യുഎസ് ആക്രമണം സിറിയയിൽ അധിനിവേശം നടത്താനുള്ള ശ്രമമെന്ന് റഷ്യ.ചേരിതിരിഞ്ഞ് ലോകരാജ്യങ്ങൾ‍; യുദ്ധഭീതി പരക്കുന്നു

ന്യൂയോർക്ക്: സിറിയയില്‍ യുഎസ് നടത്തിയ ആക്രമണത്തിന് ശക്മായ തിരിച്ചടി നല്‍കുമെന്ന് റഷ്യ വ്യക്തമാക്കി.സിറിയയ്ക്കുനേരെ യുഎസ്, ബ്രിട്ടിഷ്, ഫ്രഞ്ച് സേനകൾ നടത്തിയ സംയുക്ത മിസൈലാക്രമണത്തിനു പിന്നാലെ, യുദ്ധഭീതി ഉയർത്തി ലോകരാജ്യങ്ങൾ ചേരിതിരിയുന്നു. യുഎസും സഖ്യരാജ്യങ്ങളും നടത്തിയ ആക്രമണം സിറിയയുടെ പരമാധികാരത്തിനു മേലുള്ള കടന്നു കയറ്റമാണെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡിമിര്‍ പുടിന്‍ തുറന്നടിച്ചു. സിറിയയിൽ യുഎസും സഖ്യകക്ഷികളും നടത്തിയ വ്യോമാക്രമണത്തിനെതിരേ യുഎൻ രക്ഷാസമിതിയിൽ റഷ്യൻ പ്രമേയം. സിറിയയിൽ അധിനിവേശം നടത്താനുള്ള ശ്രമമാണ് യുഎസിന്‍റേത്. ആക്രമണത്തെ ലോകരാജ്യങ്ങൾ അപലപിക്കണമെന്നും റഷ്യ ആവശ്യപ്പെട്ടു. സിറിയയിൽ രാസായുധപ്രയോഗം നടന്നതിന് തെളിവില്ലെന്നും റഷ്യൻ പ്രതിനിധി രക്ഷാസമിതിയിൽ പറഞ്ഞു.

സിറിയയിലെ ആക്രമണത്തിനെതിരേ യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസും രംഗത്തെത്തി. സിറിയൻ ജനതയെ ദുരിതത്തിലാക്കുന്ന ഒരു നടപടിയും ഒരു അംഗരാജ്യവും ചെയ്യരുതെന്ന് ഗുട്ടെറസ് പറഞ്ഞു. സിറിയയിൽ രാസായുധ പ്രയോഗം നടന്നെങ്കിൽ അത് രാജ്യാന്തര ലംഘനമാണ്. എന്നാൽ സൈനിക നടപടി ഇതിന് പരിഹാരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.റഷ്യ ആവശ്യപ്പെട്ട പ്രകാരമാണ് യുഎൻ രക്ഷാസമിതി അടിയന്തരയോഗം ചേരാൻ തീരുമാനിച്ചത്. ഇതിനിടെ രാസായുധ ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാൻ രാജ്യാന്തര രാസായുധ സമിതിയുടെ സംഘം ഡമാസ്ക്കസിൽ എത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിനിടെ, സിറിയയിലെ ബോംബാക്രമണത്തില്‍ യുഎസുമായി സഹകരിച്ച ഫ്രാന്‍സിനും ബ്രിട്ടനും നന്ദി പറഞ്ഞ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ട്വീറ്റും പുറത്തുവന്നു. പദ്ധതി വിജയിച്ചെന്നും ഇതിലും മെച്ചപ്പെട്ട ഫലം ലഭിക്കാനില്ലെന്നും ഡോണള്‍ഡ് ട്രംപ് പറഞ്ഞു. സൈന്യത്തിന്റെ പ്രവര്‍ത്തനത്തില്‍ ഏറെ അഭിമാനിക്കുന്നെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.ആക്രമണത്തെ തുടര്‍ന്ന് ലോകരാജ്യങ്ങള്‍ ഇരുചേരിയിലുമായി നിലയുറപ്പിച്ചതിനു പിന്നാലെ യുഎൻ രക്ഷാസമിതി അടിയന്തര യോഗം ചേർന്നു. റഷ്യയുടെ പ്രത്യേക ആവശ്യപ്രകാരമാണിത്. യുഎസിന്റെയും സഖ്യരാഷ്ട്രങ്ങളുടെയും നടപടി സിറിയയുടെ പരമാധികാരത്തിനു മേലുള്ള കടന്നുകയറ്റമാണെന്ന റഷ്യൻ പ്രസിഡന്റിന്റെ വാക്കുകൾ റഷ്യൻ പ്രതിനിധി യോഗത്തിൽ ആവർത്തിച്ചു. സിറിയ രാസായുധം ഉപയോഗിച്ചതിനു തെളിവില്ലെന്നും റഷ്യ ചൂണ്ടിക്കാട്ടി.

ദമാസ്കസ് നഗരപ്രാന്തത്തിൽ വിമതരുടെ കേന്ദ്രമായ കിഴക്കൻ ഗൗട്ടയിലെ ദൗമ പട്ടണത്തിൽ കഴിഞ്ഞ ഏഴിനു സിറിയൻസേന നടത്തിയ വ്യോമാക്രമണത്തിനിടെ രാസായുധം പ്രയോഗിച്ചെന്നാരോപിച്ചാണു പാശ്ചാത്യസേനകളുടെ ആക്രമണം. ദൗമയിലെ രാസായുധപ്രയോഗം ബ്രിട്ടന്റെ സങ്കൽപസൃഷ്ടിയാണെന്നാണ് റഷ്യ ആരോപിക്കുന്നത്.

മഹായുദ്ധത്തിലേക്ക് ലോകത്തെ തള്ളിവിടരുതെന്നു പറഞ്ഞ റഷ്യയുടെ വാക്കുകള്‍ക്ക് വിലകൊടുക്കാതെയാണ് അമേരിക്ക ദമാസ്കസില്‍ ബോംബ് വര്‍ഷം നടത്തിയത്. ഇതോടെ, തങ്ങളും ശക്തരാണെന്ന് വെല്ലുവിളിച്ചുകൊണ്ട് റഷ്യയുെട പ്രതികരണമെത്തി തീവ്രവാദ വിരുദ്ധ പോരാട്ടത്തിന്റെ പേരില്‍ സിറിയയിലെ സാധാരണക്കാരെ കൊന്നൊടുക്കിയ അമേരിക്കന്‍ നടപടി മാപ്പര്‍ഹിക്കുന്നതല്ലെന്ന് പുടിൻ തുറന്നടിച്ചു.

അസദിന്റെ കീഴിലുള്ള സൈന്യത്തിന് പൂര്‍ണ പിന്തുണ നല്‍കി റഷ്യക്കൊപ്പം ഇറാനും ചേര്‍ന്നു. മൂന്നു വൻശക്തികളുടെയും ഭരണത്തലവൻമാരെ ‘കുറ്റവാളികൾ’ എന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി വിശേഷിപ്പിച്ചു. ചൈനയാണ് അമേരിക്കന്‍ ആക്രമണത്തിനെതിരെ രംഗത്തുവന്ന മറ്റൊരു വന്‍ശക്തി. അമേരിക്കയുടേത് യുദ്ധനിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് വ്യക്തമാക്കി.

അതേസമയം, ഫ്രാന്‍സിനു പുറമെ മറ്റു ചില നാറ്റോ സഖ്യരാജ്യങ്ങളും അമേരിക്കയ്ക്ക് പിന്തുണയുമായെത്തി. ഉചിതമായ സമയത്താണ് ആക്രമണം നടത്തിയതെന്ന് ജര്‍മനി പ്രതികരിച്ചു. തുര്‍ക്കിയും അമേരിക്കന്‍ ആക്രമണത്തെ അനുകൂലിച്ചു.

Top