കൊച്ചി: സ്വർണക്കടത്ത് കേസിൽ ആർഎസ്‌എസ് ചാനൽ ജനം ടിവി മേധാവി അനിൽ നമ്പ്യാരെ ചോദ്യം ചെയ്‌തതോടെ ഉന്നത ബിജെപി നേതാക്കളും സംശയനിഴലിൽ ആയിരിക്കയാണ് . മുഖ്യപ്രതി സ്വപ്‌ന സുരേഷ് അടക്കമുള്ളവരുമായി ബിജെപി നേതാക്കൾക്കുള്ള അടുത്ത ബന്ധം സംബന്ധിച്ച് അന്വേഷണസംഘത്തിന് നിർണായക വിവരങ്ങൾ കിട്ടിയതായി സൂചനയുണ്ട്. സ്വപ്‌ന സുരേഷിന്റെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിലാണ് അനിൽ നമ്പ്യാരെ അന്വേഷണസംഘം ചോദ്യംചെയ്‌തത്. യുഎഇ കോൺസുലേറ്റ് ഉന്നതരെ ബിജെപിയുമായി അടുപ്പിച്ചത് താൻ പറഞ്ഞത് പ്രകാരമാണെന്ന സ്വപ്‌നയുടെ മൊഴി അനിൽ നമ്പ്യാർ ശരിവച്ചു.
യുഎഇയിലേക്കുള്ള യാത്രാ വിലക്ക് നീക്കാൻ സഹായം ചോദിച്ച് സമീപിച്ചപ്പോൾ തുടങ്ങിയ സൗഹൃദമാണ് മാധ്യമപ്രവർത്തകനായ അനിൽ നമ്പ്യാരുമായി ഉള്ളതെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. കസ്റ്റംസിന് സ്വപ്ന നൽകിയ മൊഴിയുടെ വിശദാംശങ്ങൾ ഞെട്ടിക്കുന്നതാണ് .അനിൽ നമ്പ്യാരുമായി രണ്ടുവർഷത്തെ സൗഹൃദമുണ്ടെന്നാണ് സ്വപ്ന മൊഴിയിൽ പറയുന്നുത്.
സ്വപ്ന നൽകിയ മൊഴിയുടെ പ്രസക്ത ഭാഗങ്ങൾ
”അനിൽ നമ്പ്യാർക്ക് യുഎഇയിൽ വഞ്ചനാകേസ് നിലവിലുണ്ടായിരുന്നു. അതിനാൽ യുഎഇ സന്ദർശിച്ചാൽ അറസ്റ്റ് ഉണ്ടാകുമോ എന്ന് നമ്പ്യാർ ഭയന്നിരുന്നു. ആ കാലയളവില്‍ ജയിലിലായിരുന്ന അറ്റ്ലസ് രാമചന്ദ്രന്റെ അഭിമുഖത്തിനായി ദുബായിലേക്ക് പോകാൻ അനിൽ നമ്പ്യാർ ആഗ്രഹിച്ചിരുന്നു. യാത്രാനുമതി ലഭിക്കാൻ മാർഗം തേടി സരിത്തിനെ (സ്വർണക്കടത്ത് കേസിലെ ഒന്നാം പ്രതി) അനിൽ നമ്പ്യാർ സമീപിച്ചു. സരിത്ത് തന്നെ വിളിക്കാൻ നിർദ്ദേശിച്ചു. അതനുസരിച്ച് തന്നെ അനിൽ നമ്പ്യാർ വിളിച്ചു. കോൺസലേറ്റ് ജനറൽ വഴി യാത്രാനുമതി ശരിയാക്കി നൽകി. അതിന് ശേഷം ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്.
2018ൽ താജ് ഹോട്ടലിൽ അത്താഴ വിരുന്നിനായി അനിൽ നമ്പ്യാർ തന്നെ വിളിച്ചു. അവിടെ വെച്ച് ഒരുമിച്ച് മദ്യവും കഴിച്ചു. അന്ന് യുഎഇയിലെ നിക്ഷേപങ്ങളെക്കുറിച്ച് നമ്പ്യാർ തന്നോട് അന്വേഷിച്ചു. ബിജെപിക്കു വേണ്ടി യുഎഇ കോൺസുലേറ്റിൻ്റെ സഹായങ്ങളും അഭ്യർത്ഥിച്ചു. അദ്ദേഹത്തിന്റെ ഒരു സുഹൃത്തിന്റെ കടയുടെ (തിരുവനന്തപുരത്തെ ടൈൽ കട) ഉദ്ഘാടനത്തിന് യുഎഇ കോൺസൽ ജനറലിനെ കൊണ്ടുവരാൻ കഴിയുമോ എന്നും ആരാഞ്ഞു, താൻ അത് ഏറ്റു.
അതിന് ശേഷം ഈ സ്ഥാപനത്തിന്റെ ഉദ്ഘാടത്തിന് വീണ്ടും തമ്മിൽ കണ്ടു. ഉദ്ഘാടനത്തിന് എത്തിയ കോൺസൽ ജനറലിന് എന്ത് സമ്മാനം കൊടുക്കണം എന്ന് ചോദിച്ചു. ഇക്കാര്യം താൻ കോൺസൽ ജനറലിൻ്റെ ശ്രദ്ധയിൽ പെടുത്തി. മാക്ബുക്ക് സമ്മാനമായി നൽകാൻ അദ്ദേഹം ആവശ്യപ്പെട്ടു. കടയുടമ വഴി അത് സമ്മാനമായി നൽകുകയും ചെയ്തു.
ഇടക്ക് അനിൽ നമ്പ്യാർ സൗഹൃദം പുതുക്കാനായി തന്നെ വിളിക്കാറുണ്ടായിരുന്നു. സ്വർണ്ണക്കടത്ത് സംബന്ധിച്ച വാർത്ത ചാനലുകളിൽ വന്നപ്പോൾ കോൺസൽ ജനറൽ ദുബായിൽ നിന്ന് തന്നെ വിളിച്ചു. വാർത്ത തടയാൻ തൻ്റെ സഹായം അഭ്യർത്ഥിച്ചു. പക്ഷേ താൻ ഇക്കാര്യത്തിൽ നിസ്സഹായായിരുന്നു.
അഞ്ചാം തീയതി ഉച്ചയ്ക്ക് ഒളിവിൽ പോകാൻ തിരുവനന്തപുരത്തെ ഒരു അഭിഭാഷകൻ നിർദ്ദേശിച്ചു. അതിന് മുൻപ് അനിൽ നമ്പ്യാർ തന്നെ വിളിച്ചു. കസ്റ്റംസ് പിടിച്ചെടുത്ത സ്വർണം അടങ്ങിയ ബാഗേജ് ഡിപ്ലോമാറ്റിക് ബാഗേജ് അല്ലെന്നും വ്യക്തിപരമായ ബാഗേജ് ആണെന്നും കോൺസൽ ജനറലിനെക്കൊണ്ട് പ്രസ്താവന ഇറക്കാൻ നമ്പ്യാർ ആവശ്യപ്പെട്ടു. അനിൽ നമ്പ്യാരെ തിരിച്ചുവിളിച്ച് കോൺസൽ ജനറലിൻ്റെ പേരിൽ ഇപ്രകാരം ഒരു കത്ത് തയ്യാറാക്കി നൽകാൻ താൻ ആവശ്യപ്പെട്ടു. കത്ത് തയ്യാറാക്കി നൽകാം എന്ന് അനിൽ നമ്പ്യാർ അറിയിക്കുകയും ചെയ്തു.എന്നാൽ ആ സമയത്ത് ഞാൻ സ്വന്തം സുരക്ഷയെ കരുതിയുള്ള ആശങ്കയിലായിരുന്നു. അതിനാൽ ഇക്കാര്യം തുടർന്ന് അന്വേഷിക്കാൻ കഴിഞ്ഞില്ല”.
കസ്റ്റംസ് മൊഴി രേഖപ്പെടുത്തുന്നതിനിടെ അനിൽ നമ്പ്യാരുടെ ചിത്രം സ്വപ്ന സാക്ഷൃപ്പെടുത്തുകയും ചെയ്തു. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ അനിൽ നമ്പ്യാരെ കസ്റ്റ്ംസ് കഴിഞ്ഞ ദിവസം കൊച്ചിയിൽ വിളിച്ചുവരുത്തി വിവരങ്ങൾ ആരാഞ്ഞിരുന്നു.