ന്യൂഡല്‍ഹി: അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ആശ്വാസം. രണ്ട് വര്‍ഷത്തെ തടവ് ശിക്ഷാ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. ഇതോടെ രാഹുല്‍ ഗാന്ധിയുടെ എംപി സ്ഥാനത്ത് നിന്നുള്ള അയോഗ്യത നീങ്ങി. സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവിലാണ് വിധി. വയനാട് എംപിയായിരുന്ന രാഹുല്‍ ഗാന്ധിയെ കേസിലെ വിധിക്ക് പിന്നാലെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയിരുന്നു.
അഭിഭാഷകന്‍ മനു അഭിഷേക് സിങ്വിയാണ് രാഹുല്‍ ഗാന്ധിക്ക് വേണ്ടി ഹാജരായത്. മോദി സമുദായത്തെ അപമാനിച്ചിട്ടില്ലെന്ന് രാഹുല്‍ വാദത്തില്‍ ആവര്‍ത്തിച്ചു. മോദി സമുദായത്തെ അപമാനിച്ചെന്ന് കാണിച്ചെന്ന് വ്യക്തമാക്കുന്ന രേഖകള്‍ ഒന്നും തന്നെ പരാതിക്കാരന്‍ വിചാരണ കോടതിയില്‍ ഹാജരാക്കിയിരുന്നില്ല. അയോഗ്യനായത് മൂലം വലിയ ക്ഷതം ഉണ്ടായെന്നും ചൂണ്ടിക്കാട്ടി.
പരാതിക്കാരന് വേണ്ടി അഭിഭാഷകന്‍ മഹേഷ് ജത് മലാനിയാണ് ഹാജരായത്. യഥാര്‍ത്ഥ വിഷയങ്ങള്‍ പറയുന്നില്ലെന്നും രാഹുല്‍ നടത്തിയ 50 മിനിറ്റ് പ്രസംഗത്തിന്റെ പൂര്‍ണരൂപമുണ്ടെന്നും അദ്ദേഹം വാദിച്ചു. മനപൂര്‍വ്വമാണ് രാഹുല്‍ പ്രസ്താവന നടത്തിയത്. പ്രധാനമന്ത്രിയോടുള്ള വിരോധത്തെ ഒരു സമുദായത്തെ മുഴുവനായി അധിക്ഷേപിക്കാന്‍ ഉപയോഗിച്ചു. വാക്കുകളില്‍ ഇത് ഒളിച്ചു കടത്തി. പ്രസംഗം ഓര്‍മ്മയില്ലെന്ന് രാഹുല്‍ പറഞ്ഞത് നുണയാണെന്നും അവര്‍ വാദിച്ചു. ഈ ഘട്ടത്തില്‍ ഒരു ദിവസം അമ്പത് പ്രസംഗം നടത്തുന്നവര്‍ എല്ലാം എങ്ങനെ ഓര്‍ത്തിരിക്കുമെന്ന് കോടതി ചോദിച്ചു.