
ന്യൂഡല്‍ഹി: സ്വവര്‍ഗ വിവാഹത്തിന് അംഗീകാരമില്ല. 3-2ന് ഭരണഘടനാ ബഞ്ച് ഹര്‍ജികള്‍ തള്ളി. എല്ലാ ജഡ്ജിമാര്‍ക്കും വിഷയത്തില്‍ ഒരേ അഭിപ്രായമില്ലെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു. കോടതിക്ക് നിയമമുണ്ടാക്കാനാവില്ല, വിധി വ്യാഖ്യാനിക്കാനേ കഴിയൂവെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. സ്വവര്‍ഗാനുരാഗം വരേണ്യവര്‍ഗത്തിന്റെ മാത്രം വിഷയമല്ല. സ്വവര്‍ഗബന്ധം വിഡ്ഢിത്തമോ നഗരസങ്കല്‍പ്പമോ അല്ലെന്ന് ഡി.വൈ ചന്ദ്രചൂഡ് ചൂണ്ടികാട്ടി. വിവാഹത്തിന് നിയമസാധുത തേടി നിരവധി സ്വവര്‍ഗ്ഗ പങ്കാളികള്‍ നല്‍കിയ ഹര്‍ജികളിലാണ് സുപ്രീംകോടതി പത്തു ദിവസം വാദം കേട്ടതിന് ശേഷം വിധി പറഞ്ഞത്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, സഞ്ജയ് കിഷാന്‍ കൗള്‍, രവീന്ദ്ര ഭട്ട്, ഹിമ കോലി, പി.എസ്. നരസിംഹ എന്നിവരുള്‍പ്പെട്ട അഞ്ചംഗ ബെഞ്ചാണ് വിധി പറഞ്ഞത്.
വിവാഹം സ്ഥിരവും മാറ്റമില്ലാത്തതുമായ വ്യവസ്ഥയല്ല. നിയമങ്ങള്‍ വഴി വിവാഹത്തില്‍ പരിഷ്‌കാരങ്ങള്‍ വന്നിട്ടുണ്ട്. സ്‌പെഷ്യല്‍ മാര്യേജ് ആക്റ്റിലെ സെക്ഷന്‍ 4 ഭരണഘടനാ വിരുദ്ധമാണ്. അത് തുല്യതക്കെതിരാണ്. എന്നാലത് റദ്ദാക്കുന്നില്ല. സ്‌പെഷ്യല്‍ മാര്യേജ് ആക്റ്റില്‍ മാറ്റം വേണോയെന്ന് പാര്‍ലമെന്റിന് തീരുമാനിക്കാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.