകിടം മറിക്കുന്ന വിധിയാണ് സുപ്രീം കോടതിയിൽ നിന്നും ലഭിച്ചത്. സർക്കാരിന്റെയും സമരക്കാരുടെയും സകല പ്രതീക്ഷകളും തകർത്ത സുപ്രീം കോടതി കേസിൽ സ്‌റ്റേ അനുവദിച്ചില്ലെന്ന് മാത്രമല്ല. അടുത്ത വർഷം ജനുവരി 22 ന് കേസ് പരിഗണിക്കുന്നതിനായി മാറ്റി വയ്ക്കുകയും ചെയ്തു. കേസിൽ സുപ്രീം കോടതി സ്‌റ്റേ അനുവദിക്കാത്ത സാഹചര്യത്തിൽ എന്തു ചെയ്യണമെന്നത് സംബന്ധിച്ചു യാതൊരു വ്യക്തതയും ആർക്കുമില്ലെന്ന് വ്യക്തമമാക്കുന്നതായിരുന്നു മന്ത്രി എ.കെ ബാലന്റെ ആദ്യം വന്ന പ്രസ്താവന. സുപ്രീം കോടതി വിധിയിലൂടെ 91 ലെ ഹൈക്കോടതി വിധിയാണ് നടപ്പിലാക്കേണ്ടതെന്നായിരുന്നു ബാലന്റെ വാദം. പിന്നീട്, കോടതിയിൽ നിന്നുള്ള ഉത്തരവിന്റെ പകർപ്പ് പുറത്ത് വന്നതോടെയാണ് കാര്യങ്ങൾ കൈവിട്ട് പോകുകയാണെന്ന് സർക്കാരിനും മനസിലായത്. തുടർന്നാണ് സർവകക്ഷിയോഗം വിളിക്കാനുള്ള അയവിലേയ്ക്ക് സർക്കാർ എത്തിയത്.
വ്യാഴാഴ്ച നടക്കുന്ന സർവകക്ഷിയോഗത്തിൽ ഇനി സർക്കാരും സമരക്കാരും ഒരു പോലെ അയയും. സർക്കാരിന്റെ നീക്കം സ്വാഭാവികമായും എല്ലാ പാർട്ടിക്കാരെയും വിശ്വാസത്തിലെടുത്ത് ഏതു വിധേനയും ക്രമസമാധാനം ഉറപ്പാക്കുകയായിരിക്കും. സിപിഎം ഒഴികെ സർവക്ഷിയോഗത്തിൽ പങ്കെടുക്കുന്ന എല്ലാ പാർട്ടികളും സ്ത്രീ പ്രവേശനത്തെ എതിർക്കാനാണ് സാധ്യത. സ്ത്രീ പ്രവേശനത്തെ മറ്റെല്ലാ പാർട്ടികളും എതിർക്കുന്നതോടെ സുപ്രീം കോടതിയുടെ റിവ്യു ഹർജിയിലെ വിധി വരും വരെ സർക്കാർ നടപടികളൊന്നും ഉണ്ടാകില്ലെന്നു പ്രഖ്യാപിക്കുകകയും ചെയ്യും. അത് വരെ തങ്ങളുടെ ഭാഗത്തു നിന്നു പ്രതിധേഷമുണ്ടാകില്ലെന്ന് ഹൈന്ദവ സംഘടനകൾ പ്രഖ്യാപിക്കുക കൂടി ചെയ്താൽ കാര്യങ്ങൾ അനുകൂലമാകും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top