പോലീസിനെ ഒഴിവാക്കി,തിരുവനന്തപുരത്തെ കസ്റ്റംസ് ഓഫിസിൽ സിആർപിഎഫിനെ വിന്യസിച്ചു.സ്വപ്‌ന കേരളം കടന്നതെങ്ങനെ? എസ്കോർട്ട് പോയത് ആരൊക്കെ? സ്വാധീനം ചെലുത്തിയതിന് പിന്നിൽ ആര്?

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിനേയും സന്ദീപ് നായരേയും ദേശീയ അന്വേഷണ ഏജന്‍സി ബെംഗളൂരുവില്‍ നിന്ന് പിടികൂടി കഴിഞ്ഞു. കേസിലെ നിര്‍ണായക വഴിത്തിരിവാണിത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തു് വരാനിരിക്കയാണ്.  സ്വപ്‌ന സുരേഷും സന്ദീപ് നായരും പിടിയിലാകുന്നത് ബെംഗളൂരുവില്‍ നിന്നാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്‍ഐഎ സംഘമാണ് ഇവരെ പിടികൂടിയത്. ജൂലായ് 12 ന് ഉച്ചയോടെ രണ്ട് പേരേയും കൊച്ചിയിലേക്ക് കൊണ്ടുവരും എന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേ സമയം കേസിലെ പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും പിടിയിലായതോടെ തിരുവനന്തപുരത്തെ കസ്റ്റംസ് ഓഫിസിന്റെ സുരക്ഷ വർധിപ്പിച്ചു. ഓഫിസിന്റെ സുരക്ഷ പൂർ‌ണമായും അർധസൈനിക വിഭാഗമായ സിആർപിഎഫിന്റെ പരിധിയിലാക്കി. പ്രത്യേക സുരക്ഷ ഒരുക്കുന്നതിനായി 15 പേർ അടങ്ങുന്ന സേന അംഗങ്ങൾ കസ്റ്റംസ് ഓഫിസിൽ എത്തി. കൊച്ചിയിലെ കസ്റ്റംസ് ഓഫിസിലും സമാന രീതിയിൽ സുരക്ഷ ഒരുക്കുമെന്നാണ് വിവരം.

സംസ്ഥാന പൊലീസിനു പകരം സിആർപിഎഫിനു സുരക്ഷാ ചുമതല നൽകിയതിൽ ചോദ്യങ്ങൾ ഉയർന്നെങ്കിലും കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് കേന്ദ്രത്തിന്റെ തന്നെ കീഴിലുള്ള അർധസൈനിക വിഭാഗത്തിന് സുരക്ഷാചുമതല നൽകുകയാണ് കീഴ്‌വഴക്കമെന്ന് അധികൃതർ അറിയിച്ചു. കേസിൽ നിന്ന് പൊലീസിനെ പൂർണമായും ഒഴിവാക്കുന്നതിനാണ് സിആർപിഎഫിനെ വിന്യസിച്ചതെന്നായിരുന്നു ആക്ഷേപം.

കേസ് അന്വേഷണം നടത്തുന്ന എൻഐഎ ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവർക്ക് സുരക്ഷ വർധിപ്പിക്കാൻ ശനിയാഴ്ച വൈകിട്ടോടെ തീരുമാനിച്ചിരുന്നു. രാജ്യാന്തര ഭീകര സംഘടനകളുടെ ഇടപെടൽ ഉൾപ്പടെയുള്ള വിവരങ്ങൾ അന്വേഷണ പരിധിയിൽ വരുന്നതിനാൽ പ്രതികളുടേയും അന്വേഷണ ഉദ്യോഗസ്ഥരുടേയും ജീവന് ഭീഷണി ഉണ്ടാകുമെന്നുമാണ് വിലയിരുത്തൽ.

Top