സ്വന്തം ലേഖകൻ
ഡബ്ലിൻ: അയർലൻഡിൽ വിദ്യാഭ്യാസത്തിനായി എത്തിയ വിദ്യാർഥികൾക്കു സന്തോഷ വാർത്തയുമായി സർക്കാർ രംഗത്ത്. സർക്കാർ പുതിയ നിയമം പാസാക്കുന്നതാണ് ഇപ്പോൾ ഇന്ത്യൻ വിദ്യാർഥികൾക്കു ആശ്വാസമായിരിക്കുന്നത്.പോസ്റ്റ്ഗ്രാജ്വേഷൻ പഠിക്കാനെത്തി, പഠനം കഴിഞ്ഞും രണ്ട് വർഷം വരെ വിദ്യാർത്ഥികൾക്ക് അയർലണ്ടിൽ തന്നെ താമസിക്കാമെന്ന സർക്കാരിന്റെ പുതിയ നിയമം ഉടൻ പ്രാബല്യത്തിൽ വരും.
തേർഡ് ലെവൽ ഗ്രാജ്വേറ്റ് സ്‌കീം എന്നറിയപ്പെടുന്ന പദ്ധതി യൂറോപ്യൻ യൂണിയൻ, യൂറോപ്യൻ എക്കണോമിക് ഏരിയ എന്നിവയ്ക്ക് പുറത്തുള്ള വിദ്യാർത്ഥികൾക്ക് ബാധകമാണ്. ഇത് പ്രകാരം ഇവർക്ക് ആഴ്ചയിൽ 40 മണിക്കൂർ വരെ ഇവിടെ ജോലി ചെയ്യാം.പഠനകാലത്തും 20 മണിക്കൂർ വരെ ജോലി ചെയ്യാനാവും.
ഇതിനൊപ്പം രണ്ട് വർഷത്തിനു ശേഷം ഇവർക്ക് ഇവിടെ ഗ്രീൻ കാർഡിനോ, വർക്ക് പെർമിറ്റിനോ അപേക്ഷിക്കുകയും ചെയ്യാം. മുമ്പ് പഠനശേഷം 12 മാസം വരെ ഇവിടെ തുടരാം എന്നായിരുന്നു നിയമം. മാസ്റ്റേഴ്‌സ് ഡിഗ്രി, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ, ഡോക്ടറൽ ഡിഗ്രി, ഹയർ ഡോക്ടറേറ്റ് എന്നീ കോഴ്‌സുകൾ പഠിക്കുന്ന വിദേശ വിദ്യാർത്ഥികൾക്കാണ് ഈ നിയമം സഹായകരമാകുക.
ഇതേ വരെ ഒരുവർഷം മാത്രമുണ്ടായിരുന്ന സ്റ്റേ ബാക്ക് ഓപ്ഷൻ രണ്ടു വർഷമാക്കിയായതോടെ ഇന്ത്യയിൽ നിന്നടക്കമുള്ള വിദേശ വിദ്യാർത്ഥികളുടെ പ്രവാഹം തന്നെ അയർലണ്ടിലേക്ക് ഉണ്ടാകും.ബ്രിട്ടൻ നിയന്ത്രണങ്ങൾ ശക്തമാക്കിയതോടെ കഴിഞ്ഞ വർഷം മുതൽ തന്നെ അയർലണ്ടിലേക്കുള്ള പഠിതാക്കളുടെ എണ്ണം കൂടിയിരുന്നു. ലോകോത്തരമായ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും,കോഴ്‌സുകളും അയർലണ്ടിനെ ഇന്ത്യൻ വിദ്യാർഥികൾക്ക് പ്രിയങ്കരമാക്കുന്നു.താമസസൗകര്യങ്ങളുടെ അഭാവവും,ജോലി കണ്ടെത്താനുള്ള വൈഷമ്യവും പരിഹരിച്ച് കൂടുതൽ വിദ്യാർഥികളെ എത്തിക്കാനുള്ള നയങ്ങളുടെ ഭാഗമാണ് പുതിയ നയഭേദഗതി.