വട്ടവട: അഭിമന്യുവിന്റെ വിയോഗത്തിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാനെത്തിയ സുരേഷ് ഗോപി സെല്‍ഫി വിവാദത്തില്‍ കുടുങ്ങി. വേദന തങ്ങിനില്‍ക്കുന്ന വട്ടവടയിലെ കോളനിയുടെ ഇടനാഴികളില്‍ സുരേഷ്‌ഗോപി എംപി താരപ്പകിട്ടോടെ ജനങ്ങള്‍ക്കൊപ്പം ചിരിച്ചു പിടിച്ചു സെല്‍ഫികളെടുത്തുകൂട്ടിയതാണ് വിമര്‍ശനത്തിന് കാരണമായത്. ആശ്വസിപ്പിക്കാനെത്തിയവര്‍ വട്ടവടക്ക് വിനോദയാത്ര വന്നപോലെയാണു പെരുമാറിയതെന്ന് അഭിമന്യുവിന്റെ സുഹൃത്തുക്കള്‍ ആരോപിച്ചു. സമൂഹമാധ്യമങ്ങളിലും സുരേഷ് ഗോപിയുടെ സന്ദര്‍ശന ചിത്രങ്ങള്‍ രോഷത്തിനും പ്രതിഷേധത്തിനും കാരണമായി. താരം കാണിച്ചത് ഔചിത്യമില്ലായ്മയാണെന്നാണു വിമര്‍ശനം.
അഭിമന്യുവിന്റെ രാഷ്ട്രീയം എന്തുമായിക്കൊള്ളട്ടെ, ആ മരണം രാജ്യത്തിന്റെ വര്‍ഗീയതയ്‌ക്കെതിരെയുള്ള ബലിയായിരുന്നെന്നു സുരേഷ് ഗോപി പറഞ്ഞു. വട്ടവട പഞ്ചായത്തില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ പശ്ചാത്തലം അനുവദിക്കുകയാണെങ്കില്‍ വട്ടവട സ്‌കൂള്‍ നവീകരണത്തിന് വേണ്ടി എംപി ഫണ്ടില്‍ നിന്ന് പണമനുവദിക്കും. അഭിമന്യു ഡ്രിങ്കിങ് വാട്ടര്‍ പ്രൊജക്ട് എന്ന പേരില്‍ വട്ടവടയിലെ നാനൂറോളം കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കാനും സഹായിക്കുമെന്നു സുരേഷ്‌ഗോപി പറഞ്ഞു.