ന്യൂദല്‍ഹി: സുരേഷ്‌ഗോപി നാഷണല്‍ ഫിലിം ഡവലപ്‌മെന്റ് കോര്‍പറേഷന്റെ (എന്‍.എഫ്.ഡി.സി) ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കുമെന്ന വാര്‍ത്ത തെറ്റ്. ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് ഗവണ്‍മെന്റില്‍നിന്ന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു. വിവരാവകാശപ്രകാരം നല്‍കിയ ചോദ്യത്തിനാണ് മന്ത്രാലയം ഇങ്ങനെ മറുപടി നല്‍കിയത്. ചെയര്‍മാനായി ആരെയും നിയമിക്കുകയോ അതിനായി ചുരുക്കപ്പട്ടിക തയ്യാറാക്കുകയോ ചെയ്തിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കിയതായി ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ ദേശീയ ചലച്ചിത്ര വികസന സമിതി ചെയര്‍മാന്‍ പദവിയിലേക്ക് തന്നെ പരിഗണിച്ചതിന് തെളിവുണ്ടെന്ന് സുരേഷ് ഗോപി പറയുന്നു.
”എന്നെ വിളിപ്പിച്ചതിനും ഫോം അയച്ച് ഞാന്‍ ഒപ്പിട്ട് നല്‍കിയതിനും എന്റെ പക്കല്‍ തെളിവുകളുണ്ട്. കേന്ദ്രമന്ത്രിയുടെ ഓഫീസില്‍ നിന്ന് എന്നെ സമീപിക്കുന്നത് കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രാജീവ് നാഥ് വഴിയാണ്. രാജീവ് നാഥ് എന്നോട് പറഞ്ഞു കേന്ദ്രമന്ത്രിക്ക് വേണ്ടി പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ അന്നത്തെ ഡയറക്ടര്‍ ധന്‍രാജ് ആണ് രാജീവ് നാഥിനെ ബന്ധപ്പെട്ടത്. കേന്ദ്രമന്ത്രിക്ക് വേണ്ടി നിന്നെ വിളിക്കുന്നുണ്ടെന്ന് രാജീവ് നാഥ് എന്നെ അറിയിച്ചു. കേന്ദ്രമന്ത്രി രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ് ആണ് എന്നെ നേരിട്ട് വിളിച്ചത്. മന്ത്രി ആവശ്യപ്പെട പ്രകാരം മേയ് പതിനെട്ടിന് ഡല്‍ഹിയിലേക്ക പോയി. കേന്ദ്രമന്ത്രി റാത്തോഡിനൊപ്പം വാര്‍ത്താവിതരണ വകുപ്പിന്റെ ചുമതലയുള്ള അരുണ്‍ ജെയ്റ്റ്‌ലിയെ കാണുകയും ചെയ്തു. അവിടെ നിന്നാണ് എനിക്ക് എന്‍എഫ്ഡിസി ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാന്‍ താല്‍പ്പര്യമുണ്ടോ എന്ന് ചോദിച്ചത്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഞാന്‍ സമയം ആവശ്യപ്പെട്ടു. ആലോചിച്ചേ മറുപടി പറയാന്‍ പറ്റൂ എന്ന് മറുപടി നല്‍കി. ഞാന്‍ പിന്നീട് സ്ന്നദ്ധത അറിയിക്കുകയും ചെയ്തു. ഉത്തരവ് വന്നിട്ടില്ല എന്നത് ശരിയാണ് അറിയിപ്പ് ലഭിക്കുന്നതിന് ഞാനും വെയ്റ്റ് ചെയ്യുകയാണ് ”
എന്‍എഫ്ഡിസി ചെയര്‍മാന്‍ നിയമനം സംബന്ധിച്ച് മന്ത്രാലയത്തില്‍ ഉടന്‍ വിശദീകരണം ഉണ്ടാകുമെന്നാണ് അറിയുന്നതെന്നും സുരേഷ് ഗോപി പറയുന്നു ”
താന്‍ എന്‍.എഫ്.ഡി.സി ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാന്‍ പോകുകയാണെന്ന് സുരേഷ്‌ഗോപി തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചിരുന്നത്. ഈ വര്‍ഷം മേയില്‍ നടത്തിയ ദല്‍ഹി സന്ദര്‍ശനത്തില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, വാര്‍ത്താവിതരണ പ്രക്ഷേപണവകുപ്പ് മന്ത്രി രാജ്യവര്‍ദ്ധന്‍ സിങ് റാത്തോര്‍ എന്നിവരെക്കണ്ട് ഇക്കാര്യം ചര്‍ച്ച ചെയ്തതായും അദ്ദേഹം പറഞ്ഞിരുന്നു. ഔദ്യോഗിക അറിയിപ്പ് പുറകെ വരുമെന്നായിരുന്നു അന്ന് അറിയിച്ചത്.30 കോടിയുടെ കേന്ദ്രധനസഹായം നല്‍കാമെന്ന് ജെയ്റ്റ്‌ലി ഉറപ്പു തന്നതായും ഈ തുക ഇന്ത്യയെ ‘ഷൂട്ടിങ് ഹബ്ബ്’ ആക്കിമാറ്റാന്‍ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ യാതൊരു നീക്കവും നടക്കാത്തത് എന്തുകൊണ്ടാണെന്ന് തനിക്കറിയില്ലെന്ന് ഈയിടെ സുരേഷ്‌ഗോപി അറിയിച്ചിരുന്നതാണ്. ഇതിനിടെയാണ് ഈ വാര്‍ത്ത പുറത്തുവരുന്നത്.അതേസമയം സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലില്ലാതെ സുരേഷ് ഗോപി, ബി.ജെ.പി കേന്ദ്രനേതൃത്വവുമായി ചര്‍ച്ച നടത്തിയതിനാല്‍ സംസ്ഥാനനേതാക്കള്‍ ഇടയ്ക്കുകയറി കളിച്ചതാവാം ഇത്തരമൊരു ആശയക്കുഴപ്പത്തിനു കാരണമെന്നാണ് കരുതപ്പെടുന്നത്.