
തൃശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കടുത്ത മത്സരങ്ങള്‍ നടക്കുന്ന മണ്ഡലങ്ങളിലൊന്നായി തൃശൂര്‍ മാറുകയാണ്. ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായി സുരേഷ്‌ഗോപി എത്തുന്നതോടെ ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളുടെ കൂട്ടത്തിലാവുകയണ് തൃശൂര്‍. സുരേഷ്‌ഗോപിയുടെ താരപ്രഭയെ മറികടക്കുക എന്ന വലിയ കടമ്പയാണ് ഇടത് വലത് മുന്നണികള്‍ക്ക് മുന്നില്‍ വെള്ളുവിളിയാകുന്നത്.
ഇടതുവലതു മുന്നണികള്‍ പ്രചാരണത്തില്‍ ബഹുദൂരം മുന്നേറിയെങ്കിലും സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയായാല്‍ ഒരു പരിചയപ്പെടുത്തലിന്റെ വെല്ലുവിളി എന്‍.ഡി.എ ജില്ലാ നേതൃത്വത്തിനില്ല. കുടുംബയോഗങ്ങളും സദസുകളുമായി നേരത്തേ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന മണ്ഡലത്തില്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ രണ്ടുദിവസത്തെ പ്രചാരണം കൂടുതല്‍ ഓളമുണ്ടാക്കിയെന്നാണ് എന്‍.ഡി.എ നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഈഴവ, നായര്‍, ക്രൈസ്തവ വോട്ടുകള്‍ നിര്‍ണായക ശക്തിയായ തൃശൂരില്‍ സുരേഷ്ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വം സാമുദായിക സമവാക്യങ്ങള്‍ക്ക് കൂടി അനുകൂലമാണെന്നാണ് വിലയിരുത്തല്‍.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെയും പിന്നീട് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലെയും വോട്ട് വര്‍ദ്ധന കണക്കാക്കി തങ്ങളുടെ കരുത്ത് ഇരട്ടിയായെന്നാണ് എന്‍.ഡി.എയുടെ അവകാശവാദം. യു.ഡി.എഫിനു കിട്ടിയിരുന്ന വോട്ടുകളാണ് ബി.ജെ.പിയിലേക്കു മറിഞ്ഞതെന്ന് വാദിക്കുന്നവരുണ്ട്. അതു ശരിയല്ലെന്നാണു കോണ്‍ഗ്രസിന്റെ വാദം.
ശക്തമായ അടിയൊഴുക്കില്‍ രാഷ്ട്രീയ തന്ത്രജ്ഞനായ കെ. കരുണാകരനെപ്പോലും തോല്‍പ്പിച്ച മണ്ഡലമാണ് തൃശൂര്‍.പത്തുതവണ ഇടത്തോട്ടും അഞ്ചുതവണ വലത്തോട്ടും ചാഞ്ഞ മണ്ഡലത്തെ വിജയപ്രതീക്ഷയുള്ള എ കാറ്റഗറിയിലാണ് എന്‍.ഡി.എ നേതൃത്വം ഉള്‍പ്പെടുത്തിയിട്ടുള്ളത്. ബി.ഡി.ജെ.എസുമായുള്ള സഖ്യത്തില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബി.ജെ.പി കൂടുതല്‍ വോട്ടു നേടിയ ജില്ലയാണ് തൃശൂര്‍.
നാളെയാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം. സുരേഷ് ഗോപി ഇന്ന് തൃശൂരിലെത്തുമെന്നാണ് വിവരം. രാവിലെ ഗുരുവായൂര്‍ ദര്‍ശനത്തിന് ശേഷം തൃശൂരിലെ പ്രമുഖ ക്ഷേത്രങ്ങളിലും അദ്ദേഹം എത്തും. ”എല്ലാം തീരുമാനിച്ചു. ഇനി അമിത്ഷായുടെ പ്രഖ്യാപനം വരണമെന്ന് സുരേഷ് ഗോപി പ്രതികരിച്ചു.
2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ട് നില
എല്‍.ഡി.എഫ് – 3,89,209
യു.ഡി.എഫ് – 3,50,982
എന്‍.ഡി.എ – 1,02,681
2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടു നില
എല്‍.ഡി.എഫ് – 4,71,252
യു.ഡി.എഫ് – 3,48,628
എന്‍.ഡി.എ – 2,05,785