കൊച്ചി:സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ ലോക്കറില്‍നിന്ന് ഒരു കിലോ സ്വര്‍ണവും ഒരു കോടി രൂപയും പിടിച്ചെടുത്തതായി എന്‍ഐഎ. റിമാന്‍ഡ് കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് എന്‍ഐഎ കോടതിയില്‍ ഇന്നലെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വീട്ടിലും ലോക്കറിലും നടത്തിയ പരിശോധനയിലാണു പണവും സ്വര്‍ണവും പിടിച്ചെടുത്തത്. ഇവ വിവാഹത്തിനു ദുബായിയിലെ ഷേക്ക് സമ്മാനിച്ചതാണെന്നാണു സ്വപ്നയുടെ അഭിഭാഷകന് കോടതിയെ അറിയിച്ചത്.
നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തിനായി കഴിഞ്ഞ ഒരു വർഷത്തിനിടെ സമാഹരിച്ചത് 100 കോടിയോളം രൂപയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). കള്ളപ്പണ ഇടപാട് നടത്തിയവരുടെ വിവരങ്ങൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശേഖരിച്ചു. നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തിന്റെ മറവിൽ വ്യാപകമായി കള്ളപ്പണ, ഹവാല ഇടപാടുകൾ നടന്നു.
വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തത്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ച ഇഡി പ്രാഥമിക ഘട്ടത്തിൽ തന്നെ കണ്ടെത്തിയതു ഞെട്ടിക്കുന്ന വിവരങ്ങൾ ആയിരുന്നു. സ്വപ്നയെയും സന്ദീപിനെയും സരിത്തിനെയും കസ്റ്റഡിയിൽ വേണം എന്നാവശ്യപെട്ട് ഇഡി എൻഐഎ കോടതിയിൽ അപേക്ഷ സമർപ്പിച്ചു.
ഇവരെ ചോദ്യം ചെയ്‌താൽ മാത്രമേ പണം ഇടപാടിന്റെ വിവരങ്ങൾ ലഭിക്കുകയുള്ളൂവെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. എൻഐഎയുടെ കസ്റ്റഡിക്കാലാവധി അവസാനിച്ചതോടെ ഒന്നാം പ്രതി സരിത്തിനെ അടുത്തമാസം 21 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. വെള്ളിയാഴ്ചയും വ്യാഴാഴ്ചയും കസ്റ്റംസ് ഉദ്യോഗസ്ഥർ എൻഐഎ ഓഫിസിൽ എത്തി പ്രതികളെ ചോദ്യം ചെയ്തു.
സ്വപ്നയുടെയും സന്ദീപ് നായരുടെയും കസ്റ്റഡി കാലാവധി പൂര്‍ത്തിയായതിനെത്തുടര്‍ന്ന് ഇരുവരെയും ഇന്നലെ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇവരുടെ റിമാന്‍ഡ് കാലാവധി ഓഗസ്റ്റ് 21 വരെ എന്‍ഐഎ കോടതി നീട്ടി.കസ്റ്റഡിയില്‍ കടുത്ത മാനസിക സമ്മര്‍ദം മൂലമാണ് മൊഴി നല്‍കിയതെന്നു സ്വപ്ന കോടതിയിൽ പറഞ്ഞു. ഈ വാദം എന്‍ഐഎ നിഷേധിച്ചു. ജയിലില്‍ വച്ച് കുട്ടികളെ കാണാന്‍ അനുവദിക്കണമെന്ന സ്വപ്നയുടെ ആവശ്യം കോടതി അനുവദിച്ചു. അഭിഭാഷകന് മുഖേന സ്വപ്ന സുരേഷ് എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജി ബുധനാഴ്ച പരിഗണിക്കും.
കേസില്‍ യുഎപിഎ നിലനില്‍ക്കില്ലെന്നും ഈ കേസിനു തീവ്രവാദ സ്വഭാവമില്ലെന്നുമുള്ള വാദമാണ് സ്വപ്നയുടെ അഭിഭാഷക ജാമ്യഹര്‍ജിയില്‍ ഉന്നയിച്ചത്. നേരത്തെ എൻഐഎ അറസ്റ്റ് ചെയ്ത സ്വപ്നയുടെയും സന്ദീപിന്റെയും അറസ്റ്റ് കസ്റ്റംസ് ഇന്നലെ രേഖപ്പെടുത്തി. ഇരുവരെയും ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വേണമെന്നു കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്.
കള്ളക്കടത്തിലെ പങ്കും സന്ദീപുമായും സരിത്തുമായും നടത്തിയ ഗൂഢാലോചനകളും വ്യക്തമാക്കി.സരിത്ത് ബാഗ് കൈമാറിയ സ്ഥലം ചൂണ്ടിക്കാട്ടി. ഗൂഢാലോചന നടത്തിയ സ്ഥലങ്ങളും വെളിപ്പെടുത്തി. മറ്റു പ്രതികളുമായി ചാറ്റ് പ്ളാറ്റ്ഫോമുകളിലൂടെയാണ് സന്ദേശങ്ങൾ കൈമാറിയതെന്ന് വെളിപ്പെടുത്തി.മൂവരെയും ആഗസ്റ്റ് 21 വരെ റിമാൻഡ് ചെയ്തു.