കൊച്ചി: സീറോ മലബാര്‍ സഭയിലെ ഭൂമിയിടപാടില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന പരാതി ലഭിച്ചിട്ടും കേസെടുക്കാത്തതില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം. കേസെടുക്കുകയോ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയോ ചെയ്യാത്തതിലാണ് കോടതിയുടെ വിമര്‍ശനം.
സാധാരണയായി പരാതി ലഭിച്ചാല്‍ കേസെടുത്ത് എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതാണ് കീഴവഴക്കം. എന്നാല്‍ സഭയുടെ ഭൂമി ഇടപാടില്‍ മാത്രം പോലീസ് കേസെടുക്കാത്തത് എന്തുകൊണ്ടാണെന്നും ഹൈക്കോടതി ചോദിച്ചു. സീറോ മലബാര്‍ സഭയുടെ ഭൂമി ഇടപാട് കേസ് ഒരു സിവില്‍ കേസാണെന്നും ഇതില്‍ പോലീസ് ഇടപെടേണ്ട കാര്യമില്ലെന്നുമാണ് സര്‍ക്കാര്‍ കോടതിയില്‍ നിലപാടെടുത്തത്. ഈ നിലപാടിനെയാണ് ജസ്റ്റിസ് കമാല്‍ പാഷ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്.
ഇത് ഒരു സിവില്‍ കേസായി കണക്കാക്കാന്‍ സാധിക്കില്ല. ക്രിമിനല്‍ സ്വഭാവമുള്ള സാമ്പത്തിക തട്ടിപ്പാണ് ഇവിടെ നടന്നിരിക്കുന്നത്. കേസില്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യാത്ത അന്വേഷണ ഉദ്യോഗസ്ഥനെതിരേ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും കോടതി അറിയിച്ചു.
അതേസമയം, സീറോ മലബാര്‍ സഭയെയും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെയും പ്രതിരോധത്തിലാക്കുന്നതായിരുന്നു ഇടനിലക്കാരന്റെ മൊഴി. ഭൂമി ഇടപാടിനെ തുടര്‍ന്ന് താന്‍ 3.90 കോടി രൂപ സഭയ്ക്ക് കൈമാറിയെന്നായിരുന്നു സജു വര്‍ഗീസ് കോടതിയെ അറിയിച്ചത്.
ഭൂമി ഇടപാടിന്റെ ഭാഗമായി തന്റെ കൈയില്‍ നിന്ന് പണം ലഭിച്ചെന്ന് കര്‍ദിനാള്‍ ഉള്‍പ്പെടെയുള്ളവര്‍ സാക്ഷ്യപ്പെടുത്തിയ കരാറുണ്ടെന്നും, തനിക്ക് ഇനി സഭയുമായി യാതൊരു സാമ്പത്തിക ഇടപാടും ഇല്ലെന്നും സജു കോടതിയെ അറിയിച്ചു.
ഭൂമി ഇടപാടിലെ പണം ബാങ്ക് ഇടപാടിലൂടെ പൂര്‍ണമായും കൈമാറ്റ് ചെയ്തെന്ന് ഇടനിലക്കാരന്‍ കോടതി അറിയിക്കുകയും പണം ലഭിച്ചിട്ടില്ലെന്ന് സഭ വ്യക്തമാക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഹൈക്കോടതി അന്വേഷണം ആവശ്യമാണെന്ന് നിലപാടെടുത്തത്.