
കൊച്ചി: ബിജെപിക്കെതിരെ പാര്‍ട്ടി പ്രവവര്‍ത്തകര്‍ തന്നെ ആരോപണങ്ങളുമായി രംഗത്ത്. കേരളത്തിലെത്തിയ കേന്ദ്രമന്ത്രിയെ കാണാനില്ലെന്ന് ആരോപണത്തിലാണ് ബിജെപി പെട്ടിരിക്കുന്നത്. കേന്ദ്രമന്ത്രി സുരേഷ് പ്രഭുവിനെയാണ് ബിജെപി പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടു പോയത്. എറണാകുളം ജില്ലയിലെ ഒരുവിഭാഗം ബിജെപി പ്രവര്‍ത്തകരാണ് ആരോപണവുമായി രംഗത്തുവന്നത്.
കൊച്ചിയിലെത്തിയ കേന്ദ്രമന്ത്രി സുരേഷ് പ്രഭുവിനെ ജില്ലാ നേതാക്കള്‍ അറിയാതെ നഗരത്തിനുപുറത്തുള്ള റിസോര്‍ട്ടിലെത്തിച്ചത് മൂന്നുകോടി രൂപയോളം വരുന്ന ഇടപാടിന് കളമൊരുക്കാനാണെന്നാണ് ആക്ഷേപം. നരേന്ദ്ര മോദി സര്‍ക്കാരിന്റെ വാര്‍ഷികാഘോഷത്തിനെത്തിയ കേന്ദ്രമന്ത്രിയെയാണ് നഗരത്തിനു പുറത്തുള്ള റിസോര്‍ട്ടിലേക്ക് കൊണ്ടുപോയത്. നഗരത്തിലുള്ള ടൂറിസ്റ്റ്ഹോമില്‍ മുറിയെടുത്ത് ജില്ലാ ഭാരവാഹികള്‍ സ്വീകരണത്തിന് തയ്യാറായിരിക്കുമ്പോഴാണ് രണ്ടുപേരുടെ നേതൃത്വത്തില്‍ കേന്ദ്രമന്ത്രിയെ തട്ടിയെടുത്തത്.
റെയില്‍വേ ക്യാന്റീന്‍ നടത്തിപ്പ്, സ്ഥലംമാറ്റങ്ങള്‍ തുടങ്ങിയ അക്ഷയഖനികളില്‍ കണ്ണുനട്ടാണിതെന്ന് എതിര്‍പക്ഷം ആരോപിക്കുന്നതായും ചില മാധ്യമങ്ങള്‍ പറയുന്നു. ജില്ലയിലെ ഭാരവാഹികളെ നിശ്ചയിക്കാന്‍ ആര്‍എസ്എസിന്റെ സമ്പൂര്‍ണ നിയന്ത്രണത്തില്‍ കഴിഞ്ഞദിവസം ചര്‍ച്ച നടന്നിരുന്നു. എറണാകുളം മണ്ഡലത്തില്‍ തെരഞ്ഞെടുപ്പിന് കേന്ദ്രനേതൃത്വം നല്‍കിയ 50 ലക്ഷം രൂപയില്‍ നേര്‍പകുതി മണ്ഡലത്തില്‍ എത്തിയില്ലെന്ന ആക്ഷേപം പാര്‍ട്ടിക്കുള്ളില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവച്ചിരുന്നു.